സിപിഎ പരിശീലനത്തോടെ ഒരു വർഷ പിജി ഡിപ്ലോമ; അസാപ് കേരള- ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ധാരണയായി
- Published by:Nandu Krishnan
- news18-malayalam
Last Updated:
അന്താരാഷ്ട്ര ധനകാര്യം, നികുതി രംഗം, പബ്ലിക് അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള അറിവ് നേടാനുള്ള പരിശീലനമാണ് കോഴ്സ് വിഭാവനം ചെയ്യുന്നത്
തിരുവനന്തപുരം: ഇന്ത്യയിലെ ചാർട്ടഡ് അക്കൗണ്ടന്റിന് സമാനമായ അമേരിക്കയിലെ പ്രൊഫഷണൽ യോഗ്യതയാണ് സിപിഎ അഥവാ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് .കേരളത്തിൽ നിന്നും സിപിഎകാരെ സൃഷ്ടിക്കാൻ അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും തമ്മിൽ കൈകോർക്കുന്നു. ഇതിനായി കൊമേഴ്‌സ് ബിരുദധാരികൾക്ക് സിപിഎ യോടു കൂടിയുള്ള യു എസ് ജെനറലി ആക്സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പിൾസിൽ (GAAP) ഒരു വർഷ പിജി ഡിപ്ലോമ ആരംഭിക്കാൻ അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും തമ്മിൽ ധാരണയായി. യു.എസ് ഓഡിറ്റിങ്, അക്കൗണ്ടിംഗ് രംഗത്ത് ഉയർന്ന തൊഴിൽ സാധ്യതകളുള്ള മേഖലയാണിത്. പ്രസ്തുത ഡിപ്ലോമ വഴി സി.പി.എ പരീക്ഷയ്ക്കുള്ള പരിശീലനത്തോടൊപ്പം അക്കാദമിക് ക്രെഡിറ്റും ലഭിക്കാൻ അവസരമൊരുങ്ങും.
സിപിഎ പരീക്ഷയ്ക്ക് യോഗ്യത നേടാൻ 120 യു.എസ് അക്കാദമിക് ക്രെഡിറ്റ് ആവശ്യമുണ്ട്. കേരളത്തിലെ ബി.കോം ബിരുദ വിദ്യാർത്ഥിക്ക് ശരാശരി 90 അക്കാദമിക് ക്രെഡിറ്റാണ് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ ഭാഗമായി ലഭിക്കുക. ഈ പിജി ഡിപ്ലോമ വഴി ലഭിക്കുന്ന 30 അധിക അക്കാദമിക് ക്രെഡിറ്റ് കൂടി ചേരുമ്പോൾ സി.പി.എ പരീക്ഷ എഴുതാനുള്ള അമേരിക്കൻ ഗവണ്മെന്റ് നിഷ്കർഷിക്കുന്ന യോഗ്യത നേടാൻ കഴിയും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശീലനത്തിന് ധാരണയാകുന്നത്. അന്താരാഷ്ട്ര ധനകാര്യം, നികുതി രംഗം, പബ്ലിക് അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള അറിവ് നേടാനുള്ള പരിശീലനമാണ് കോഴ്സ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയുടേയും അമേരിക്കയുടെയും ജെനറലി ആക്സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പിൾസ് പഠിക്കുക വഴി ബാങ്കിംഗ് ഫിനാൻസ്, അക്കൗണ്ടിംഗ് മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കും.
advertisement
നാലുവർഷ ബിരുദ പദ്ധതിയുടെ ഭാഗമായി സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസാപ് കേരളയുമായി സഹകരിച്ച് ആരംഭിക്കുന്ന സെന്റർ ഫോർ സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സസ് ആൻഡ് കരിയർ പ്ലാനിംഗ് വഴി നൽകുന്ന ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾക്കും, അസാപ് കേരളയുടെ തെരഞ്ഞടുക്കപ്പെടുന്ന നൈപുണ്യ കോഴ്‌സുകൾക്കും ഡിജിറ്റൽ യൂണിവേഴ്‌സിറ്റി മൈക്രോ ക്രെഡിറ്റുകൾ നൽകും.
ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ വച്ചുനടന്ന ചടങ്ങിൽ അസാപ് കേരള സി.എം ഡി ഡോ. ഉഷ ടൈറ്റസും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. രജിസ്ട്രാർ പ്രൊഫ. എ മുജീബ്, പ്രൊഫ സന്തോഷ് കുറുപ്പ്, അസാപ് കേരള പ്രോഗ്രാം മാനേജർമാരായ വിപിൻദാസ് പള്ളിയത്ത്, പി സൂരജ്, ആശിഷ് ഫ്രാൻസിസ്, ഫെല്ലോ ശ്രീലക്ഷ്മി സുരേഷ് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 26, 2024 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
സിപിഎ പരിശീലനത്തോടെ ഒരു വർഷ പിജി ഡിപ്ലോമ; അസാപ് കേരള- ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ധാരണയായി