കല്യാണ മാലയിൽ നിന്ന് നോട്ടു മോഷ്ടിച്ച കള്ളനെ പിടികൂടാന്‍ മിനിട്രക്കില്‍ തൂങ്ങിക്കിടക്കുന്ന വരന്‍; വൈറല്‍ വീഡിയോ
- Published by:Nandu Krishnan
- trending desk
Last Updated:
ഒരു ആക്ഷന്‍ സിനിമയിലെ രംഗങ്ങളെ ഓര്‍മിക്കുന്ന വിധത്തിലാണ് വരന്‍ കള്ളനെ പിടികൂടുന്നത്
വിവാഹച്ചടങ്ങിനിടെ വരനും വധുവിനും ബന്ധുക്കളും സുഹൃത്തുക്കളും നോട്ടുകള്‍ ചേര്‍ത്ത മാല അണിയിക്കുന്നത് സാധാരണ കാഴ്ചയാണ്. ഇങ്ങനെ സമ്മാനമായി ലഭിച്ച നോട്ടുകെട്ടുകള്‍ കൊണ്ടുള്ള കല്യാണമാല കള്ളന്‍ മോഷ്ടിച്ചുകൊണ്ടുപോയാല്‍ എന്തു ചെയ്യും? വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെ തന്റെ നോട്ടുകള്‍ കൊണ്ടുള്ള കല്യാണ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെ പിടികൂടിയ വരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. ഒരു ആക്ഷന്‍ സിനിമയിലെ രംഗങ്ങളെ ഓര്‍മിക്കുന്ന വിധത്തിലാണ് വരന്‍ ദേവ് കുമാർ കള്ളനെ പിടികൂടുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മാലയിലെ നോട്ടുകള്‍ തട്ടിയെടുത്ത് ഓടിയ കള്ളനെ പിടികൂടാനായി അതിവേഗതയിലാണ് വരന്‍ ഓടുന്നത്. വിവാഹത്തിനിടെയുള്ള ഒരു പരമ്പരാഗത ചടങ്ങിന് ശേഷം കുതിരപ്പുറത്ത് കയറുകയായിരുന്നു വരന്‍. അപ്പോഴാണ് മാല മോഷ്ടിക്കപ്പെട്ടത്. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ വരന്‍ കള്ളന്റെ പിന്നാലെ കുതിച്ചു.
മാധ്യമപ്രവര്‍ത്തകനായ പിയൂഷ് റായ് ആണ് സാമൂഹികമാധ്യമമായ എക്‌സില്‍ വീഡിയോ പങ്കുവെച്ചത്. ഇത് വളരെ വേഗം വൈറായി മാറുകയായിരുന്നു. കള്ളന്‍ ഒരു മിനി ട്രക്കിലാണ് മാല മോഷ്ടിച്ചശേഷം കടന്നുകളഞ്ഞതെന്നും എന്നാല്‍ വരന്‍ പിന്നാലെ ഓടിയെത്തി വാഹനത്തില്‍ കടന്നുകയറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കയറിയാണ് വരന്‍ പിക്കപ്പില്‍ കയറിപ്പറ്റിയത്. കള്ളന്‍ വാഹനം നിര്‍ത്തിയില്ലെങ്കിലും വരന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. റോഡിലൂടെ അതിവേഗം പായുന്ന ട്രക്കില്‍ ദേവ് കുമാര്‍ പിടിച്ചുകയറുകയായിരുന്നു. ട്രക്കിന്റെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഇയാള്‍ കയറിപറ്റുകയും വാഹനം നിര്‍ത്താന്‍ ഡ്രൈവറെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് കാഴ്ചക്കാരില്‍ അമ്പരപ്പുണ്ടാക്കി.
advertisement
വാഹനം നിര്‍ത്തിയതോടെ വരനും ബന്ധുക്കളും ചേര്‍ന്ന് കള്ളനെ നേരിട്ടു. മോഷ്ടാവിനെ എല്ലാവരും ചേര്‍ന്ന് അടിക്കുകയും ഇടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വധു വരന്റെ കഴിവുകളില്‍ മതിപ്പ് പ്രകടിപ്പിക്കുമെന്ന് അറിയുമോയെന്ന് ഉറപ്പില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു. മികച്ച വരനുള്ള പുരസ്‌കാരം ദേവ് കുമാറിനാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ടോം ക്രൂസിന്റെ ഇന്ത്യന്‍ പതിപ്പാണ് ദേവ് കുമാര്‍ എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ''എന്‍എസ്ജി കമാന്‍ഡോ'' ആണോ അതോ ''ധൂം 4'' ആണോ ''മണി ഹെയ്‌സ്റ്റ് ഇന്ത്യ'' ആണോയെന്നെല്ലാം വീഡിയോ കണ്ട് ഒട്ടേറെപ്പേര്‍ ചോദിച്ചു.
advertisement
അതേസമയം, മാല മോഷ്ടിച്ചതിന് ട്രക്ക് ഡ്രൈവര്‍ ജഗ്പാലിന് പങ്കൊന്നുമില്ലെന്ന് ട്രക്ക് ഉടമ മനീഷ് സെഹ്ഹാലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. റോഡില്‍ വെച്ച് ട്രക്ക് തന്നെ ഇടിച്ചെന്നാരോപിച്ചാണ് വരന്‍ ഡ്രൈവറെ ആക്രമിച്ചതെന്ന് സെഹ്ഗാള്‍ അവകാശപ്പെട്ടു. മോഷണം പോയ കറന്‍സി നോട്ടുമായി യാതൊരു ബന്ധമില്ലാതിരുന്നിട്ടും വരനും കൂട്ടരും ചേര്‍ന്ന് ഡ്രൈവറെ ആക്രമിക്കുകയായിരുന്നുവെന്നും സെഹ്ഗാല്‍ കൂട്ടിച്ചേര്‍ത്തു. ''സംഭവം ഞങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,'' സെഹ്ഗാല്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
November 26, 2024 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കല്യാണ മാലയിൽ നിന്ന് നോട്ടു മോഷ്ടിച്ച കള്ളനെ പിടികൂടാന്‍ മിനിട്രക്കില്‍ തൂങ്ങിക്കിടക്കുന്ന വരന്‍; വൈറല്‍ വീഡിയോ