NEET പിജി അഡ്മിഷൻ കൗൺസിലിങ് ഇനി ഓൺലൈനായി മാത്രം: നാഷണൽ മെഡിക്കൽ കമ്മീഷൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒരു കോളേജിനും സ്വന്തമായി ഉദ്യോഗാർത്ഥികളെ പ്രവേശിപ്പിക്കാനാകില്ലെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി
നീറ്റ് പിജി അഡ്മിഷൻ കൗൺസിലിങ് ഇനി മുതൽ ഓൺലൈനായി മാത്രമേ നടത്തുകയുള്ളൂ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (National Medical Commission -NMC). ഓരോ കോഴ്‌സിനും ഉള്ള ഫീസ് കോളേജുകൾ മുൻകൂട്ടി അറിയിക്കണം. ഒരു കോളേജിനും സ്വന്തമായി ഉദ്യോഗാർത്ഥികളെ പ്രവേശിപ്പിക്കാനാകില്ലെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിജ്ഞാപനവും കമ്മീഷൻ പുറത്തിറക്കി. ഇതനുസരിച്ച്, എല്ലാ പിജി സീറ്റുകൾകളിലേക്കുമുള്ള മുഴുവൻ റൗണ്ട് കൗൺസിലിംഗുകളും സംസ്ഥാനങ്ങളിലെ കൗൺസലിംഗ് ഉദ്യോഗസ്ഥരോ കേന്ദ്ര കൗൺസലിംഗ് ഉദ്യോഗസ്ഥരോ ഓൺലൈനായി നടത്തും.
നീറ്റ് പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പൊതുവായ കൗൺസലിംഗ് ഉണ്ടായിരിക്കും. മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യയിലെ എല്ലാ മെഡിക്കൽ സ്ഥാപനങ്ങൾക്കുമുള്ള പ്രവേശനം എന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. "എല്ലാ പിജി സീറ്റുകൾകളിലേക്കുമുള്ള മുഴുവൻ റൗണ്ട് കൗൺസിലിംഗുകളും അതത് സംസ്ഥാനങ്ങലിലെ കൗൺസലിംഗ് അധികാരികളോ കേന്ദ്രത്തിലെ കൗൺസലിംഗ് ഉദ്യോഗസ്ഥരോ നടത്തും. ഒരു മെഡിക്കൽ കോളേജിനും അല്ലെങ്കിൽ സ്ഥാപനത്തിനും സ്വന്തം തീരുമാനപ്രകാരം ഒരു വിദ്യാർത്ഥിയെയും പ്രവേശിപ്പിക്കാൻ സാധിക്കില്ല," എന്നും വിഞ്ജാപനത്തിൽ പറയുന്നു.
advertisement
എല്ലാ കോഴ്സുകളിലേക്കുമുള്ള ഫീസ് മെഡിക്കൽ കോളേജുകൾ മുൻകൂട്ടി അറിയിക്കണം എന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. പരീക്ഷാ രീതിയിലും ചില മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ടെന്നും ഫോർമാറ്റീവ് അസസ്മെന്റ്, യൂണിവേഴ്സിറ്റി പരീക്ഷകളിലെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, തുടങ്ങിയവയെല്ലാം അതിൽ ചിലതാണെന്നും എൻഎംസിയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് പ്രസിഡന്റ് ഡോ.വിജയ് ഓസ പറഞ്ഞു. "ഇത് പരീക്ഷയിൽ കൂടുതൽ വസ്തുനിഷ്ഠത കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള നിലവാരവുമായി പൊരുത്തപ്പെടുന്നതിനും വേണ്ടിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം ലഭിക്കണം എന്ന ഉദ്ദേശത്തോടെ ജില്ലാ റസിഡൻസി പ്രോഗ്രാമിലും (District Residency Programme (DRP) ) മാറ്റം വരുത്തിയിട്ടുണ്ട്. താഴേത്തട്ടിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും സേവനങ്ങളും ശക്തിപ്പെടുത്തുന്നതിന് ജില്ലാ തലത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയാണ് ഡിആർപിയിലൂടെ ലക്ഷ്യമിടുന്നത്. മുമ്പ് 100 കിടക്കകളുള്ള ആശുപത്രിയെ ജില്ലാ ആശുപത്രിയായി പരിഗണിക്കുമായിരുന്നു. പുതിയ ചട്ടങ്ങൾ പ്രകാരം, ഇത് 50 കിടക്കകളായി കുറച്ചതായും ഡോ.വിജയ് ഓസ പറഞ്ഞു.
advertisement
എല്ലാ വിദ്യാർത്ഥികളും റിസേർച്ച് മെത്തഡോളജി, എത്തിക്സ്, കാർഡിയാക് ലൈഫ് സപ്പോർട്ട് സ്കിൽസ് തുടങ്ങിയ കോഴ്സുകൾ ചെയ്യേണ്ടതുണ്ട്. “ഈ ചട്ടങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും. ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, പിഴ, സീറ്റുകളുടെ എണ്ണം (പ്രവേശന ശേഷി) കുറയ്ക്കൽ അല്ലെങ്കിൽ പ്രവേശനം പൂർണമായി നിർത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും,” എന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 11, 2024 7:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
NEET പിജി അഡ്മിഷൻ കൗൺസിലിങ് ഇനി ഓൺലൈനായി മാത്രം: നാഷണൽ മെഡിക്കൽ കമ്മീഷൻ