• HOME
 • »
 • NEWS
 • »
 • buzz
 • »
 • ക്രിസ്ത്യൻ പള്ളിമുറ്റത്ത് നിസ്ക്കരിക്കാൻ നൂറുകണക്കിന് മുസ്ലീങ്ങൾ; പൗരത്വഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധം

ക്രിസ്ത്യൻ പള്ളിമുറ്റത്ത് നിസ്ക്കരിക്കാൻ നൂറുകണക്കിന് മുസ്ലീങ്ങൾ; പൗരത്വഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധം

പ്രതിഷേധത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും നമസ്ക്കരിക്കാനുള്ള സൌകര്യം പള്ളി അങ്കണത്തിൽ ഒരുക്കിയിരുന്നു.

muslim prayers christian church

muslim prayers christian church

 • Share this:
  കൊച്ചി: ക്രൈസ്തവ ദേവാലയത്തിൽ ബാങ്ക് വിളി മുഴങ്ങി. നൂറുകണക്കിന് ഇസ്ലാംമത വിശ്വാസികൾ മഗ്രിബ് നമസ്കാരത്തിൽ പങ്കുചേർന്നു. കോതമംഗലം മാർത്തോമ ചെറിയപള്ളി മുറ്റത്തായിരുന്നു ഈ വേറിട്ട പ്രാർഥന. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് മുസ്ലീം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയ പ്രാർഥന ക്രൈസ്തവ ദേവാലയത്തിൽ നടന്നത്. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് നടത്തിയ പരിപാടിയിലാണ് മതസൌഹാർദ്ദം വിളിച്ചോതുന്ന പ്രതിഷേധത്തിന് അരങ്ങൊരുങ്ങഇയത്.

  പൌരത്വം നിയമത്തിനെതിരായ പ്രതിഷേധ റാലി കോതമംഗലം ചെറിയ പള്ളിയുടെ സമീപത്ത് എത്തിയപ്പോൾ മഗ്രിബ് നമസ്ക്കാരത്തിന്‍റെ സമയമായിരുന്നു. കൂടുതൽ ആളുകൾക്ക് നമസ്ക്കരിക്കാനുള്ള സ്ഥലം തേടിയപ്പോഴാണ് പള്ളി അധികൃതർ മുന്നോട്ടുവന്നത്. പ്രതിഷേധത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും നമസ്ക്കരിക്കാനുള്ള സൌകര്യം പള്ളി അങ്കണത്തിൽ ഒരുക്കിയിരുന്നു.

  ഈ സംഭവത്തെക്കുറിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

  മതം മാനവികതയാണ്. സർവ്വ മതങ്ങളുടെയും അടിസ്ഥാനം സ്‌നേഹമാണെന്നു വീണ്ടും ബോധ്യമായ ഒരു ദിവസമായിരുന്നു ഇന്ന്. ശ്രീ മാത്യു കുഴൽ നാടൻ നേതൃത്വം നൽകുന്ന പ്രൊഫഷണൽ കോൺഗ്രസിന്റെ ബാനറിൽ സംഘടിക്കപ്പെട്ട സെക്കുലർ മാർച്ചായിരുന്നു വേദി. വി ടി ബൽറാം, പി കെ ഫിറോസ്, എംബി രാജേഷ്, ഇന്ദിര ജയ്സിംഗ് തുടങ്ങിയ യുവജന നേതാക്കൾ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം വരെ എത്തിയപ്പോഴേക്കും നമസ്‌കാരത്തിന് സമയമായി. മണിനാദം മുഴങ്ങുന്ന ചർച്ചിൽ നിന്ന് ബാങ്കുവിളി മുഴങ്ങി. എനിക്ക് വുളൂ ചെയ്യാൻ അച്ചൻ വെള്ളം കൈക്കുമ്പിളിലേക്ക് ഒഴിച്ചു തരുമ്പോൾ ഹൃദയം സന്തോഷം കൊണ്ട് കുളിരണിഞ്ഞു. ശേഷം ജമാഅത്തായി ചർച്ചിൽ വെച്ച് തന്നെ ഞങ്ങൾ നിസ്‌കരിച്ചു.

  രാജ്യത്തെ മുസ്‌ലിംകളെയാകെ അപമാനിച്ചു കൊണ്ട് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി മതസൗഹാർദത്തിന്റെയും ഉൾക്കൊള്ളലിന്റെയും വേദിയായത് യാദൃശ്ചികമല്ല. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സ്‌നേഹത്തിന്റെ പ്രതിഫലനമാണത്. രാജ്യം ഇങ്ങനെത്തന്നെ തുടരണമെന്നാണ് ജനലക്ഷങ്ങൾ ആഗ്രഹിക്കുന്നത്. സാന്ദർഭികമായി എനിക്ക് ഓർമ്മ വന്നത് ഖലീഫാ ഉമറിന്റെ ചരിത്രമാണ്. ജറുസലേമിലേക്ക് അനുയായികൾക്കൊപ്പം പോയപ്പോൾ നിസ്‌കാരത്തിന് ഒരു ചർച്ചിൽ അവർക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. തന്റെ അനുയായികൾ ആ ക്രിസ്ത്യൻ പളളിയുടെ വരാന്തയിൽ വെച്ച് നിസ്‌കരിക്കുകയും ഭാവിയിൽ ആരെങ്കിലും താൻ നിസ്‌ക്കരിച്ചതിന്റെ പേരിൽ ചർച്ചിന്റെ മേൽ അവകാശമുന്നയിച്ച് വരും എന്ന് ആശങ്കപെട്ടതിന്റെ പേരിൽ ഖലീഫാ ഉമർ കുറച്ചകലെ മാറി നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു എന്നാണ് ചരിത്രം.

  പ്രിയരെ, സ്‌നേഹമാവട്ടെ നമ്മുടെ ആയുധം. ഐക്യമാവട്ടെ നമ്മുടെ പരിച. ഈ നാടിനെ നശിപ്പിക്കാൻ നാം അനുവദിച്ചു കൂടാ. നാം അതിജീവിക്കുക തന്നെ ചെയ്യും.
  Published by:Anuraj GR
  First published: