ബൊക്കെ ഇല്ല, തൽക്കാലം ഇത് മതിയോ? ഫോട്ടോ ഷൂട്ടിനായി എത്തിയ വധൂവരന്മാർക്ക് നേരെ മടലെറിഞ്ഞ് കൊമ്പൻ ശരവണൻ

Last Updated:

ഫോട്ടോ ഷൂട്ട് പൂർത്തിയാക്കി മടങ്ങവെ വധുവിന്റെയും വരന്റെയും നേർക്ക് ശരവണൻ ഓലമടൽ എടുത്ത് എറിയുകയായിരുന്നു. വരനായ ജയശങ്കറിന്റെ തോളിൽ ഉരസിയാണ് അത് കടന്നുപോയത്

കൊല്ലം: പാപ്പാന്റെ കണ്ണൊന്നു തെറ്റിയാൽ കുറുമ്പ് കാട്ടുന്ന കൊമ്പൻമാരുടെ വീഡിയോകൾ മുൻപും വൈറലായിരുന്നു. അത്തരത്തിലൊരു രംഗമാണ് അടുത്തിടെ പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്നത്. അമ്പലത്തിലെ ആനയായ പന്മന ശരവണനാണ് കുറുമ്പ് കാട്ടിയത്. ഫോട്ടോ ഷൂട്ടിനായി എത്തിയ വധൂവരന്മാർക്ക് നേരെയായിരുന്നു ശരവണന്റെ കുസൃതി.
ഫോട്ടോ ഷൂട്ട് പൂർത്തിയാക്കി മടങ്ങവെ വധുവിന്റെയും വരന്റെയും നേർക്ക് ശരവണൻ ഓലമടൽ എടുത്ത് എറിയുകയായിരുന്നു. വരനായ ജയശങ്കറിന്റെ തോളിൽ ഉരസിയാണ് അത് കടന്നുപോയത്. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും ശരവണനെ കുഞ്ഞുനാൾ മുതൽ അറിയാവുന്ന ഗ്രീഷ്‌മയ‌്ക്ക് പേടിയൊന്നും തോന്നിയില്ല. ഗ്രീഷ്‌മയുടെ അച്ഛൻ റിട്ടയേർഡ് ക്യാപ്‌ടൻ രാധാകൃഷ്‌ണൻ ഉൾപ്പെട്ട ക്ഷേത്രം ഉപദേശക സമിതി വർഷങ്ങൾക്ക് മുമ്പ് പന്മനക്ഷേത്രത്തിൽ നടക്കിരുത്തിയതാണ് ശരവണനെ. അന്നുമുതൽ ഗ്രീഷ്‌മയ‌്ക്കും കളിക്കൂട്ടുകാരനായിരുന്നു ഈ കുറുമ്പൻ.
advertisement
ഇക്കഴിഞ്ഞ ഡിസംബർ അഞ്ചാം തീയതിയായിരുന്നു ഗ്രീഷ്‌മയുടെയും ദുബായിൽ സോഫ്‌റ്റ്‌വേയർ എഞ്ചിനീയർ ആയ ജയശങ്കറിന്റെയും വിവാഹം. കൊല്ലത്തെ പ്രാക്കുളത്തുള്ള നാച്ചോ വെഡ്ഡിംഗ്‌സിനായിരുന്നു വീഡിയോഗ്രാഫി. സാധാരണ ശരവണനെ കാണാൻ പോകുമ്പോൾ അവന് കൊടുക്കാൻ കൈയിൽ എന്തെങ്കിലും കരുതാറുണ്ടെന്നും ഇത്തവണ അത് മറന്നതുകൊണ്ടായിരിക്കാം കുറുമ്പ് കാട്ടിയതെന്നുമാണ് രാധാകൃഷ്‌ണൻ പറയുന്നത്.
advertisement
2007ൽ 18 ലക്ഷം രൂപയ‌്ക്കാണ് നാട്ടുകാർ ചേർന്ന് ശരവണനെ പന്മന ക്ഷേത്രത്തിൽ നടയ‌്ക്കിരുത്തിയത്. തീർത്തും ശാന്ത സ്വഭാവിയായ ശരവണന്റെ അടുത്ത് കൊച്ചുകുട്ടികൾക്കും ഭയമില്ലാതെ പോകാം. വൈക്കത്ത് അഷ്‌ടമിക്ക് ഭഗവാന്റെ തങ്കത്തിടമ്പ് ഏറ്റിയതും ശരവണനായിരുന്നു. അയ്യന്റെ തിടമ്പേറ്റാൻ ശബരിമലയിലും പലതവണയെത്തി.
1999ൽ അഞ്ച് വയസുള്ളപ്പോൾ ആസാമിൽ നിന്നാണ് ശരവണനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. സൂര്യദേവൻ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് കൊട്ടാരക്കരയിലെത്തിയ ഇവൻ പുത്തൂർ മണികണ്‌ഠനായി മാറി. അവിടെ നിന്നും വവ്വാക്കാവിലെത്തി വവ്വാക്കാവ് മണികണ്‌ഠനായി തീർന്നു. 2007ൽ പന്മന സുബ്രഹ്മണ്യന് മുന്നിൽ നടക്കിരുന്നതോടെയാണ് പന്മന ശരവണൻ എന്ന് പേര് കിട്ടിയത്. പത്തടിയോളം ഉയരമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബൊക്കെ ഇല്ല, തൽക്കാലം ഇത് മതിയോ? ഫോട്ടോ ഷൂട്ടിനായി എത്തിയ വധൂവരന്മാർക്ക് നേരെ മടലെറിഞ്ഞ് കൊമ്പൻ ശരവണൻ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement