ഐശ്വര്യ കേരളയാത്രയ്ക്ക് 'ആദരാഞ്ജലികള്‍'; ട്രോളായി യു.ഡി.എഫിന്റെ പരസ്യം
Last Updated:
പാർട്ടി മുഖപത്രത്തിൽ, യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുള്ള മുഴുവന്‍ പേജ് പരസ്യത്തിലാണ് പിഴവ് സംഭവിച്ചത്. ആശംസകളോടെ എന്നതിനു പകരം 'ആദരാഞ്ജലികളോടെ' എന്നാണ് അച്ചടിച്ചിരിക്കുന്നത്.
കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫിന്റെ 'ഐശ്വര്യ കേരളയാത്ര' ആരംഭിക്കാനിരിക്കെ പരസ്യം നൽകിയതിൽ വന്ന തെറ്റ് ട്രോളാക്കി എതിരാളികൾ. പാർട്ടി മുഖപത്രത്തിൽ, യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുള്ള മുഴുവന്‍ പേജ് പരസ്യത്തിലാണ് പിഴവ് സംഭവിച്ചത്. ആശംസകളോടെ എന്നതിനു പകരം 'ആദരാഞ്ജലികളോടെ' എന്നാണ് അച്ചടിച്ചിരിക്കുന്നത്.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളെല്ലാം പരസ്യത്തിന്റെ ആദ്യ പകുതിയിലുണ്ട്. ബാക്കി പകുതിയില്‍ പരസ്യമാണ്. ഇതിനു രണ്ടിനും ഇടയില്‍ യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്താണ് അബദ്ധം പിണഞ്ഞത്.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് കുമ്പളയിൽ ഐശ്വര്യ കേരളയാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ യാത്രം തുടങ്ങും മുന്നേയുള്ള ആദരാഞ്ജലി സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
advertisement
140 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് റാലിയോടെയാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത്. വിവിധ ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ സംബന്ധിക്കും.
സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണു യാത്ര. എല്‍.ഡി.എഫിന്റെ ദുര്‍ഭരണം, അഴിമതി എന്നിവയില്‍നിന്നു കേരളത്തെ രക്ഷിക്കുക, സി.പി.എം - ബി.ജെ.പി. കൂട്ടുകെട്ട് തുറന്നു കാട്ടുക, ഇരു പാര്‍ട്ടികളുടെയും വര്‍ഗീയ അജന്‍ഡകളെ പിഴുതെറിയുക എന്നീ ലക്ഷ്യങ്ങളും യാത്രയ്‌ക്കുണ്ട്. ഐശ്വര്യ കേരള യാത്രയില്‍ യു.ഡി.എഫ്. നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, എം.എം.ഹസന്‍, പി.ജെ. ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, വി.ഡി. സതീശന്‍, സി.പി. ജോണ്‍, സി. ദേവരാജന്‍, ഷാഫി പറമ്പില്‍, ലതികാ സുഭാഷ് എന്നിവരാണ് അംഗങ്ങള്‍.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 31, 2021 3:11 PM IST


