മഡിക്കേരി (കൊടഗ്): ഏപ്രിലിലെ കോവിഡ് രണ്ടാം തരംഗത്തോടെ രാജ്യം വീണ്ടും ലോക്ക്ഡൗണിലായി. ഇതോടെ കുട്ടികൾക്ക് ഈ വർഷവും ഓൺലൈൻ ക്ലാസ് തന്നെ ശരണം. എന്നാൽ ക്ലാസുകൾ എല്ലാം ഓൺലൈനായതോടെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി കുട്ടുകളും അധ്യാപകരുമുണ്ട്. സ്മാർട്ട്ഫോണുകളില്ലാത്തവരും മതിയായ ഇന്റർനെറ്റില്ലാത്തതുമൊക്കെ പലരെയും ബുദ്ധിമുട്ടിലാക്കുന്നു.
എന്നാൽ ഇന്റർനെറ്റില്ലാതെ ക്ലാസ് എടുക്കാൻ കഴിയാതെ വന്ന ഒരു അധ്യാപകനാണ് ഇപ്പോൾ പുതിയ പരിഹാര മാർഗം തേടിയിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള കൊടകിലെ സോംവർപേട്ട മുള്ളൂർ ഗ്രാമത്തിൽ നിന്നുള്ള അധ്യാപകനാണ് മികച്ച ഇന്റർനെറ്റ് ലഭിക്കാനായി മരത്തിന് മുകളിൽ ഏറുമാടം കെട്ടി ക്ലാസ്റൂം തയ്യാറാക്കിയിരിക്കുന്നത്.
സി.എസ്. സതീഷ എന്ന 37കാരനായ സർക്കാർ സ്‌കൂൾ അധ്യാപകൻ മരത്തിന് മുകളിൽ മുള കൊണ്ടാണ് ഏറുമാടം നിർമ്മിച്ചിരിക്കുന്നത്. മരത്തിന് മുകളിലെ ക്ലാസ്റൂമിൽ നിന്നാണ് സതീഷയുടെ ഇപ്പോഴത്തെ ക്ലാസ്. ഉയർന്ന സ്ഥലത്ത് നിന്ന് ക്ലാസുകളെടുക്കുന്നതു കൊണ്ട് ഇന്റർനെറ്റ് ഒരു പ്രശ്നമാകില്ലെന്ന് സതീഷ പറയുന്നു.
മരത്തിന് മുകളിലെ പുതിയ ക്ലാസ്സ് റൂം നിർമ്മിക്കാൻ രണ്ട് മാസമെടുത്തുവെന്ന് മല്ലൂരിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സതീഷ പറയുന്നു. “ഏറുമാടം നിർമ്മിക്കാൻ 10,000 രൂപ ചെലവായി. ലൈറ്റിംഗ് ഉൾപ്പെടെയുള്ളവ ക്ലാസ്റൂമിനായി സജ്ജീകരിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മുള, പുല്ല്, ചാക്കുകൾ എന്നിവ ഉപയോഗിച്ചാണ് ക്ലാസ്റൂം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിൽ തനിയ്ക്ക് സഹായത്തിനായി ഒപ്പം നിന്നത് സുഹൃത്തുക്കളാണെന്നും സതീഷ പറയുന്നു. വിളകൾ നശിപ്പിക്കുന്ന ആനകളെയും കാട്ടുപന്നികളെയും നിരീക്ഷിക്കാൻ ഗ്രാമീണർ വിളവെടുപ്പ് സീസണിൽ ഉപയോഗിക്കുന്ന താൽക്കാലിക ഏറുമാടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഓൺലൈൻ ക്ലാസിനായി ഇങ്ങനെയൊരു ക്ലാസ്റൂം നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് സതീഷ പറയുന്നു.
ഇംഗ്ലീഷ്, കണക്ക്, കന്നഡ എന്നീ വിഷയങ്ങളാണ് സതീഷ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഏറുമാടം 20 അടി ഉയരത്തിലായതിനാൽ, ഇന്റർനെറ്റ് തടസ്സം മറികടക്കാനായി. സ്മാർട്ട്‌ഫോണുകൾ ഇല്ലാത്ത വിദ്യാത്ഥികൾക്ക് ഫോണുകൾ സംഘടിപ്പിക്കാനും ഈ അധ്യാപകൻ ചില സഹായങ്ങൾ ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ കോൺഫറൻസ് കോളുകളിലൂടെയാണ് പഠിപ്പിക്കുന്നത്.
സതീഷ ഒരു മികച്ച അധ്യാപകനാണെന്ന് വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു. ”അദ്ദേഹത്തിന്റെ ക്ലാസുകളൊന്നും തങ്ങൾ നഷ്‌ടപ്പെടുത്താറില്ലെന്ന് ” നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പുണ്യ പറയുന്നു. സതീഷയുടെ ഈ പ്രവർത്തനങ്ങളറിഞ്ഞ് കർണാടക പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റി വിഷയം ഗൗരവമായി എടുക്കുകയും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെയും ചീഫ് സെക്രട്ടറി പി. രവി കുമാറിന്റെയും ഇടപെടലോടെ സേവന ദാതാക്കളോട് നെറ്റ്‌വർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
”മലനാടിലെയും മറ്റ് മലയോര മേഖലകളിലെയും സ്ഥിതിഗതികൾ വിശദീകരിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിയ്ക്കും കത്തെഴുതിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിനായി സേവന ദാതാക്കളുടെ യോഗം വിളിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ”കുമാർ പറഞ്ഞു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.