തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെലീഗ് വിരുദ്ധ പരാമർശങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി.എഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തിൽ പോലും വർഗീയത ആരോപിക്കുകയാണ്. വിജയരാഘവന് പാണക്കാട് പോവാനാവാത്തതിന്റെ നിരാശയാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും പാണക്കാട്ടേക്ക് ഇനിയും പോവുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
ബാബറി മസ്ജിദ് തകർന്ന കാലത്ത് അന്ന് കേരളത്തെ രക്ഷിച്ചത് പാണക്കാട് ശിഹാബ് തങ്ങളുടെ ആഹ്വാനമാണ്. അവിടെയാണ് വിജയരാഘവൻ പാണക്കാട്ടെ സന്ദർശനം പോലും വർഗീയവത്‌കരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ പോലും വര്‍ഗ്ഗീയമായാണ് എ വിജയരാഘവന്‍ കാണുന്നത്. സങ്കുചിത രാഷ്ട്രീയ താത്പര്യമാണ് ഇതിനു പിന്നിൽ. വിജയരാഘവന്റെ പ്രസ്ഥാവനകളെല്ലാം ഇതിന്റെ ഭാഗമായാണ്.
സ്ഥാനാർഥി പ്രഖ്യാപനത്തിലോ മറ്റോ ഒരു തരത്തിലുള്ള തീരുമാനവും ഉണ്ടായിട്ടില്ല. ആരൊക്കെ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാനിരിക്കയാണെന്നും ഉമ്മൻചാണ്ടി മലപ്പുറത്ത് പറഞ്ഞു.
ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും. അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാര്‍ട്ടിയാണ് സിപിഎം. കെഎം മാണിയുടെ പാര്‍ട്ടിയുമായി വരെ കൂട്ടുകൂടാന്‍ സിപിഎമ്മിന് മടിയുണ്ടായിട്ടില്ല. കെഎം മാണി അഴിമതിക്കാരനല്ലെന്ന നിലപാടില്‍ അന്നും ഇന്നും കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുസ്ലിം മതമൗലിക വാദികളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം. മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ നിലയിലേക്ക് കോൺഗ്രസ് നേതൃത്വം ചുരുങ്ങി പോയെന്നും വിജയരാഘവൻ ആരോപിച്ചു. യു ഡി എഫിനെ നിയന്ത്രിക്കുന്നത് ലീഗ് ആണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. നാടിന് വേണ്ടത് വികസന കാഴ്ചപ്പാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണെന്നും വിജയരാഘവൻ പറഞ്ഞു. യു ഡി എഫിനെ ഒരു തരം രാഷ്ട്രീയ ദിശാദാരിദ്ര്യമാണ് ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.