പുതിയ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നത് രണ്ട് വർഷത്തേയ്ക്ക് നിര്‍ത്തിവയ്ക്കണം: കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി
- Published by:Sarika KP
- news18-malayalam
Last Updated:
അടുത്ത രണ്ടുവര്‍ഷത്തേക്ക് മെട്രോ അല്ലെങ്കില്‍ ടിയര്‍ വണ്‍ നഗരങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ണാടകയില്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് പുതിയ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി സുധാകര്‍ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനോട് (എഐസിടിഇ) ആവശ്യപ്പെട്ടു.
‘അശാസ്ത്രീയവും’ ‘അസാധാരണവും’മായ രീതിയില്‍ വിവിധ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്കുള്ള സീറ്റ് വര്‍ധന തടയാന്‍ എഐസിടിഇ ഇടപെടണമെന്നാണ് സെപ്റ്റംബര്‍ 14-ന് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടത്. എഞ്ചിനീയറിംഗ്, ടെക്നിക്കല്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന സംസ്ഥാന സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന നിയമലംഘനങ്ങള്‍ കണക്കിലെടുത്താണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഐടി അനുബന്ധ കോഴ്‌സുകള്‍ പ്രധാനം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത രണ്ടുവര്‍ഷത്തേക്ക് മെട്രോ അല്ലെങ്കില്‍ ടിയര്‍ വണ്‍ നഗരങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തണമെന്നും എഐസിടിഇയോട് അദ്ദേഹം ആവശ്യപ്പെട്ടു. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുറയ്ക്കാനും പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും പുതിയ കോളേജുകള്‍ തുടങ്ങുന്നതിനും അടയ്ക്കുന്നതിനും എഐസിടിഇ ശുപാര്‍ശയ്ക്ക് മുമ്പായി സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടത് നിര്‍ബന്ധമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കോഴ്‌സുകള്‍ തുടങ്ങുന്നതിലും സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിലുമുണ്ടായ അശാസ്ത്രീയ തീരുമാനങ്ങളാണ് ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളിലെ എഐസിടിഇ അംഗീകൃത കോളേജുകളുടെ നിലനില്‍പ്പിന് ഭീഷണിയുയർത്തിയിരിക്കുന്നതെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ മികച്ച അധ്യാപകര്‍ മെട്രോ അല്ലെങ്കില്‍ ടിയര്‍ 1 നഗരങ്ങളിലേക്ക് വ്യാപകമായി കുടിയേറിയത് ട്യര്‍ 2, ട്യര്‍ 3 നഗരങ്ങളിലെ സ്ഥാപനങ്ങളിലെ അധ്യാപനത്തിന്റെ ഗുണനിലവാരം കുറയുന്നതിനും അധ്യാപകരുടെ എണ്ണം കുറയുന്നതിനും കാരണമായതായും അദ്ദേഹം പറഞ്ഞു.
advertisement
ഈ സ്ഥിതി തുടരുകയാണെങ്കില്‍ ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് വലിയ വെല്ലുവിളിയായി തീരുമെന്നും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും അത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, സീറ്റുകളുടെ അനിയന്ത്രിതമായ വര്‍ദ്ധനവ് ബിരുദധാരികളുടെ തൊഴിലവസരങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (വിടിയു), എഐസിടിഇ എന്നിവയില്‍ നിന്ന് പുതിയ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് അംഗീകാരം നേടിയ 90 ഓളം കോളേജുകൾക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി ഒരു മാസത്തിന് ശേഷമാണ് മന്ത്രിയുടെ അഭ്യര്‍ത്ഥന. പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ടവരില്‍ നിന്ന് അപേക്ഷ ലഭിക്കുമ്പോഴെല്ലാം, അതത് സംസ്ഥാന ഗവണ്‍മെന്റ്/അഫിലിയേറ്റ് ബോഡി ഓപ്പുവെച്ച രസീത് സമര്‍പ്പിച്ചാല്‍ മാത്രമേ നടപടിക്രമങ്ങള്‍ ആരംഭിക്കാറുള്ളൂവെന്ന് എഐസിടിഇ ചെയര്‍മാന്‍ പ്രൊഫ. ടി.ഡി സീതാറാം മന്ത്രിക്ക് അയച്ച മറുപടിക്കത്തില്‍ വ്യക്തമാക്കി.
advertisement
പ്രസ്തുത അപേക്ഷകന് അംഗീകാരം നല്‍കുന്നത് തടയാൻ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ എഐസിടിഇയെ അറിയിക്കണം. ഇക്കാര്യം കൗണ്‍സിലിന്റെ ഹാന്‍ഡ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ കത്തില്‍ പറഞ്ഞു. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന്, അഫിലിയേഷന്‍ ബോഡിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കേണ്ടത് കൗണ്‍സില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
September 26, 2023 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പുതിയ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നത് രണ്ട് വർഷത്തേയ്ക്ക് നിര്‍ത്തിവയ്ക്കണം: കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി