KEAM-2022| കേരള എഞ്ചിനീയറിംഗ്/ ഫാർമസി പ്രവേശനപരീക്ഷ; അറിയേണ്ടതെല്ലാം
- Published by:Rajesh V
- news18-malayalam
Last Updated:
പരീക്ഷക്കു ശേഷം ഒ.എം.ആർ. ഷീറ്റിന്റെ കോപ്പി കയ്യിൽ സുരക്ഷിതമായി വെക്കണം. പരീക്ഷ കഴിഞ്ഞ്, അധികം വൈകാതെ വെബ് സൈറ്റിൽ ഉത്തരസൂചികകൾ പ്രസിദ്ധീകരിക്കും. അത് വിശദമായി പരിശോധിക്കുകയും ചോദ്യങ്ങളിൽ ആക്ഷേപങ്ങളുള്ള പക്ഷം നിശ്ചിത ഫീസടച്ച് പരാതിപ്പെടാവുന്നതുമാണ്.
കേരളത്തിലെ എഞ്ചിനീയറിംഗ് ഫാർമസി കോളേജുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷ ഇന്നു നടക്കുകയാണല്ലോ. പ്ലസ്ടു പരീക്ഷയുടെ സിലബസിന്റെ അടിസ്ഥാനത്തിലാണ്, പ്രവേശന പരീക്ഷയെങ്കിലും ചോദ്യങ്ങളുടെ രീതിയും മൂല്യനിർണ്ണയവും തികച്ചും വ്യത്യസ്തമാണ്. ഇക്കാര്യം കീമിന്റെ മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ പരിശോധിച്ചാൽ മനസ്സിലാകും.
പരീക്ഷാ കേന്ദ്രം
പരീക്ഷതുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും കേന്ദ്രത്തിലെത്തുന്നതാണ് ഉചിതം. പരീക്ഷതുടങ്ങി അരമണിക്കൂർ വൈകിയെത്തുന്നവരെ പരീക്ഷയെഴുതാൻ അനുവദിക്കുമെങ്കിലും, ആ സമയത്തുണ്ടാകുന്ന വെപ്രാളം തീർച്ചയായും പരീക്ഷയെ ബാധിക്കും. പരീക്ഷാ കേന്ദ്രം നേരത്തെ തന്നെ കണ്ടെത്തി വെക്കുകയും പരീക്ഷാഹാളിലേക്കു കൊണ്ടുപോകാവുന്ന അനുവദിച്ചവ സാമഗ്രികൾ നേരത്തെ തന്നെ തയ്യാറാക്കി വെക്കുകയും വേണം. നീല -കറുപ്പ് മഷിയുള്ള ബോൾപോയിന്റ് പേനകൾ എടുക്കാൻ മറക്കരുത്. പരീക്ഷക്കു ലഭിക്കുന്ന ചോദ്യപുസ്തകത്തിന്റെ വെർഷൻ കോഡ് തന്റെ റോൾനമ്പറിന് അനുസൃതമായതാണെന്ന് ഉറപ്പാക്കുകയും എല്ലാ പേജുകളും ഉണ്ടെന്നു ഉറപ്പുവരുത്തിയതിനും ശേഷം മാത്രം, പരീക്ഷ തുടങ്ങുക.
advertisement
അനുയോജ്യമായ ഉത്തരം
വിവരണാത്മകരീതിയിൽ ഉത്തരംനൽകേണ്ട രീതിയിൽ ക്രമീകരിച്ചിരിക്കുന്ന പ്ലസ്ടു പരീക്ഷയിൽ നിന്നും വ്യത്യസ്തമായി ലഭിച്ചിരിക്കുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ നിന്നും ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുന്ന രീതിയാണ്, ഇവിടെ അവലംബിച്ചിരിക്കുന്നതെന്നു ചുരുക്കം. ഓരോ ചോദ്യങ്ങൾക്കു കീഴിലും നൽകിയിരിക്കുന്ന അഞ്ച് ഉത്തരങ്ങളിൽ നിന്നും ആലോചിച്ച് പൂർണ്ണബോധ്യമുള്ള ചോയ്സ് ഒ.എം.ആർ ഷീറ്റിൽ രേഖപ്പെടുത്തേണ്ടതുണ്ട്.രേഖപ്പെടുത്തുന്ന ഉത്തരം തെറ്റാണെങ്കിൽ മാർക്ക് നഷ്ടപ്പെടാൻ (നെഗറ്റീവ് മാർക്ക്) ഇടയുള്ളതുകൊണ്ട്, ഊഹാപോഹങ്ങൾ വേണ്ട.
സമയം
രാവിലെയും ഉച്ചക്കുമായി നടക്കുന്ന ഓരോ പേപ്പറിനും 120 ചോദ്യങ്ങളുള്ള രണ്ടരമണിക്കൂറിന്റെ ചോദ്യപേപ്പറാണുള്ളത്. അതായത്, ഒരു ചോദ്യത്തിനുള്ള ശരാശരി സമയം 75 സെക്കൻഡ് മാത്രം. ചോദ്യം മുഴുവനായി വായിച്ചതിനും തന്നിരിക്കുന്ന ഓപ്ഷൻസ് പരിശോധിച്ച് അനുയോജ്യമായ ഉത്തരം നിശ്ചയിച്ച് ഒ.എം.ആർ ഷീറ്റിൽ രേഖപ്പെടുത്താനുള്ള ശരാശരി സമയമാണ്, ഈ 75 സെക്കന്റെന്നു മറക്കരുത്. ലളിതമായ ചോദ്യങ്ങളുടെ ഉത്തരം പെട്ടന്ന് കണ്ടെത്തി, ആ സമയം കൂടി കഠിനമായ ചോദ്യങ്ങൾക്ക് നീക്കിവെച്ചാലാണ് , ഉയർന്ന് മാർക്ക് ലഭിക്കാനിട. അതിനാൽ രണ്ട് - മൂന്ന് റൗണ്ടുകളായി പരീക്ഷ ക്രമീകരിക്കുകയാണ് , ഉചിതം. ആദ്യറൗണ്ടിൽ ലളിതമായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയതിനു ശേഷം ശരാശരി ചോദ്യങ്ങൾ, കഠിനചോദ്യങ്ങൾ എന്ന ക്രമത്തിൽ ഉത്തരം നൽകണം.
advertisement
പരീക്ഷ ഘടന
പേപ്പർ 1
ഫിസിക്സ് :72 ചോദ്യങ്ങൾ
കെമിസ്ട്രി : 48 ചോദ്യങ്ങൾ
പേപ്പർ 1 നെ ആധാരമാക്കിയാണ്
ഫാർമസി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുക മാത്രവുമല്ല; ഫാർമസി റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ കെമിസ്ട്രിയിൽ ലഭിക്കുന്ന മാർക്കിന് കൂടുതൽ വെയ്റ്റേജ് നൽകിയാണ് ക്രമീകരിക്കുക. അതിനാൽ ഫാർമസി പ്രവേശനമാഗ്രഹിക്കുന്നവർ, കെമിസ്ട്രിക്കു കൂടുതൽ മാർക്കു നേടുന്നതാണ് , ഉചിതം
പേപ്പർ 2
മാത്തമാറ്റിക്സ് : 120 ചോദ്യങ്ങൾ
പരീക്ഷാ ഘടനയനുസരിച്ച്,
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ ചോദ്യങ്ങളുടെ അനുപാതം 5:3:2 ആയതിനാൽ എഞ്ചിനീയറിംഗ് എൻട്രൻസിൽ മാത്തമാറ്റിക്സിനു വലിയ പ്രാധാന്യമുണ്ട്.
advertisement
പരീക്ഷക്കു ശേഷം ഒ.എം.ആർ. ഷീറ്റിന്റെ കോപ്പി കയ്യിൽ സുരക്ഷിതമായി വെക്കണം. പരീക്ഷ കഴിഞ്ഞ്, അധികം വൈകാതെ വെബ് സൈറ്റിൽ ഉത്തരസൂചികകൾ പ്രസിദ്ധീകരിക്കും. അത് വിശദമായി പരിശോധിക്കുകയും ചോദ്യങ്ങളിൽ ആക്ഷേപങ്ങളുള്ള പക്ഷം നിശ്ചിത ഫീസടച്ച് പരാതിപ്പെടാവുന്നതുമാണ്.
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 04, 2022 7:49 AM IST


