ഓൺലൈനിൽ ഓർഡർ ചെയ്തത് ഐഫോൺ 7; കിട്ടിയതോ കൈയിൽ ഒതുങ്ങാത്ത സാധനം, കണ്ണ് തള്ളി യുവാവ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രസകരമായ ഈ സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വളരെ ലളിതമായും ചിലപ്പോൾ ലാഭകരമായും സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ്. എന്നാൽ ചിലർക്കെങ്കിലും സൈറ്റിലെ ഫോട്ടോയിൽ കാണുന്ന വസ്തുവും കൈയിൽ കിട്ടുന്ന വസ്തുവും തമ്മിൽ വ്യത്യാസമുണ്ടെന്നും തോന്നിയേക്കാം. സമാനമായ ഒരു കാര്യമാണ് തായ്ലന്റിലെ ഒരു ഉപഭോക്താവിന് അടുത്തിടെ സംഭവിച്ചത്. കുറഞ്ഞ വിലയ്ക്ക് ഐഫോൺ കണ്ടപ്പോൾ ഒന്നും നോക്കിയില്ല ഫോൺ ബുക്ക് ചെയ്തു. എന്നാൽ കൈയിൽ കിട്ടിയതോ ഐഫോണിന്റെ ആകൃതിയിലുള്ള ടേബിൾ. രസകരമായ ഈ സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഇതോടെ ഓൺലൈനിൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഫോട്ടോകൾ മാത്രം നോക്കിയാൽ പോരാ വിശദാംശങ്ങൾ കൂടി വായിക്കണമെന്ന് യുവാവിന് മനസ്സിലായി. ഓറിയന്റൽ ഡെയ്‌ലിയുടെ റിപ്പോർട്ട് അനുസരിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ലസാഡയിൽ യുവാവ് ഒരു ഐഫോൺ 7 ആണ് ഓർഡർ ചെയ്തത്. എന്നാൽ വീട്ടിലെത്തിയത് ഐഫോൺ 7ന്റെ ആകൃതിയിലുള്ള വലിയ മേശയാണ്. ഇത്രയും ‘വലിയ ഐഫോൺ’ വീട്ടിലെത്തിയപ്പോൾ ഞെട്ടിപ്പോയെന്ന് യുവാവ് ഓറിയന്റൽ ഡെയ്‌ലിയോട് പറഞ്ഞു.
ഓർഡർ ചെയ്തപ്പോൾ ഉയർന്ന ഡെലിവറി ചാർജ് കണ്ട് സംശയം തോന്നിയെങ്കിലും മൊബൈൽ ഫോൺ ആയതിനാലാകാം എന്ന് കരുതി. ഫോണിന് പകരം ടേബിൾ കിട്ടുമെന്ന് ഇയാൾ വിചാരിച്ചിരുന്നില്ല. കുറഞ്ഞ വിലയ്ക്ക് ഐഫോൺ 7 കണ്ടതോടെ ഓർഡർ ചെയ്യുന്നതിന്റെ തിരക്കിൽ വിശദാംശങ്ങൾ പരിശോധിച്ചില്ലെന്നും യുവാവ് സമ്മതിച്ചു.
advertisement
advertisement
രാജ്യത്തിനകത്തും പുറത്തും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഐഫോൺ മോഡൽ ടേബിളിന്റെ ചിത്രങ്ങൾ വൈറലായി. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനും ഓൺലൈൻ ഷോപ്പിംഗിനെക്കുറിച്ച് ആളുകളിൽ അവബോധമുണ്ടാക്കുന്നതിനും ഇത് ഒരു ഉദാഹരണമായി ഉപയോഗിക്കാൻ തുടങ്ങി.
യഥാർത്ഥ ആപ്പിൾ ഫോണിനോടുള്ള ടേബിളിന്റെ സാമ്യമാണ് പലരെയും അത്ഭുതപ്പെടുത്തിയത്. ദക്ഷിണ കൊറിയൻ ബ്രാൻഡായ ടെൻ ബൈ ടെൻ ആണ് ഈ ടേബിൾ പുറത്തിറക്കിയിരിക്കുന്നത്. സിം സ്ലോട്ട് മാതൃകയിൽ ടേബിളിന് ഡ്രോയറുമുണ്ട്. ഐഫോണിന് സമാനമായി മൂന്ന് കളറുകളിൽ ടേബിൾ ലഭ്യമാണ്. സ്വർണ നിറം, ചുവപ്പ്, റോസ് ഗോൾഡ് എന്നിവയാണ് ലഭ്യമായ നിറങ്ങൾ. താൽപ്പര്യമുള്ള ഏതൊരു ഉപഭോക്താവിനും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഏകദേശം 19,900 രൂപ നിരക്കിൽ ടേബിൾ വാങ്ങാം.

advertisement
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അടുത്തിടെ കേരള പൊലീസ് രംഗത്തെത്തിയിരുന്നു. പ്രമുഖ സൈറ്റുകളിൽ നിന്നാണെന്ന വ്യാജേന വൻതുകയോ സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കത്തുകൾ വഴിയോ ഫോൺകോളുകൾ വഴിയോ ആണ് ഈ തട്ടിപ്പ് നടത്തുന്നത്. വൻതുക അല്ലെങ്കിൽ സമ്മാനങ്ങൾ ലഭിച്ചുവെന്ന സന്ദേശമാണ് ആളുകളെ തേടിയെത്തുന്നത്. സമ്മാനം കൈപ്പറ്റുന്നതിനായി സർവീസ് ചാർജ്ജായോ ടാക്സായോ ഒരു തുക നൽകാൻ ആവശ്യപ്പെടുന്ന രീതിയിലാണ് തട്ടിപ്പ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 26, 2021 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓൺലൈനിൽ ഓർഡർ ചെയ്തത് ഐഫോൺ 7; കിട്ടിയതോ കൈയിൽ ഒതുങ്ങാത്ത സാധനം, കണ്ണ് തള്ളി യുവാവ്