ഓസ്കാർ വേദിയിൽ എംഎം കീരവാണി നടത്തിയ പ്രസംഗം മലയാളത്തിലേക്കു വിവർത്തനം ചെയ്തപ്പോൾ വന്ന പിഴവിന് സമൂഹമാധ്യമങ്ങളിൽ ട്രോളൻമാരുടെ ഇരയാണ് ചില മാധ്യമങ്ങൾ . “I grew up listening to the Carpenters. And now, here I am, with the Oscars.” എന്നാണ് കീരവാണി പറഞ്ഞത്. ‘ദ കാർപെന്റേഴ്സ്’ എന്ന ബാൻഡിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത് .എന്നാൽ തട്ടും മുട്ടും അധികമുള്ള പാട്ടിനു കിട്ടിയ സമ്മാനം കൂടി ആയതിനാൽ ഇത് ‘ആശാരിമാരുടെ തട്ട് മുട്ട് കേട്ടു’ എന്നാണ് ചില മാധ്യമങ്ങൾ വിവർത്തനം ചെയ്തത്.
ആരാണ് ‘കാർപെൻറേഴ്സ്’?
ദ കാർപെന്റേഴ്‌സ് (ഔദ്യോഗികമായി കാർപെന്റേഴ്‌സ് എന്നറിയപ്പെടുന്നു) ഒരു അമേരിക്കൻ വോക്കൽ, ഇൻസ്ട്രുമെന്റൽ സംഗീത ബാൻഡ് ആയിരുന്നു. സഹോദരങ്ങളായ കാരെനും റിച്ചാർഡും ഉൾപ്പെട്ടതായിരുന്നു ഈ ബാൻഡ്. 14 വർഷത്തെ കരിയറിൽ, കാർപെന്റേഴ്‌സ് 10 ആൽബങ്ങളും നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്പെഷ്യലുകളും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ 14 സ്റ്റുഡിയോ ആൽബങ്ങളും രണ്ട് ക്രിസ്മസ് ആൽബങ്ങളും, രണ്ട് ലൈവ് ആൽബങ്ങളും, 49 സിംഗിൾസും, നിരവധി കോംപിലേഷൻ ആൽബങ്ങളും കാർപന്റേഴ്സ് സൃഷ്ടിച്ചിട്ടുണ്ട്.
1946-ൽ ജനിച്ച റിച്ചാർഡ് കാർപെന്റർ ആയിരുന്നു ബാൻഡിലെ ഒരു അംഗം. പ്രഗത്ഭനായ കീബോർഡ് പ്ലെയറും, സംഗീത സംവിധായകനും, അറേഞ്ചറും കൂടിയായിരുന്നു അദ്ദേഹം. 1950-ൽ ജനിച്ച കാരെൻ മനോഹരമായ ശബ്‌ദം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു ഡ്രമ്മർ കൂടിയായിരുന്നു റിച്ചാർഡിന്റെ സഹോദരി.1960 കളുടെ അവസാന പകുതിയിലാണ് ഇരുസഹോദരങ്ങളും ഒരുമിച്ച് സംഗീത ജീവിതം ആരംഭിച്ചത്.
1969 ഒക്ടോബറിൽ കാർപെന്റേഴ്സ് അവരുടെ ആദ്യ ആൽബം ‘ഓഫറിംഗ്’ പുറത്തിറക്കി ( തലക്കെട്ട് പിന്നീട് ‘ടിക്കറ്റ് ടു റൈഡ്’ എന്നാക്കി മാറ്റി). ഒരു വർഷത്തിനുള്ളിൽ, അവർ പ്രശസ്തിയിലേക്ക് ഉയർന്നു. 1970 കളുടെ ആദ്യ പകുതിയിൽ വലിയ ഹിറ്റുകൾ സൃഷ്ടിച്ച കാർപെന്റേഴ്സ് ലോകമെമ്പാടും വലിയ വാണിജ്യ വിജയം നേടി. 1970 കളിൽ യുകെയിലെ ഔദ്യോഗിക റെക്കോർഡ് ചാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഏഴാമത്തെ ആൽബം ആർട്ടിസ്‌റ്റുകളായി ഇവർ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ബിൽബോർഡ് റാങ്കിങ്ങിലെ ആദ്യ പത്തിലും ഇടം നേടിയിട്ടുണ്ട് കാർപെന്റേഴ്സ്. 2005 ആയപ്പോഴേക്കും ലോകമെമ്പാടും അവരുടെ 100 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റഴിക്കപ്പെട്ടു എന്ന് കരുതുന്നു. കുട്ടിക്കാലത്തേ പിയാനോ പാഠങ്ങൾ പഠിച്ചയാളാണ് റിച്ചാർഡ്. സഹോദരി കാരെൻ ഡ്രംസും പഠിച്ചിട്ടുണ്ട്. 1965-ലാണ് അവർ ആദ്യമായി സഹകരിച്ചു പ്രവർത്തിച്ചത്. 1979-ൽ ക്വാലുഡ് (Quaalude) എന്ന ന്യൂറോൺ രോഗത്തെ തുടർന്ന് റിച്ചാർഡ് ഒരു വർഷം ബാൻഡിൽ നിന്ന് അവധി എടുത്തു.
ഇതേ സമയത്ത് കാരെന് അനോറെക്സിയ നെർവോസ (anorexia nervosa) എന്ന രോഗം ബാധിച്ചു. ഭക്ഷണം കഴിക്കുന്നതിലെ പേടി മൂലമുള്ള പാകപ്പിഴകൾ മൂലം ശരീര ഭാരം കണ്ടമാനം കുറയുന്നതാണ് ലക്ഷണം. ഈ രോഗത്തിന്റെ സങ്കീർണതകളേ തുടർന്ന് ഹൃദയസ്തംഭനം മൂലം 1983-ൽ കാരെൻ മരിച്ചതോടെ ബാൻഡിനും തിരശീല വീണു. എങ്കിലും അവരുടെ സംഗീതം തുടർന്നും നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിക്കൊണ്ടേയിരുന്നു. തങ്ങളുടെ ബാൻഡ് കരിയറിൽ മൂന്ന് ഗ്രാമി അവാർഡുകൾ നേടിയ ഇരുവരും സംഗീത ലോകത്തെ മറ്റ് നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.