' ചെറിയൊരു സ്വപ്നം സാക്ഷാത്കരിച്ചു'; മാതാപിതാക്കളുമൊത്ത് ആദ്യ വിമാനയാത്ര നടത്തി ഒളിമ്പ്യന്‍ നീരജ് ചോപ്ര
- Published by:Naveen
- news18-malayalam
Last Updated:
നീരജ് ചോപ്ര തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍, തന്റെ മാതാപിതാക്കളുമൊത്ത് അവരുടെ ആദ്യ വിമാനയാത്ര നടത്തിയതിനെ കുറിച്ച് വിവരിക്കുന്ന ഒരു പോസ്റ്റ് ഇട്ടിരുന്നു. തന്റെ ചെറിയൊരു സ്വപ്നം നിറവേറ്റിയ സന്തോഷത്തിലാണ് നീരജ് തന്റെയും മാതാപിതാക്കളുടെയും ചിത്രം സഹിതം പോസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ ജാവലിന്‍ താരവും ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്ര ഈ വര്‍ഷത്തെ ചരിത്ര നേട്ടത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും താരം ശ്രദ്ധ നേടുകയാണ്. ശനിയാഴ്ച രാവിലെ നീരജ്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തന്റെ മാതാപിതാക്കളുമൊത്തുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു. തന്റെ മാതാപിതാക്കളായ സതീഷ് കുമാറിനെയും സരോജ ദേവിയെയും അവരുടെ ആദ്യ വിമാനയാത്രയ്ക്കായി കൊണ്ടുപോകുന്ന ചിത്രമായിരുന്നു ഇത്. തന്റെ ചെറിയൊരു സ്വപ്നം എങ്ങനെ നിറവേറ്റി എന്നതിനെക്കുറിച്ചാണ് നീരജ് പങ്കുവച്ചത്.
ചിത്രത്തോടൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ നീരജ് കുറിച്ച ഹൃദയ സ്പര്‍ശിയായ പോസ്റ്റ് ഇങ്ങനെയായിരുന്നു- ''എന്റെ ഒരു ചെറിയ സ്വപ്നം ഇന്ന് സാക്ഷാത്കരിച്ചു, എന്റെ മാതാപിതാക്കളെ അവരുടെ ആദ്യ വിമാന യാത്രക്കായി കൊണ്ടുപോകാന്‍ കഴിഞ്ഞു.'' എന്നാണ്. ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹം ഇത് പങ്കുവയ്ക്കുകയും വിമാനത്തിനടുത്ത് നിൽക്കുന്ന മൂവരുടെയും ഫോട്ടോ പങ്കിടുകയും ചെയ്തു. പോസ്റ്റില്‍, തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച, ആശീര്‍വദിച്ച എല്ലാവര്‍ക്കും നീരജ് നന്ദി പറയുകയും ചെയ്തിരുന്നു.
advertisement
ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി മടങ്ങിയെത്തിയ ശേഷം നീരജിന് പനി ബാധിച്ചിരുന്നു. ഏതാനും ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പഴയ ആരോഗ്യസ്ഥിതി മടക്കിക്കൊണ്ടുവരാന്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം താരം തന്റെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്നും യാത്രകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഈ ഇടവേളയ്ക്ക് ശേഷം 2022 ലെ ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയ്ക്കായി അദ്ദേഹം തയ്യാറെടുക്കും.
ഹരിയാനയിലെ ഒരു ചെറിയ കര്‍ഷക കുടുംബത്തില്‍ പെട്ടയാളാണ് നീരജ്. പാനിപ്പത്തിലെ ഖന്ദ്ര എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച നീരജിന് രണ്ട് സഹോദരിമാരുണ്ട്. അവിടെ നിന്ന് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഈ 23-കാരന്റെ ജീവിതം പ്രചോദനാത്മകമായ ഒന്നാണ്. അമിതവണ്ണം കാരണം കൗമാരപ്രായത്തില്‍ നീരജിനെ കൂട്ടുകാർ കളിയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നീരജ് മഡ്ലൗഡയിലെ ഒരു ചെറിയ ജിംനേഷ്യത്തില്‍ ചേര്‍ന്നത്. അമിതഭാരം കുറഞ്ഞപ്പോള്‍, അവന്‍ കായിക മത്സരങ്ങളിൽ പങ്കെടുക്കാന്‍ തുടങ്ങി. ഒരിക്കല്‍ പാനിപ്പത്തിലെ ശിവാജി സ്റ്റേഡിയത്തില്‍, ജാവലിന്‍ എറിഞ്ഞ് പരിശീലിക്കുന്നവരെ കണ്ടപ്പോള്‍ നീരജ് അതിലേക്ക് തന്റെ താല്‍പര്യം സ്വയം വളര്‍ത്താന്‍ തുടങ്ങി. ഒടുവിലത് നീരജിനെ ഒളിമ്പിക്‌സ് സ്വര്‍ണ നേട്ടത്തില്‍ വരെ എത്തിച്ചിരിക്കുകയാണ്.
advertisement
ടോക്യോയോയിലെ നീരജിന്റെ സ്വര്‍ണ നേട്ടം ഇക്കുറി ഒളിമ്പിക്‌സിലെ ശ്രദ്ധേയമായ 10 ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മുഹൂര്‍ത്തങ്ങളില്‍ ഒന്നായി വേള്‍ഡ് അത്‌ലറ്റിക്‌സ് തിരഞ്ഞെടുത്തിരുന്നു. ഇതിനുപുറമെ ട്വിറ്ററില്‍ ആഗോള തലത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മൂന്നാമത്തെ കായികതാരമായും നീരജ് ചോപ്ര മാറിയിരുന്നു.
ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞ് തന്റെ വ്യക്തിഗത റെക്കോര്‍ഡ് മെച്ചപ്പെടുത്തിക്കൊണ്ടായിരുന്നു നീരജിന്റെ സ്വര്‍ണ നേട്ടം. ഇതിന് പിന്നാലെ ലോക റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കാന്‍ നീരജ് ചോപ്രയ്ക്ക് കഴിഞ്ഞിരുന്നു. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ നീരജ് ചോപ്ര.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2021 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
' ചെറിയൊരു സ്വപ്നം സാക്ഷാത്കരിച്ചു'; മാതാപിതാക്കളുമൊത്ത് ആദ്യ വിമാനയാത്ര നടത്തി ഒളിമ്പ്യന്‍ നീരജ് ചോപ്ര