മരങ്ങളുടെ ലൈബ്രറി ഒരുക്കി ലാത്തൂരിലെ കോളേജ് വിദ്യാര്‍ത്ഥികള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
മരങ്ങളെപ്പറ്റി വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുക അവയെ സംരക്ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് ലൈബ്രറി നിര്‍മ്മിച്ചിരിക്കുന്നത്
മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോളേജ് ക്യാംപസില്‍ വ്യത്യസ്തമായ ലൈബ്രറി നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍. നൂറുകണക്കിന് മരങ്ങളുടെ ലൈബ്രറിയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ചത്. മരങ്ങളെപ്പറ്റി വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുക അവയെ സംരക്ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് ലൈബ്രറി നിര്‍മ്മിച്ചിരിക്കുന്നത്. ഔഷധഗുണമുള്ള മരങ്ങളും സാധാരണ തണല്‍ മരങ്ങളും കോളേജ് ക്യാംപസിനുള്ളില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പേരാല്‍, മാവ്, മുള എന്നിവയുള്‍പ്പടെ നിരവധി മരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ചത്.
രാജര്‍ഷി ഷാഹു കോളേജ് ക്യാംപസിനുള്ളിലാണ് ഈ വ്യത്യസ്തമായ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ലാത്തൂര്‍ കളക്ടര്‍ വര്‍ഷ താക്കൂര്‍ ഗുജെ ആണ് ലൈബ്രറി ഉദ്ഘാടനം ചെയ്തത്. കോളേജ് പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. 100 കണക്കിന് വ്യത്യസ്ത മരങ്ങളുടെ തൈകളാണ് വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ചത്. മരത്തൈകളോടൊപ്പം അവയുടെ പേരും മറ്റ് വിവരങ്ങളും എഴുതിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. മരങ്ങള്‍ സംരക്ഷിക്കുകയെന്ന ബോധം സമൂഹത്തില്‍ പകര്‍ന്നു നല്‍കുകയെന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
advertisement
മരങ്ങൾ പരിപാലിക്കാനും അറിവ് നേടാനും കുട്ടികളെ പ്രാപ്തരാക്കുകയെന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് കോളേജ് പ്രിന്‍സിപ്പലായ ഡോ. മഹാദേവ് ഗവാഹനെ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഈ സംരംഭത്തെ കളക്ടറും അഭിനന്ദിച്ചു. വിത്ത് വിതരണം, മരതൈ വിതരണം എന്നിവയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ജില്ലാ ഭരണകൂടം നല്‍കുമെന്ന് കളക്ടർ അറിയിച്ചു. മരങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയുള്ള അറിവുകള്‍ യുവാക്കള്‍ക്കിടയില്‍ പകരാൻ ഈ സംരംഭം സഹായിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. മറ്റ് കോളേജുകളും ഇത്തരം സംരംഭം ആരംഭിക്കണമെന്ന് കളക്ടര്‍ ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
November 12, 2023 10:39 AM IST