NIFT|ഫാഷനാണോ പാഷൻ? നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിളിയ്ക്കുന്നു
- Published by:ASHLI
- news18-malayalam
Last Updated:
എല്ലാ കോഴ്സുകൾക്കും വിവിധ പ്രവേശനപരീക്ഷകൾ (എഴുത്തുപരീക്ഷ) ഉണ്ടാകും. പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക
ഫാഷൻ രംഗത്തെ ഡിസൈൻ, സാങ്കേതിക വിദ്യ, മാനേജ്മെന്റ് എന്നീ മേഖലയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾക്ക് രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്). 1986 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ എജുക്കേഷൻ എന്ന പേരിലാരംഭിച്ച കേന്ദ്രം 2006 ൽ പാർലിമെന്റിലെ പ്രത്യേക നിയമം വഴി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്ന പേരിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുകയായിരുന്നു. ഇന്ത്യയുടെ പ്രസിഡണ്ടാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിസിറ്റർ പദവിയിലുള്ളത്.
പലരും കരുതുന്നതു പോലെ, ഫാഷൻ ഡിസൈൻ എന്നതു കേവലം തയ്യൽജോലിയല്ല മറിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത ഐടിയുടെ സാധ്യതകൾ ഫലപ്രദമായി ഉൾച്ചേർത്തുള്ള പഠനമാണ്. നല്ല സർഗ്ഗാത്മകതയും ചിത്രരചനാപാടവവുമുള്ളവർക്കു ശോഭിക്കാവുന്നത മേഖലയാണ്. ഫാഷൻ മേഖല പ്രോഗ്രാമിന്റെയും ഘടനയിൽ മേജർ, മൈനർ, ഇലക്ടീവുകൾ എന്നിവ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന താൽപര്യങ്ങൾക്കിണങ്ങിയ രീതിയിൽ കോഴ്സ് ഘടന നിശ്ചയിക്കാം.
പ്രവേശനക്രമം
എല്ലാ കോഴ്സുകൾക്കും വിവിധ പ്രവേശനപരീക്ഷകൾ (എഴുത്തുപരീക്ഷ) ഉണ്ടാകും. പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക. ഓരോ പ്രോഗ്രാമുകളിലേയ്ക്കുമുള്ള പ്രവേശന പ്രക്രിയ വ്യത്യസ്തമാണ്. ബിഡിസ് പ്രോഗ്രാമിലേയ്ക്ക് ജനറൽ എബിലിറ്റി ടെസ്റ്റ് (GAT), ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റ് (CAT), സിറ്റുവേഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലും ബിഎഫ്ടെക് പ്രോഗ്രാമിലേയ്ക്ക് GAT-A, GAT-B എന്നിവയുടെ അടിസ്ഥാനത്തിലും ബിഡിസിനും ബിഎഫ്ടെക് നും ഒപ്റ്റ് ചെയ്യുന്നവർക്ക് GAT-A, CAT, സിറ്റുവേഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലും എംഡിസ് പ്രോഗ്രാമിലേയ്ക്ക് GAT, CAT, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലും എംഎഫ്ടെക് / എംഎഫ്എം എന്നീ പ്രോഗ്രാമുകളിലേയ്ക്ക് GAT, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലും ആയിരിക്കും, തെരഞ്ഞെടുപ്പ്.
advertisement
GAT കംപ്യൂട്ടർ ഉപയോഗിച്ചും (CBT) CAT കടലാസിലും നടത്തും. സിറ്റുവേഷൻ ടെസ്റ്റിൽ തന്നിരിക്കുന്ന സാധനങ്ങൾകൊണ്ട് ഭാവനാപൂർണമായി മോഡലുണ്ടാക്കാനും മറ്റും ആവശ്യപ്പെടും. ഒബ്ജക്ടീവ് ടെസ്റ്റിൽ തെറ്റിനു മാർക്ക് കുറയ്ക്കും. എൻട്രൻസ് പരീക്ഷയുടെ ഉള്ളടക്കവും ശൈലിയും നന്നായി ഗ്രഹിച്ച് പരിശീലനം നടത്തുന്നവർക്ക് പ്രവേശനസാധ്യതയുണ്ട്.
വിവിധ കേന്ദ്രങ്ങൾ
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിക്കു കാമ്പസുകളുണ്ട്. എല്ലാ കേന്ദ്രങ്ങളിലും ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെന്റ് മേഖലകളുമായി ബന്ധപ്പെട്ട ബിരുദ -ബിരുദാനന്തര കോഴ്സുകളുമുണ്ട്.
കണ്ണൂർ,ബെംഗളൂരു,ഭോപാൽ,ചെന്നൈ,ഗാന്ധിനഗർ,ഹൈദരാബാദ്,കൊൽക്കത്ത,മുംബൈ, ന്യൂഡൽഹി,പട്ന ,പഞ്ച്കുല, റായ്ബറേലി ,ഷില്ലോങ്, കംഗ്റ, ജോദ്പുർ,ഭുവനേശ്വർ,ശ്രീനഗർ എന്നിവിടങ്ങളിലാണ് കാമ്പസുകൾ.
advertisement
നിഫ്റ്റ് - കണ്ണൂർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിക്ക് , നമ്മുടെ സംസ്ഥാനത്തെ കണ്ണൂരിലും കാമ്പസുണ്ട്. ബിരുദ -ബിരുദാനന്തര വിഭാഗങ്ങളിലായി 7 പ്രോഗ്രാമുകളാണ്, കണ്ണൂർ കാമ്പസിലുള്ളത്.
NIFT, Dharmasala, Mangattuparamba, Kannur – 670 562,
ഫോൺ: 0497 2784780
നിഫ്റ്റ് - കണ്ണൂർ: ബിരുദ പ്രോഗ്രാമുകൾ
1.ഫാഷൻ ഡിസൈൻ(ബി.ഡിസ്)
2.ടെക്സ്‌റ്റെൽ ഡിസൈൻ(ബി.ഡിസ്)
3.നിറ്റ് വിയർ ഡിസൈൻ(ബി.ഡിസ്)
4.ഫാഷൻ കമ്യൂണിക്കേഷൻ(ബി.ഡിസ്)
5.ബി.എഫ്.ടെക്.
നിഫ്റ്റ് - കണ്ണൂർ: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
1.എം.ഡിസ്.
2.എം.എഫ്.എം.
advertisement
സ്റ്റേറ്റ് ഡൊമിസൈൽ സീറ്റുകൾ
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സ്റ്റേറ്റ് ഡൊമിസൈൽ സീറ്റ് പരിഗണനയുണ്ട്. കണ്ണൂർ കാമ്പസ് ഉൾപ്പടെ ആറു കേന്ദ്രങ്ങളിലാണ് സ്റ്റേറ്റ് ഡൊമിസൈൽ വിഭാഗത്തിൽ സൂപ്പർ ന്യൂമററി സീറ്റുകളുള്ളത്. കേരളത്തിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്കാണ് കണ്ണൂരിലെ ഡൊമിസൈൽ വിഭാഗ സീറ്റിന് അർഹത. അപേക്ഷ സമർപ്പണ സമയത്ത് തന്നെ ഇക്കാര്യം നിർദ്ദിഷ്ട കോളത്തിൽ സൂചിപ്പിക്കണം. മെറിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റുകളിലേക്കും സ്വാഭാവികമായും ഇവർക്ക് പരിഗണന ലഭിക്കും.
വിവിധ നിഫ്ററുകളിലെ കോഴ്സുകളും ചേരാനുള്ള യോഗ്യതയും
1.ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.)
ഫാഷൻ ഡിസൈൻ, ലതർ ഡിസൈൻ, അക്സസറി ഡിസൈൻ, ടെക്സ്‌റ്റെൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ എന്നീ സവിശേഷ മേഖലകളിലാണ് ബി.ഡിസ്. പ്രോഗ്രാം ഉള്ളത്. ഏതു സ്ട്രീമിൽ നിന്നു പ്ലസ്ടു/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്.നാഷണൽ ഓപ്പൺ സ്കൂളിംഗിൽ പഠിച്ച് പ്ലസ് ടു തല യോഗ്യത (അഞ്ച് വിഷയത്തോടെ) നേടിയവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
advertisement
2.ബി.എഫ്.ടെക് (അപ്പാരൽ പ്രൊഡക്ഷൻ)
ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയവർക്കും നാഷണൽ ഓപ്പൺ സ്കൂളിംഗിൽ പഠിച്ച് പ്ലസ് ടു തല യോഗ്യത (ഫിസിക്സ്, മാത്തമാറ്റിക്സ് ഉൾപ്പടെ കുറഞ്ഞത് അഞ്ച് വിഷയങ്ങൾ) നേടിയവർക്കും മൂന്ന്/നാല് വർഷ എൻജിനിയറിങ് അഥവാ ഡിപ്ലോമ യോഗ്യതയുള്ളവർക്കും ബി.എഫ്.ടെക് (അപ്പാരൽ പ്രൊഡക്ഷൻ) ന് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായം, 24 വയസ്സിൽ താഴെയാകണം. പട്ടികജാതി/വർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവുണ്ട്.
3. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
പ്രധാനമായും മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം.), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്.) എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് രാജ്യത്തെ വിവിധകേന്ദ്രങ്ങളിലുള്ളത്. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് പ്രായപരിധിയില്ല. ഓരോ മാസ്റ്റേഴ്സ് പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
advertisement
2025 - 26 അധ്യയന വർഷത്തെ പ്രവേശനം
അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജനുവരി 6 വരെ അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി 9 ന് പ്രവേശനപരീക്ഷയ്ക്ക് എറണാകുളം, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡൽഹി അടക്കം 60 കേന്ദ്രങ്ങളുണ്ട്. ഫലം മാർച്ചിൽ. സിറ്റുവേഷൻ ടെസ്റ്റ് / ഇന്റർവ്യൂ ഏപ്രിലിൽ നടക്കും. അന്തിമ സിലക്‌ഷൻ ലിസ്റ്റ് ഏപ്രിൽ അവസാനവാരം പ്രസിദ്ധീകരിക്കും. സീറ്റ് അലൊക്കേഷൻ, മേയ് /ജൂൺ മാസങ്ങളിൽ നടക്കും.
advertisement
രാജ്യത്തെമ്പാടുമുള്ള മുവ്വായിരത്തോളം ബി.ഡിസ്. സീറ്റുകളിലേക്കും, അറുനൂറിലധികം ബി.എഫ്.ടി.സീറ്റുകളിലേക്കും , ആയിരത്തി ഇരുന്നൂറോളം മാസ്റ്റേഴ്സ് സീറ്റുകളിലേക്കുമായി മൊത്തം അയ്യായിരത്തിനടുത്ത് സീറ്റുകളിലേക്കാണ് പ്രവേശന സാധ്യത. നിലവിൽ അടിസ്ഥാനയോഗ്യത നേടിയവർക്കും 2024-2025ൽ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാം.
സംശയങ്ങൾ ചോദിക്കാൻ അപേക്ഷകരുടെ ഡാഷ്ബോർഡിൽ സൗകര്യമുണ്ടായിരിക്കും. എൻടിഎ യ്ക്കാണ് പ്രവേശനപരീക്ഷയുടെ ചുമതല.
ഫോൺ
011-40759000
മാതൃകാചോദ്യങ്ങൾ
https://www.nift.ac.in/samplequestion
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം
https://www.nift.ac.in/admission
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 02, 2024 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
NIFT|ഫാഷനാണോ പാഷൻ? നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിളിയ്ക്കുന്നു