സ്കൂളുകളിൽ സൂര്യ നമസ്കാരം രാജസ്ഥാന്‍ സർക്കാർ നിർബന്ധമാക്കി
- Published by:Arun krishna
- news18-malayalam
Last Updated:
അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ജയ്പൂര്‍: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഫെബ്രുവരി 15 വരെ സൂര്യനമസ്‌കാര പരിശീലനം നിര്‍ബന്ധമാക്കി ഉത്തരവിറക്കി രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിൽ നിർബന്ധമായും സൂര്യനമസ്‌കാര പരിശീലനം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു.
പ്രഭാത പ്രാര്‍ത്ഥനയോടൊപ്പം സൂര്യനമസ്‌കാരവും പരിശീലിക്കണമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവാറിന്റെ നിർദേശം. വിഷയത്തില്‍ കൂടുതല്‍ തീരുമാനം ഫെബ്രുവരി 15ന് ശേഷം കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ നടപടി കുട്ടികളുടെ പഠന സമയം കുറയ്ക്കുമെന്നും അധ്യാപകരുടെ അക്കാദമിക-ഇതര ചുമതല വര്‍ധിപ്പിക്കുമെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 15ന് നടക്കുന്ന സൂര്യ സപ്തമിയില്‍ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സൂര്യനമസ്‌കാരം ചെയ്യണമെന്നാണ് സംസ്ഥാന സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ആശിഷ് മോദി നിര്‍ദ്ദേശം നല്‍കിയത്. ഫെബ്രുവരി 15ന് മുമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൂര്യനമസ്‌കാര പരിശീലനം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.
advertisement
ആദ്യം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യോഗ വിദഗ്ധര്‍ പരിശീലനം നല്‍കും. കുട്ടികളുടെ മാതാപിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും ഫെബ്രുവരി 15ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണം.
സൂര്യനമസ്‌കാരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും വിവരങ്ങള്‍ ശാല ദര്‍പ്പണ്‍ പോര്‍ട്ടലില്‍ അന്നേദിവസം ഉച്ചയോടെ നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശേഷം ഇവ ലോക റെക്കോര്‍ഡ് അംഗീകാരത്തിനായി അയയ്ക്കും.
അതേസമയം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറ സ്ഥലങ്ങളിലായിരിക്കും പരിശീലനം നല്‍കുക. പരിശീലനത്തിന് മുമ്പ് കുട്ടികളുടെ ശാരീരികാരോഗ്യം പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
advertisement
'' പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം എല്ലാ വിദ്യാര്‍ത്ഥികളും സൂര്യനമസ്‌കാരം ചെയ്യണം. നമുക്ക് ഇന്ന് എല്ലാം ചെയ്യാനാകുന്നത് സൂര്യന്റെ വെളിച്ചം ഉള്ളതുകൊണ്ടാണ്. വ്യായാമത്തിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കാന്‍ സൂര്യ സപ്തമിയില്‍ വലിയ രീതിയിലുള്ള പരിപാടി സംഘടിപ്പിക്കുമെന്ന്'' സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് അധ്യാപക സംഘടനകള്‍ രംഗത്തെത്തി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് പ്രൈമറി-സെക്കൻഡറി അധ്യാപക സംഘടന വൈസ് പ്രസിഡന്റ് വിപിന്‍ പ്രകാശ് ശര്‍മ്മ പറഞ്ഞു.
advertisement
'' ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകള്‍ നികത്തുന്നതിന് ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പരീക്ഷക്കാലമാണ്. വിദ്യാര്‍ത്ഥികള്‍ അതിനുള്ള തയ്യാറെടുപ്പിലാണ്,'' അദ്ദേഹം പറഞ്ഞു.
'' അധ്യാപകരുടെ അക്കാദമിക-ഇതര ജോലികള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതൊന്നും നടന്നില്ല. നിലവിലെ പരിഷ്‌കാരത്തിലൂടെ പഠിപ്പിക്കാനുള്ള സമയമാണ് നഷ്ടമാകുന്നത്,'' എന്ന് അധ്യാപക സംഘടന വക്താവായ നാരായണ്‍ സിംഗ് പറഞ്ഞു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Rajasthan
First Published :
January 25, 2024 1:51 PM IST