'തിരുവനന്തപുരത്തെ ഓട്ടോക്കാരേ ഹൃദയംകൊണ്ടു ചേർത്തുപിടിക്കുന്നു; മനസ്സിലെപ്പോഴെങ്കിലും തോന്നി പോയ പൊതുബോധ ബാധയ്ക്ക് മാപ്പ്'
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർമാരുടെ നന്മ നിറഞ്ഞ ഹൃദയത്തെ കുറിച്ചുള്ള ഈ കുറിപ്പ് കാലങ്ങളായി പ്രചരിക്കുന്ന പൊതുബോധത്തെ തകർക്കുന്നതാണ്.
ഓട്ടോറിക്ഷാ ഡ്രൈവർ കുറ്റം കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവർ ആയിരിക്കും. പ്രത്യേകിച്ചും തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർമാർ. സമൂഹമാധ്യമങ്ങളിൽ വരുന്ന കുറിപ്പുകളെല്ലാം ഓട്ടോ ഡ്രൈവർമാർക്കെതിരെ മുൻവിധിയോടെയുള്ളതാണ്. എന്നാൽ തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർമാരുടെ നന്മ നിറഞ്ഞ ഹൃദയത്തെ കുറിച്ചുള്ള ഈ കുറിപ്പ് കാലങ്ങളായി പ്രചരിക്കുന്ന പൊതുബോധത്തെ തകർക്കുന്നതാണ്. തിരുവനന്തപുരത്തെത്തിയയാൾക്ക് ഓട്ടോറിക്ഷയിൽ ബാഗ് നഷ്ടമാകുന്നതും പൊലീസ് പോലും 'ഇഴച്ചിൽ' നയം സ്വീകരിച്ചപ്പോൾ കളഞ്ഞുകിട്ടിയ ബാഗ് ഉടമയെ തിരിച്ചേൽപ്പിച്ച ഷൺമുഖൻ എന്ന ഡ്രൈവറെ കുറിച്ചുമാണ് ഈ ഫേസ്ബുക്ക് കുറിപ്പ്. കെ എ ഷെഫീഖ് എന്നയാളാണ് തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർമാരെ കുറിച്ച് ഹൃദയകാരിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
Also Read- Burevi Cyclone| ബുറെവി ചുഴലിക്കാറ്റ് കേരളത്തിലേക്കു വരുമോ? കേരളത്തിൽ എന്തൊക്കെ കരുതൽ വേണം?
കുറിപ്പ് ഇങ്ങനെ
തിരുവനന്തപുരത്ത് വന്നിറങ്ങുന്ന യാത്രികരിൽ അധികം പേരും കുറ്റം പറയുന്ന ഒരു പറ്റം മനുഷ്യരാണ് ഇവിടുത്തെ ഓട്ടോ റിക്ഷാ തൊഴിലാളികൾ. എന്നാൽ അവർ എത്രത്തോളം നന്മ സൂക്ഷിക്കുന്നവരാണ് എന്ന നേരനുഭവം ഇന്നെനിക്കുണ്ടായി. പുലർച്ചെ 3.15നാണ് എറണാകുളത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസ്സിൽ തമ്പാനൂർ സ്റ്റാൻഡിൽ ബസ് ഇറങ്ങിയത്.
advertisement
പാർട്ടി ഓഫീസിലേക്ക് പോകാൻ നേരെ മുന്നിലുള്ള മസ്ജിദ് റോഡിലെ പ്രീപെയ്ഡ് സ്റ്റാൻഡിൽ നിന്നാണ് ഓട്ടോ വിളിച്ചത് (പ്രീ പെയ്ഡ് കൗണ്ടർ അടഞ്ഞ് കിടക്കുകയായിരുന്നു.) രാവിലെ 8 മണിക്ക് പതിവായി കഴിക്കേണ്ട മരുന്നു എടുക്കാൻ നോക്കുമ്പോഴാണ് ചെറിയ ഹാൻഡ് ബാഗ് കാണാനില്ല. ആകെ കൺഫ്യൂഷൻ. ബാഗ് കൊണ്ടുവന്നിരുന്നോ അതോ നഷ്ടപ്പെട്ടോ. അൽപ്പം അന്വേഷണത്തിന് ശേഷം ബാഗ് നഷ്ടപ്പെട്ടു എന്ന് തീർച്ചയാക്കി.
എന്തായാലും ഓട്ടോ സ്റ്റാൻഡിൽ ഒന്നു പോയി നോക്കാം എന്നു കരുതി അവിടെയെത്തി ബാഗ് നഷ്ടപ്പെട്ട വിവരം ഓട്ടോ തൊഴിലാളികളോട് പറഞ്ഞു. രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്നവർ എല്ലാം പോയി അവർ ഇനി വൈകുന്നേരമേ എത്തു ഞങ്ങൾ അന്വേഷിക്കാം എന്നവർ പറഞ്ഞു. സ്റ്റാൻഡിലെ സ്ഥിരം ഓട്ടോ അല്ലാത്ത വണ്ടികളും രാത്രി ഓടാറുണ്ട് അതാണ് എങ്കിൽ കണ്ടെത്താൻ പ്രയാസമാണ് എന്ന് കൂട്ടത്തിൽ അവർ പറഞ്ഞു. എന്റെ ഫോൺ നമ്പറും മറ്റു വിവരങ്ങളും അവർ വാങ്ങി വെച്ചു. അതോടൊപ്പം ബസ് സ്റ്റാൻഡിൽ എത്തി ബസ് കണ്ടക്ടറുടെ നമ്പറിൽ വിളിച്ചു ബാഗ് കിട്ടിയിരുന്നോ എന്നന്വേഷിച്ചു എങ്കിലും ഇല്ല എന്നായിരുന്നു മറുപടി.
advertisement
ഏതായാലും ഒരു പരാതി കൊടുത്തേക്കാം എന്ന് കരുതി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി വിഷയം ധരിപ്പിച്ചു. കാര്യങ്ങൾ പതിവിൻപടി. അത്രയും പ്രധാനപ്പെട്ട ഭാഗത്ത് സിസിടിവി ഇല്ലെത്രെ. എന്നാലും പരാതി നൽകാൻ തന്നെ തീരുമാനിച്ചു.ഓഫീസിൽ മടങ്ങി എത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഫോൺ വന്നു. സഞ്ചരിച്ച ഓട്ടോ അവർ കണ്ടെത്തിയിരിക്കുന്നു. ഡ്രൈവറെ വിളിച്ചു ബാഗ് അദ്ദേഹത്തിന്റെ കൈവശം ഉണ്ട്. സ്റ്റാൻഡിൽ വന്നാൽ ബാഗ് തരാം എന്ന ആഹ്ളാദകരമായ വിവരം അവർ അറിയിച്ചു.
advertisement
വേഗത്തിൽ സ്റ്റാൻഡിൽ എത്തി അവിടെയുള്ള പ്രായമായ ഒരാൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് ഡ്രൈവറെ വിളിച്ചു തന്നു . അദ്ദേഹവുമായി സംസാരിച്ചു. എന്നെയിറക്കി അയാൾ വീട്ടിലേക്കാണ് പോയത്. (അതും ഭാഗ്യം). വീട്ടിൽ എത്തിയപ്പോഴാണ് പിറകിലെ സീറ്റിൽ ബാഗ് ഇരിക്കുന്നത് ശ്രദ്ധയിൽ പ്പെട്ടത്. ബാഗ് എടുത്ത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. രാവിലെ തന്നെ അദ്ദേഹം ഞാനിറങ്ങിയ സ്ഥലം ഉൾപ്പെടുന്ന തമ്പാനൂർ വാർഡ് കൗൺസിലറെ വിളിച്ചു ബാഗ് കിട്ടിയ വിവരം പറയുകയും പരിസരത്ത് അറിയിക്കാൻ ഏൽപ്പിക്കുകയും ചെയ്തെത്രെ. ചെറിയ രീതിയിൽ അന്വേഷിച്ചു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു. അവിടെ തന്നെ നിൽക്കു ഞാൻ ഉടനെ എത്താം എന്ന് പറഞ്ഞ് ഫോൺ വെച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആ നല്ല മനുഷ്യൻ വന്നു അയാൾ ഭദ്രമായി സൂക്ഷിച്ച ബാഗ് കൈമാറി. വളരെ പ്രധാനപ്പെട്ട ചില രേഖകളും കുറച്ചു പൈസയും മരുന്നും ഫോൺ ചാർജറുമായിരുന്നു ബാഗിലുണ്ടായിരുന്നത്.
advertisement
ആ ഡ്രൈവർ അത് തുറന്നു നോക്കിയിട്ടു പോലും ഇല്ല. എല്ലാം ഉണ്ട് എന്നുറപ്പാക്കണേ എന്ന് പറഞ്ഞാണ് ബാഗ് തന്നത്. അത്രയും വിശ്വസ്തനായ ഒരു മനുഷ്യനെ അവിശ്വസിച്ച് എന്തിന് പരിശോധിക്കണം. രാത്രി ഓട്ടത്തിന്റെ ക്ഷീണം മാറ്റാൻ വിശ്രമിക്കേണ്ട സമയത്ത് ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താൻ ഉള്ള പരിശ്രമത്തിലായിരുന്നു ആ സുഹൃത്ത്.
ഷൺമുഖൻ എന്ന പ്രിയപ്പെട്ടവനോടും സ്റ്റാൻഡിലെ മറ്റ് ഓട്ടോ തൊഴിലാളികളോടും ഏറെ സ്നേഹത്തോടെ നന്ദി പറഞ്ഞു മടങ്ങി. (ഷൺമുഖൻ INTUC യുടെ ഒരു ഭാരവാഹി കൂടിയാണ്). വാടകക്ക് എടുത്ത ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ വളരെ അരക്ഷിതമായ ജീവിതം നയിക്കുമ്പോഴും സാമൂഹിക പ്രതിബന്ധത കൈവിടാതെ സൂക്ഷിക്കുന്ന ഇത്തരം മനുഷ്യരെ കുറിച്ച് നമ്മൾ എന്തെല്ലാം മുൻ വിധികളാണ് സൂക്ഷിക്കുന്നത്. അവരിൽ ആരെങ്കിലും ഒരാളുടെ പിഴവ് മുന്നിൽ വെച്ച് മുഴുവൻ പേർക്ക് നേരെയും എത്രയെത്ര ആക്ഷേപങ്ങളാണ് ഉയർത്തുക.
advertisement
അന്വേഷണവും കണ്ടെത്തലും ചുമതലയായി മാറിയ ഔദ്യോഗിക സംവിധാനങ്ങൾ പലപ്പോഴും അസാധാരണ "ഇഴച്ചിൽ" നടത്തുന്ന ഒരു നാട്ടിലാണ് നഷ്ടപ്പെട്ട ഒരു സാധനം ഒരു സാങ്കേതിക സഹായവുമില്ലാതെ മണിക്കൂറിനുള്ളിൽ കണ്ടെത്താൻ ആ തൊഴിലാളികൾക്ക് സാധിച്ചത്. തൊഴിലിൽ അവർ പുലർത്തുന്ന സത്യസന്ധതയും അവരുടെ വാഹനത്തിൽ യാത്ര ചെയ്യുന്നവരോടുള്ള അനുകമ്പയുമല്ലാതെ മറ്റൊന്നുമല്ല അവരുടെ പ്രേരണ.
തിരികെ പോരുമ്പോൾ ഒരാൾ പറഞ്ഞു ഞങ്ങളുടെ വണ്ടിയിൽ നഷ്ടപ്പെട്ടത് ഞങ്ങൾ കണ്ടാൽ അത് ഉടമക്ക് ഉറപ്പായും തിരിച്ചു കിട്ടിയിരിക്കും സാർ. ഞങ്ങൾ അങ്ങനെയാ.സമൂഹം അവരെ കുറിച്ചു പുലർത്തുന്ന ബോധങ്ങൾക്കെതിരെയുള്ള ഒരു പ്രതിഷേധം കൂടി ആ സ്വരത്തിലുണ്ട് എന്ന് തീർച്ച.
advertisement
ഏതായാലും തിരുവനന്തപുരത്തെ പ്രിയപ്പെട്ട ഓട്ടോ തൊഴിലാളികളെ നിങ്ങളെ ഹൃദയം കൊണ്ടു ചേർത്തുപിടിക്കുന്നു. മനസ്സിലെപ്പോഴെങ്കിലും തോന്നി പോയ പൊതു ബോധ ബാധക്ക് മാപ്പ്.
( ബാഗ് ലഭിച്ച സന്തോഷത്തിൽ ഷൺമുഖന്റെയും സുഹൃത്തുക്കളുടെയും ഫോട്ടോ എടുക്കാൻ മറന്നു പോയി. ക്ഷമിക്കുമല്ലോ ...)
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2020 10:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'തിരുവനന്തപുരത്തെ ഓട്ടോക്കാരേ ഹൃദയംകൊണ്ടു ചേർത്തുപിടിക്കുന്നു; മനസ്സിലെപ്പോഴെങ്കിലും തോന്നി പോയ പൊതുബോധ ബാധയ്ക്ക് മാപ്പ്'