കൊറോണ വൈറസ് (Corona Virus) പകര്‍ച്ചവ്യാധി നമ്മുടെ ദൈനംദിന ജീവിതത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചുവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മാരകമായ ഈ രോഗം നമ്മുടെ ദിനചര്യകളിൽ മുതൽ സർവ്വ മേഖലകളിലും മാറ്റം വരുത്തി. 2020ല്‍ കോവിഡ് 19 (Covid 19) ആദ്യമായി ലോകത്തെ ബാധിച്ചതിന് ശേഷം നിരവധി ആളുകള്‍ അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് 'കോവി,' 'കോവിഡ്-19', 'കൊറോണ' എന്നൊക്കെ പേരിട്ടു. നമ്മുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച മാരകമായ ഒരു രോഗത്തിന്റെ പേര് ആരെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് നൽകുമോ എന്ന യുക്തിയൊന്നും ഇവിടെ ബാധകമല്ല. ഇപ്പോള്‍, തന്റെ വളര്‍ത്തുനായയ്ക്ക് കോവിഡ് എന്ന് പേരിട്ടതിനെ തുടർന്ന് ഒരു യുവതി സോഷ്യല്‍മീഡിയയിൽ ട്രോളുകൾ വാരിക്കൂട്ടുകയാണ്.
മിറര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, യുവതി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തെരുവിലലഞ്ഞു നടന്ന ഒരു നായയെ രക്ഷിക്കുകയും അതിന് കോവിഡ് എന്ന് പേരിടുകയുമായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള 60 ലക്ഷത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ച മാരകമായ വൈറസിന്റെ പേര് വളര്‍ത്തുമൃഗത്തിന് നല്‍കിയതിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ യുവതിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ, തന്റെ വളര്‍ത്തുമൃഗത്തിന് കോവിഡ് എന്ന പേര് തിരഞ്ഞെടുക്കാനുള്ള കാരണവും യുവതി വിശദീകരിച്ചിരുന്നു.
ലോക്ക്ഡൗണിന്റെ തുടക്കത്തിലാണ് അലഞ്ഞുതിരിഞ്ഞ് നടന്ന നായ്ക്കുട്ടിയെ അവര്‍ കണ്ടെത്തിയത്. അതിന് തന്റെ വീടിന് പുറകില്‍ ഭക്ഷണാവിശിഷ്ടങ്ങള്‍ നല്‍കി. ഇപ്പോള്‍ ആ നായ തന്റെ കുടുംബത്തിനൊപ്പം കൂടിയെന്നും, ഈ നായയെ അവകാശപ്പെട്ട് ആരെങ്കിലും മുന്നോട്ട് വരുന്നതുവരെ അതിനെ സംരക്ഷിക്കുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു. യുവതിയും കുടുംബവും പ്രദേശത്തെ പല കടകളിലും നായയെക്കുറിച്ച് ചില അറിയിപ്പുകള്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് കാരണമാണ് നായയെ കണ്ടെത്തിയത്, അതിനാലാണ് നായയ്ക്ക് കോവിഡ് എന്ന് പേരിട്ടതെന്നും അവര്‍ വ്യക്തമാക്കി. ''ഞങ്ങള്‍ അവനെ കോവിഡ് എന്ന് വിളിച്ചു, കാരണം ആ സമയത്താണ് ഞങ്ങള്‍ അവനെ കണ്ടെത്തിയത്, ഞങ്ങളുടെ കൂടെ മുഴുവന്‍ സമയവും അവന്‍ വീട്ടില്‍ ചെലവഴിക്കുന്നു,'' യുവതി ദി മിററിനോട് പറഞ്ഞു. തന്റെ നായയ്ക്കൊപ്പമുള്ള ഒരു പതിവ് നടത്തത്തിനിടെ ഈ പേരിന്റെ പേരില്‍ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചും യുവതി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ നായ കടല്‍ത്തീരത്ത് കളിക്കുമ്പോള്‍ അവിടെയെത്തിയഏതോ ഒരു ദമ്പതികള്‍ താന്‍ നായയുടെ പേര് (കോവിഡ്) വിളിക്കുന്നത് കേട്ടു. തുടര്‍ന്ന് ആ ദമ്പതികള്‍ക്ക്, അവരുടെ അമ്മാവനെ വൈറസ് ബാധിച്ച് നഷ്ടപ്പെട്ടിരുന്നുവെന്നും നായയ്ക്ക് ഈ പേരിട്ടത് ''വിവേകശൂന്യമാണ്'' എന്നും തന്റെ അടുത്ത് വന്ന് പറഞ്ഞു. ''നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ക്യാന്‍സറെന്നോ മരണമെന്നോ എന്ന് വിളിച്ചാല്‍ എങ്ങനെ തോന്നും?'' എന്നും അവര്‍ ചോദിച്ചതായി യുവതി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.