Prime Minister Internship: പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതിയ്ക്ക് വമ്പന്‍ പ്രതികരണം; 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് 1.55 ലക്ഷം പേര്‍
- Published by:Rajesh V
- trending desk
Last Updated:
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒരു കോടിയിലധികം യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2024-ലെ കേന്ദ്രബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിക്ക് വന്‍ സ്വീകരണം. 24 മണിക്കൂറിനിടെ 1.55 ലക്ഷത്തിലേറെ പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയായിരുന്നു പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള വെബ് പോര്‍ട്ടല്‍ തുറന്നത്. 24-ഓളം മേഖലകളിലായി 80,000-ലധികം ഇന്റേണ്‍ഷിപ്പ് അവസരങ്ങളാണ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിരുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒരു കോടിയിലധികം യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2024-ലെ കേന്ദ്രബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഈ പദ്ധതിയിലൂടെ ഇന്ത്യയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ജോലി ചെയ്യുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. ജൂബിലന്റ് ഫുഡ് വര്‍ക്‌സ്, മാരുതി സുസുകി ഇന്ത്യ, എല്‍ ആന്‍ഡ് ടി, മുത്തൂറ്റ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഉത്പാദനം, മെയിന്റനന്‍സ്, സെയില്‍സ് തുടങ്ങിയ മേഖലകളിലാണ് വിവിധ കമ്പനികള്‍ ഇന്റേണ്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആധാര്‍ അടിസ്ഥാനമാക്കിയാണ് പദ്ധതിയിലേക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 737 ജില്ലകളില്‍ 1.2 ലക്ഷം ഇന്റേണ്‍ഷിപ്പുകള്‍ ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
advertisement
യുവാക്കളിലെ നൈപുണ്യ കഴിവുകള്‍ മെച്ചപ്പെടുത്താനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും പദ്ധതി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഇതിനാവശ്യമായ ഇന്റേണ്‍ഷിപ്പുകള്‍ നല്‍കാന്‍ പ്രമുഖ കമ്പനികളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയമാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. രാജ്യത്തെ യുവാക്കളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കാന്‍ ഈ പദ്ധതിയ്ക്ക് കഴിയുമെന്ന് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം വക്താക്കള്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനികളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം ലഭിക്കും. പ്രതിമാസം 5000 രൂപ ഇവര്‍ക്ക് സ്റ്റൈപെന്‍ഡായി ലഭിക്കും. ഇതിന് പുറമെ 6000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായവും നല്‍കും. സ്റ്റൈപെന്‍ഡായി ലഭിക്കുന്ന 5000 രൂപയില്‍ 500 രൂപ നല്‍കുന്നത് അതത് കമ്പനികളാണ്. കമ്പനികളുടെ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി)യുടെ ഭാഗമായി നീക്കിവെച്ചിരിക്കുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നത്. ബാക്കി 4500 രൂപ നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്.
advertisement
ആദ്യഘട്ടത്തില്‍ 19,000 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 44,000 കോടി രൂപയുമാണ് പദ്ധതിക്കായി കേന്ദ്രം വഹിക്കുക. പരിശീലനത്തിന്റെ ഭാഗമായി 50 ശതമാനം തൊഴില്‍ പരിശീലനം നല്‍കുന്ന വിധത്തിലാണ് പദ്ധതി സജ്ജീകരിച്ചിരിക്കുന്നത്.
ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നത് എങ്ങനെ?
യോഗ്യതകള്‍
ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ 21-നും 24-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകുക. അടുത്തിടെ ബിരുദം പൂര്‍ത്തിയായവര്‍ക്കും കരിയറിന്റെ തുടക്കത്തിലുള്ളവര്‍ക്കുമാണ് അപേക്ഷിക്കാന്‍ കഴിയുക. പദ്ധതിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിലവില്‍ ജോലിയില്ലാത്തവര്‍ ആയിരിക്കണം. കൂടാതെ മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ക്കുമാണ് അപേക്ഷിക്കാന്‍ കഴിയുക.
advertisement
അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, അഡ്രസ്സ് പ്രൂഫ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കണം.
അപേക്ഷിക്കാന്‍ കഴിയാത്തവര്‍ ആരൊക്കെ?
ഐഐടി, ഐഐഎം തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് പിഎം ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയില്ല. കൂടാതെ 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുഴുവന്‍ സമയ ജോലിയുള്ളവര്‍ക്കും ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 14, 2024 4:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Prime Minister Internship: പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതിയ്ക്ക് വമ്പന്‍ പ്രതികരണം; 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് 1.55 ലക്ഷം പേര്‍