സോഷ്യൽ മീഡിയ യുഗത്തിൽ ഒട്ടേറെ വീഡിയോകൾ ഓരോ ദിവസവും വൈറലായി മാറുന്നുണ്ട്. അത് ഇന്ത്യയിലായാലും രാജ്യത്തിന് പുറത്തായാലും ഒട്ടേറെ കാഴ്ചക്കാരെ ആകർഷിക്കാറുണ്ട്. വളരെ നിസാരമായി കാണേണ്ടവയിൽ തുടങ്ങി ഒട്ടേറെ ഗൗരവകരമായ കാര്യങ്ങൾ വരെ ഈ വീഡിയോകൾ ജനങ്ങൾക്കിടയിൽ എത്തിച്ചിട്ടുണ്ട്. ചിലർക്ക് ജീവിതം തന്നെ മാറിമറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാലിപ്പോൾ ഇത്തരമൊരു വൈറൽ വീഡിയോ കാരണം കാണാതെ പോയ തന്റെ ഭർത്താവിനെ കണ്ടെത്താൻ കഴിഞ്ഞിരിക്കുകയാണ് ഒരാൾക്ക്.
2021 ജനുവരി മൂന്നിനാണ് പുഷ്പ സാൽവിയുടെ ഭർത്താവിനെ കാണാതാവുന്നത്. അതേ സമയത്താണ് ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ (ഐ.എം.സി.) വീടില്ലാത്തതും പ്രായം ചെന്ന അശരണരായവരെയും പട്ടണത്തിനു പുറത്തുപേക്ഷിക്കുന്ന വീഡിയോ വൈറലായി മാറിയത്.
ഈ വീഡിയോയിലും ചിത്രങ്ങളിലും നിന്ന് നഷ്‌ടപ്പെട്ടു എന്ന് കരുതിയ ഭർത്താവ്, 50 വയസ്സുകാരനായ അനിൽ സാൽവിയെ പുഷ്പ കണ്ടെത്തുകയായിരുന്നു. നിപാനിയയിലെ ബെപാസ്സ് റോഡിൻറെ അരികിൽ ഇരിക്കുന്ന നിലയിലാണ് ഇവർ ഭർത്താവിനെ കണ്ടത്. മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ് അനിൽ സാൽവി.
ജനുവരി മൂന്നിന് ഭർത്താവിനെ കാണാതായതിനെ തുടർന്ന് പുഷ്പ ഒട്ടേറെ സ്ഥലങ്ങളിൽ അന്വേഷിച്ചു. എന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ ഇവർ ജനുവരി 15ന് ചന്ദൻ നഗർ പോലീസിൽ പരാതി കോടതി. ഐ.എം.സി. ഓഫീസർ എന്ന പേരിൽ ജനുവരി 29ന് ഒരാളുടെ ഫോൺ കോൾ ലഭിച്ചു എന്ന് പുഷ്പ. ഭർത്താവ് നിപാനിയാ ഭാഗത്ത് ഉള്ളതായി വിവരം കൈമാറിയ കോൾ ആയിരുന്നു അത്. ഒരു ടാക്സി പിടിച്ച് പുഷ്പ നേരെ അങ്ങോട്ട് പാഞ്ഞു.
തന്റെ ഹൃദയത്തിൽ തൊടുന്ന കാഴ്ചയാണ് പുഷ്പ അവിടെ പിന്നീട് കണ്ടത്. മറ്റു കുറേപേർക്കൊപ്പം അനിൽ സാൽവി നിലത്തു കിടക്കുകയായിരുന്നു. എന്നാൽ ഭർത്താവിനെ തിരികെ എത്തിക്കാൻ ഐ.എം.സി. ഉദ്യോഗസ്ഥർ സഹായിച്ചില്ല എന്ന് പുഷ്പ പരാതി പറഞ്ഞു. ആദ്യം തന്നെ ഭർത്താവിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് ചെയ്തതെന്ന് പുഷ്പ. മരുന്ന് കുറിച്ച് നൽകിയ ഡോക്‌ടർമാർ അനിൽ സാൽവിയെ വീട്ടിലേക്കു കൊണ്ടുപോകാൻ അനുവാദം നൽകി.
ഒരു അപകടത്തെ തുടർന്ന് അനിൽ സാൽവിയുടെ മനോനില താളം തെറ്റുകയായിരുന്നു എന്ന് ചന്ദൻ നഗർ പോലീസ് സ്റ്റേഷനിലെ ടൗൺ ഇൻസ്‌പെക്ടർ 'ദി ലോജിക്കൽ ഇന്ത്യനോട്' പറഞ്ഞു.
അശരണരെ വഴിയിൽ ഉപേക്ഷിക്കുന്ന ഐ.എം.സി.യുടെ വീഡിയോ വൈറലായിരുന്നു. ആരോരുമില്ലാത്തവരെ നിഷ്ക്കരുണം ഉപേക്ഷിക്കുന്ന ഈ വീഡിയോകൾ ഒട്ടേറെ വിമർശങ്ങൾക്ക് വഴിവച്ചിരുന്നു.
ചീഫ് സെക്രട്ടറി, ഇൻഡോർ ഡിവിഷണൽ കമ്മീഷ്ണർ, ജില്ലാ കലക്‌ടർ, ഐ.എം.സി. മേധാവി എന്നിവരുടെ പക്കൽ നിന്നും മധ്യപ്രദേശിലെ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.
സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഐ.എം.സി. ഡെപ്യൂട്ടി കമ്മീഷ്ണർ പ്രതാപ് സിംഗ് സോളങ്കിയെ സസ്‌പെൻഡ് ചെയ്‌തു. കോർപറേഷനിലെ രണ്ടു കരാർ ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.