പഴക്കമേറിയ പെയിന്റിംഗുകളും വിവിധ തരം പുരാവസ്തുക്കളും കോടിക്കണക്കിന് രൂപയുടെ ലേലത്തുകയ്ക്ക് വിറ്റു പോയ വാർത്തകൾ കൗതുകത്തോടെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാൽ അടുത്തിടെ നടന്ന ഒരു ലേലത്തിന് വിറ്റ് പോയ പുരാവസ്തുവും അതിന്റെ ലേലത്തുകയും കണ്ട് അമ്പരപ്പിലാണ് സൈബർ ലോകം. കാണാൻ അത്ര ഭേദപ്പെട്ട നിലയിലല്ലാത്ത ചുളിവുകളും അഴുക്കും നിറഞ്ഞ ഒരു ജീൻസ്.
പക്ഷേ ഈ ജീൻസ് വിറ്റ് പോയ ലേലത്തുക അറിയുമ്പോൾ ആളത്ര നിസാരനല്ല എന്ന് എല്ലാവർക്കും മനസ്സിലാകും. ’94 ലക്ഷം രൂപ’. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപയ്ക്കാണ്. യുഎസ് നോര്‍ത്ത് കരോലിനയ്ക്ക് സമീപം 1857ല്‍ തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നാണ് ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ജീന്‍സ് കണ്ടെത്തിയത്. 1,14,000 യുഎസ് ഡോളറിനാണ് (94 ലക്ഷം രൂപ) ഈ ജീന്‍സ് വിറ്റു പോയത്.
Also read- ‘ആര് ആദ്യം ഫോട്ടോ എടുക്കും!’; വിവാഹവേദിയിൽ വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്
അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഹെവി ഡ്യൂട്ടി ചെയ്തിരുന്ന ഏതെങ്കിലും ഖനി തൊഴിലാളിയുടേതാണെന്നാണ് കരുതുന്നത്. സ്വര്‍ണത്തിന്‍റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പലില്‍ നിന്നാണ് ജീന്‍സ് കണ്ടെടുത്തത്. 1857ല്‍ പനാമയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് ഈ കപ്പല്‍ മുങ്ങുകയായിരുന്നു.
അന്ന് 425 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അന്ന് കപ്പലില്‍ ജോലി ചെയ്തിരുന്നയാളുടെ ജീന്‍സാണിതെന്നാണ് പറയപ്പെടുന്നത്. അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഏത് കമ്പനി നിര്‍മ്മിച്ചതാണെന്ന് വ്യക്തമല്ല. തുണിയുടെ പഴക്കം മൂലം നിറമേതെന്നും വ്യക്തമല്ല. എന്തായാലും നെവാഡയിലെ റെനോയിൽ വച്ചാണ് ലേലം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.