'വേട്ടയാടി മതിയായില്ലെങ്കിൽ കുഞ്ഞുങ്ങളുമായി കവലയിൽ വരാം; ഒറ്റ വെട്ടിന് തീർത്തേക്കണം': മാധ്യമപ്രവർത്തകയുടെ കുറിപ്പ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഭർത്താവ് സുമേഷിനെ ഇരിട്ടിയിൽ വച്ച് സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആക്രമിച്ചതിന് പശ്ചാത്തലത്തിലാണ് വിനീത രംഗത്ത് വന്നത്
കോഴിക്കോട്: അഞ്ച് വർഷത്തിലധികമായി കുടുംബത്തിനുനേരേ വേട്ടയാടൽ നടക്കുന്നതായി മാധ്യമ പ്രവർത്തക. കോഴിക്കോട് ചോമ്പാല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സുമേഷിന്‍റെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ വിനീത വേണുവാണ് തന്‍റെ കുടുംബം നേരിടുന്ന പ്രശ്നങ്ങൾ ഫേസ്ബുക്കിൽ തുറന്നെഴുതിയത്. സുമേഷിനെ ഇരിട്ടിയിൽ വച്ച് സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആക്രമിച്ചതിന് പശ്ചാത്തലത്തിലാണ് വിനീത രംഗത്ത് വന്നത്. സിപിഎം സൈബർ ഗ്രൂപ്പുകളിൽ ഭർത്താവിനെതിരെ വ്യാജ പ്രചരണം നടന്നതായും തെറ്റായ വാർത്ത നൽകി വ്യക്തിഹത്യ നടത്തിയതായും അവർ പറഞ്ഞു.
വടകര ചോമ്പാലയിൽനിന്ന് ഡ്യൂട്ടി കഴിഞ്ഞ കണ്ണൂർ ഇരിട്ടിയിലേക്ക് മടങ്ങുമ്പോൾ പായം ചീങ്ങംകുണ്ടത്തുള്ള സുഹൃത്തിന്‍റെ മാതാപിതാക്കളുടെ വീട്ടിലേക്കു പോകുന്ന വഴി ഒരു സംഘം ആളുകൾ തന്‍റെ ഭർത്താവിനെ തടഞ്ഞുനിർത്തി സദാചാര പൊലീസിങിന് വിധേയമാക്കിയെന്ന് വിനീത പറയുന്നു. താൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഫോൺ വന്നപ്പോൾ വാഹനം നിർത്തിയതാണെന്നും മറുപടി നൽകിയിട്ടും അവർ സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യൽ തുടർന്നു. ബൈക്ക് എടുത്ത് പോകാൻ ശ്രമിച്ചെങ്കിലും പോകാൻ അനുവദിച്ചില്ലെന്നും വിനീത ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
advertisement
പൊലീസുകാരനാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ ആളുകളെ വിളിച്ചു വരുത്തി. ആളുകൾ കൂട്ടംകൂടി സഭ്യമല്ലാതെ സംസാരിക്കാൻ തുടങ്ങി. സുഹൃത്തിനെ വിളിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. മഴ ചാറി തുടങ്ങിയെന്ന പേരും പറഞ്ഞ് അവർ ബലമായി സമീപത്തെ വീടിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.വീടിന്റെ മതിലിനകത്തേക്ക് കയറ്റി നിർത്തി, സംഘം ചേർന്ന് വളഞ്ഞായി പിന്നീട് ചോദ്യം ചെയ്യലും ഭീഷണിയും. ഇത് ചിലർ വീഡിയോയിൽ പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഇരിട്ടി സ്റ്റേഷനിലെ മൊബൈൽ പെട്രോളിങ് യൂണിറ്റ് എസ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഭർത്താവിനെ അവിടെനിന്ന് രക്ഷപെടുത്തുകയായിരുന്നുവെന്നും വിനീത പറയുന്നു.
advertisement
പായത്ത് വെച്ച് നടന്നത് കൃത്യമായും ഒരു സംഘം മദ്യപാനികളുടെ നേതൃത്വത്തിൽ നടന്ന സദാചാര പൊലീസിങ് ആണെന്ന് വിനീത പറയുന്നു. എന്നാൽ പിറ്റേ ദിവസം മുതൽ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളിലും വാട്ട്സ് അപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും അക്രമികൾ എടുത്ത വീഡിയോ ഉപയോഗിച്ച് തന്റെ ഭർത്താവിനെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ പ്രചാരണം തുടങ്ങി. ഇടത് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂരിലെ പല ദൃശ്യമാധ്യമപ്രവർത്തകരെയും വിളിച്ച് ഭർത്താവിനെ അനാശ്യാസത്തിന് പിടികൂടിയെന്നാണ് പറഞ്ഞത്. ശത്രുതയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ അത്തരം ഒരു ദുഷ്പ്രചരണത്തിന് അവർ തന്നെ ചുക്കാൻ പിടിച്ചു. ഒരു വാർത്തയും പ്രത്യക്ഷപ്പെട്ടു. അസമയത്ത് നാട്ടുകാർ പിടികൂടിയ പൊലീസുകാരനെതിരെ അന്വേഷണം എന്നാണ് വാർത്തയിൽ പറയുന്നത്. ബഹുമാനപ്പെട്ട ലേഖകനോട് ഒരു ചോദ്യം . അല്ലയോ സർ ഏതാണ് താങ്കൾ വിവക്ഷിക്കുന്ന ഈ അസമയം? രാത്രി പത്തിന് ശേഷം എന്നും ,അർധരാത്രിയെന്നും വാർത്തയിൽ പറയുന്നു. അതാണോ താങ്കൾ ഉദ്ദേശിച്ച അസമയം. ആ സമയത്ത് ഒരാൾക്ക് റോഡിലൂടെ യാത്ര ചെയ്യാൻ പാടില്ല എന്നാണോ? ബൈക്ക് നിർത്തി താഴെ ഇറങ്ങി ഫോൺ ചെയ്യാൻ പാടില്ല എന്നാണോ? രാത്രിയിലെ പെൺനടത്തം ഒക്കെ ആഘോഷമാക്കിയ സംസ്ഥാനമല്ലേ ഇത്?- വിനീത ചോദിക്കുന്നു.
advertisement
'കഴിഞ്ഞ മൂന്ന് വർഷമായി , കൃത്യമായി പറഞ്ഞാൽ ഷുഹൈബ് വധത്തിന് ശേഷം അതിഭീകരമായ മാനസിക പീഡനമാണ് ഞാനും ഭർത്താവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വാർത്തയ്ക്ക് പുറമെ ഇടത് അനുകൂല പൊലീസുകരുടെ ഗ്രൂപ്പുകളിൽ വ്യാപകമായ ഭീഷണിയാണ് ഉണ്ടായത്. ക്യാർട്ടേഴ്സിൽ കയറി തല്ലും കൊല്ലും കാൽവെട്ടും എന്നൊക്കെയാണ് പൊലീസുകാർ തന്നെ ഭീഷണി മുഴക്കിയത്' - വിനീത തുറന്നെഴുതുന്നു.
'ആരുടെയും സഹതാപമോ പിന്തുണയോ തേടിയല്ല പോസ്റ്റ്. നിരവധി തവണ എഴുതാൻ ശ്രമിച്ചെങ്കിലും പേടിച്ചിട്ട് തന്നെയാണ് എഴുതാഞ്ഞത്. ഇതൊക്കെ നിസ്സാരമെന്ന് തോന്നുന്നവർ ഉണ്ടാകാം. പക്ഷേ നാളെ ആർക്കും ഇത്തരം അവസ്ഥ ഉണ്ടാകാം എന്ന് ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സദാചാര പൊലീസുകാരും അവർക്ക് ചൂട്ട് പിടിക്കുന്നവരും എവിടെയും പതുങ്ങിയിരുപ്പുണ്ട്. അത്തരക്കാരെ പിന്തുണക്കാൻ , മനുഷ്യത്വത്തെക്കുറിച്ച് പാടുമെങ്കിലും , അതാകെ റദ്ദ് ചെയ്ത് , ജനാധിപത്യത്തിന്റെ കുപ്പായമിട്ട ഫാസിസ്റ്റുകളായി ഇറങ്ങും. ജാഗ്രത....' - വിനീത എഴുതുന്നു. 'അവസാനമായി ഒരു കാര്യമേ പറയാനുള്ളൂ. ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജങ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണം'- എന്നു പറഞ്ഞു കൊണ്ടാണ് വിനീത പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2021 10:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വേട്ടയാടി മതിയായില്ലെങ്കിൽ കുഞ്ഞുങ്ങളുമായി കവലയിൽ വരാം; ഒറ്റ വെട്ടിന് തീർത്തേക്കണം': മാധ്യമപ്രവർത്തകയുടെ കുറിപ്പ്


