കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍
Last Updated:
തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ മൂന്നാര്‍ മലനിരകളില്‍ വസന്തം തീര്‍ത്ത് നീലക്കുറിഞ്ഞികള്‍ മിഴിതുറന്നു. കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ സഞ്ചാരികളും മലകയറിത്തുടങ്ങി.
രാജമലയില്‍ അല്ലാതെ മറ്റെവിടെയെങ്കിലും കുറിഞ്ഞി പൂക്കുമോ? അവിടെ എങ്ങനെ എത്തിപ്പെടും? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുന്നത്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടമുള്ള കൊളുക്കുമലയില്‍ എത്തിയാലും കുറിഞ്ഞിപ്പൂക്കാലം കാണാമെന്ന് മാധ്യമ പ്രവര്‍ത്തകനായ ഹാറൂണ്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. കൊളുക്കുമലയില്‍ എങ്ങനെ എത്തിച്ചേരാമെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.
കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍
കൊളുക്കുമല ടീ ഫാക്ടറി, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8000 അടി ഉയരത്തില്‍ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികള്‍ക്കും രാസവളങ്ങള്‍ക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊണ്ടുതന്നെ കൊളുക്കുമലയിലെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് 12 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കള്‍ കൂടുതലായി കാണാറുള്ളത്. പക്ഷേ, പതിവ് തെറ്റിച്ച് ഇത്തവണ നീലക്കുറിഞ്ഞി കൂടുതല്‍ പൂത്തത് കൊളുക്കുമലയിലാണ്.
advertisement

മൂന്നാറിലെ സൂര്യനെല്ലിയില്‍നിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തില്‍ പോകാന്‍ പറ്റുമെങ്കിലും അവിടെ നിന്നുള്ള 13 കിലോമീറ്റര്‍ പോകണമെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് തന്നെ ശരണം. 1500-2000 രൂപയാണ് ജീപ്പ് സവാരിക്ക് ഈടാക്കാറുള്ളത്. ഈ പതിമൂന്ന് കിലോമീറ്റര്‍ പിന്നിടാന്‍ ഒന്നരമണിക്കൂറെടുക്കും എന്നതില്‍ നിന്നുതന്നെ റോഡിന്റെ അവസ്ഥ (റോഡ് പേരിന് മാത്രം, പാറക്കല്ലുകള്‍ അടുക്കിവെച്ച മണ്‍പാത) പറയേണ്ടതില്ലല്ലോ. കൊളുക്കുമല ടീ ഫാക്ടറി സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണെങ്കിലും അവിടെ എത്താന്‍ കേരളത്തില്‍നിന്ന് മാത്രമേ വഴിയുള്ളൂ.
advertisement

നീലക്കുറിഞ്ഞി കൂടുതല്‍ പൂക്കാറുള്ള വട്ടവടക്കും കൊട്ടക്കമ്പൂരിന്റെ സമീപപ്രദേശങ്ങളിലും ഇത്തവണ നീലക്കുറിഞ്ഞി കാണാന്‍ വനംവകുപ്പിന്റെ നിയന്ത്രണമുണ്ട്. പിന്നെ പേരിനാണെങ്കിലും കുറച്ചുള്ളത് രാജമലയിലാണ് (ഇരവികുളം നാഷനല്‍ പാര്‍ക്ക്). പക്ഷേ, കുറച്ച് റിസ്‌ക്കെടുത്താണെങ്കിലും കൊളുക്കുമലയില്‍ വന്നാല്‍ കോടമഞ്ഞിന്റെ അകമ്പടിയോടെ താഴ്‌വാരങ്ങളില്‍ ആടിയുലയുന്ന നീലക്കുറിഞ്ഞി പൂക്കളെ കണ്‍കുളിര്‍ക്കെ കാണാം.... ടീ ഫാക്ടറിയുടെ സമീപത്തുനിന്ന് ഒരു കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം നടന്നുകയറി താഴോട്ട് നോക്കുമ്പോള്‍ താഴ്‌വാരങ്ങളില്‍ മഞ്ഞില്‍ പൊതിഞ്ഞുനില്‍ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളുടെ കാഴ്ച വര്‍ണനാതീതമാണ്.... അത് കണ്ട് തന്നെ അറിയണം.
advertisement
കൊളുക്കുമലയില്‍ മഞ്ഞ് പെയ്യുന്നതും കണ്ട് തിരിച്ചിറങ്ങുംമുമ്പ് ടീ ഫാക്ടറിയില്‍നിന്ന് ഓര്‍ഗാനിക് തേയില വാങ്ങാനും ആവിപറക്കുന്ന ചൂട് ചായ കുടിക്കാനും മറക്കരുത്.
NB: സൂര്യനെല്ലിയില്‍നിന്ന് കൊളുക്കുമലയിലേക്കുള്ള ജീപ്പ് യാത്രക്ക് ഡ്രൈവറുടെ കാര്യം കൂടി ശ്രദ്ധിക്കണം. അത്രയും ദുര്‍ഘടം പിടിച്ച പാതയാണിത്. നമ്മള്‍ പോകുമ്പോള്‍ സെലക്ട് ചെയ്യാറുള്ളത് 1993 മുതല്‍ കൊളുക്കുമലയിലേക്ക് വളയംപിടിക്കുന്ന എബിച്ചേട്ടന്റെ ജീപ്പാണ്. സൂര്യനെല്ലിയിലെ മോസ്റ്റ് എക്‌സ്പീരിയന്‍സ്ഡ് ഡ്രൈവര്‍. ഫോണ്‍: 9447464760

നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 18, 2018 4:31 PM IST


