ബീജദാനത്തിലൂടെ 550-ലധികം കുട്ടികളുടെ പിതാവായ വ്യക്തിയെ ബീജദാനത്തില്‍ നിന്ന് വിലക്കി നെതര്‍ലന്‍ഡ് കോടതി. ജോനാഥന്‍ ജേക്കബ് മെയ്ജര്‍ എന്ന 41കാരനെയാണ് കോടതി ഇനി മേലില്‍ ബീജദാനം ചെയ്യരുതെന്ന് വിലക്കിയത്. വിലക്ക് ലംഘിച്ച് ബീജം ദാനം ചെയ്താല്‍ 100,000 യൂറോയിൽ കൂടുതൽ (90,41,657 രൂപ) പിഴ ഈടാക്കുമെന്ന് കോടതി വിധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികളില്‍ ഒരാളുടെ അമ്മയും ഒരു സംഘടനയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് കേസിനെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇതുവരെ ബീജദാനത്തിലൂടെ ജനിച്ച കുട്ടികളുടെ എണ്ണത്തെ കുറിച്ച് ജോനാഥന്‍ മാതാപിതാക്കളെ പറഞ്ഞു തെറ്റിധരിപ്പിച്ചിരുന്നതായി കോടതിയില്‍ തെളിഞ്ഞു.
Also Read- കാമുകന്റെ അച്ഛനൊടൊപ്പം കടന്നുകളഞ്ഞ 20കാരിയെ ഡൽഹിയിൽ നിന്ന് കണ്ടെത്തി
അവരുടെ കുടുംബത്തിലെ കുട്ടികൾ നൂറുകണക്കിന് അർദ്ധസഹോദരങ്ങളുള്ള ഒരു വലിയ ബന്ധുത്വ ശൃംഖലയുടെ ഭാഗമാണെന്ന വസ്തുതയാണ് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് ഹെസ്സെലിങ്ക് ജഡ്ജി വിധിക്കിടെ പറഞ്ഞു.
ഇക്കാലയളവിനിടെ 13 ക്ലിനിക്കുകള്‍ക്കാണ് ജോനാഥന്‍ തന്‍റെ ബീജം കൈമാറിയത്. ഇതില്‍ 11 ഉം നെതര്‍ലന്‍ഡിലാണ്. ഡച്ച് ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബീജദാതാക്കൾ 12 ൽ കൂടുതൽ സ്ത്രീകൾക്ക് ബീജം ദാനം ചെയ്യരുത് അല്ലെങ്കിൽ 25 ല്‍ കൂടുതൽ കുട്ടികളുടെ പിതാവാകരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നൂറുകണക്കിനു സഹോദരങ്ങൾ ഉണ്ടെന്നറിഞ്ഞ് ഭാവിയില്‍ കുട്ടികളിൽ അസ്വസ്ഥതയും മാനസിക പ്രശ്നങ്ങളും ഉണ്ടാകുന്നത് തടയാനാണിത്.
2007-ൽ ബീജം ദാനം ചെയ്യാൻ തുടങ്ങിയതിനുശേഷം 550-നും 600-നും ഇടയിൽ കുട്ടികളുടെ ജനനത്തിന് അദ്ദേഹം സഹായിച്ചെന്നും ബീജദാനം നിർത്തുന്നതിനു പകരം വിദേശത്തും ഓൺലൈനിലും ബീജം ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിയമവിരുദ്ധമായ പ്രവര്‍ത്തിയില്‍ നിന്ന് ഇയാളെ കോടതി തടഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു.ഞങ്ങളുടെ താൽപ്പര്യങ്ങൾ മാനിക്കാനും വിധി അംഗീകരിക്കാനും ഞാൻ ദാതാവിനോട് അഭ്യർത്ഥിക്കുന്നു, കാരണം അത് ഞങ്ങളുടെ കുട്ടികളുടെ അവകാശമാണെന്നും അവർ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
എന്നിരുന്നാലും, ഗർഭം ധരിക്കാൻ കഴിയാത്ത മാതാപിതാക്കളെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ദാതാവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തൊഴിൽപരമായി ഒരു സംഗീതജ്ഞനായ ജോനാഥന്‍ ഇപ്പോൾ കെനിയയിലാണ് താമസിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Donation, Father, Sperm, Sperm collection