യുകെ കുടിയേറ്റം ഇനി എളുപ്പമല്ല; കെയർവർക്കർമാർക്ക് പങ്കാളികളേയോ മക്കളേയോ കൂട്ടാനാകില്ല; 5 പ്രധാന നിയന്ത്രണങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
2024 ന്റെ ആദ്യ പകുതി മുതലായിരിക്കും യുകെ സർക്കാരിന്റെ പുതിയ ഫൈവ് പോയിന്റ് പ്ലാൻ
രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴിൽ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെത്തുടർന്നാണ് തീരുമാനം. വീസ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയാണെന്നും ഇത് രാജ്യത്തിന് ഗുണകരമാകുമെന്നും യു.കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്ന് ജോലിക്കായി കുടിയേറുന്നവർക്ക് ഏറ്റവും കുറഞ്ഞ ശമ്പള പരിധി ഉൾപ്പെടെയുള്ളവ നിശ്ചയിച്ചിട്ടുണ്ട്. "എക്കാലത്തെയും വലിയ കുടിയേറ്റ നിയന്ത്രങ്ങളാണ് ഞങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ് ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല", ഋഷി സുനക് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
പുതിയ കുടിയേറ്റ നിയന്ത്രങ്ങൾക്കൊപ്പം സ്റ്റുഡന്റ് വിസക്കൊപ്പമുള്ള ഡിപ്പൻഡൻഡ് വിസകളും കുറച്ചാൽ, മുൻവർഷത്തെ അപേക്ഷിച്ച്, യുകെയിൽ എത്തുന്നവരുടെ എണ്ണത്തിൽ മൂന്ന് ലക്ഷത്തോളം കുറവുണ്ടാകുമെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു. 2024 ന്റെ ആദ്യ പകുതി മുതലായിരിക്കും യുകെ സർക്കാരിന്റെ പുതിയ ഫൈവ് പോയിന്റ് പ്ലാൻ (five-point plan) പ്രാബല്യത്തിൽ വരിക.
We've just announced the biggest ever cut in net migration.
No Prime Minister has done this before in history.
But the level of net migration is too high and it has to change. I am determined to do it.
— Rishi Sunak (@RishiSunak) December 4, 2023
advertisement
പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് ഹെൽത്ത് കെയർ വർക്കർമാർക്ക് ആശ്രിത വീസയിൽ പങ്കാളിയെയോ മക്കളെയോ ഒപ്പം കൂട്ടാനാകില്ല. 2024 ഏപ്രിൽ മുതലാണ് പുതിയ നിയന്ത്രണങ്ങൾ. വിദേശികൾക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 26,200 പൗണ്ടിൽ നിന്നു 38,700 പൗണ്ടായി ഉയർത്തി. ഫാമിലി വിസ ലഭിക്കാൻ 38,700 പൗണ്ട് വാർഷിക ശമ്പളം വേണം.
advertisement
ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾക്കു കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കേയാണ് പുതിയ നിയന്ത്രണങ്ങൾ. പുതിയ നിയന്ത്രണങ്ങൾ ഇന്ത്യക്കാർക്കാകും ഏറ്റവുമധികം തിരിച്ചടിയാകുക.
താഴെ കൊടുത്തിരിക്കുന്നവയാണ് യുകെ സർക്കാർ പുതിയതായി പ്രഖ്യാപിച്ച പ്രധാനപ്പെട്ട അഞ്ച് കുടിയേറ്റ നിയമങ്ങൾ
1. ഡിപ്പൻഡൻസ് വിസക്കുള്ള നിയന്ത്രണം (Dependent restrictions)
യുകെയിലേക്ക് ഡിപ്പൻഡൻസ് വിസയിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് കുടിയേറ്റം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നിർണായക നീക്കമാണിത്.
2. ശമ്പള പരിധി ഉയർത്തൽ (Salary threshold increases)
മറ്റു രാജ്യങ്ങളിൽ നിന്ന് ജോലിക്കായി കുടിയേറുന്നവർക്ക് ഏറ്റവും കുറഞ്ഞ ശമ്പള പരിധിയും യുകെ സർക്കാർ നിശ്ചയിച്ചു. ഇവർക്ക് സ്‌കിൽഡ് വിസ ലഭിക്കാനുള്ള ശമ്പളപരിധി 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയർത്തി. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പളപരിധിയും വർദ്ധിപ്പിച്ചിട്ടുണ്ട്. പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്ന യുകെ പൗരരായവർക്കും ശമ്പള പരിധി നിശ്ചയിക്കും.
advertisement
3. ഹെൽത്ത് കെയർ വിസയിലുള്ള നിയന്ത്രണം (Health and Care Visa tightening)
മറ്റു രാജ്യങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല. ആരോഗ്യമേഖലയിൽ കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിച്ച ജോലികൾ ചെയ്യുന്നവർക്ക് മാത്രമേ കമ്പനികളിൽ നിന്ന് സ്‌പോൺസർഷിപ്പ് ലഭിക്കുകയുള്ളൂ
4. ശമ്പള പരിധിയിലെ ഇളവ് മാറ്റൽ (Crackdown on cut-price labour)
ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളിൽ ശമ്പള പരിധിയിൽ 20 ശതമാനം ഇളവുനൽകുന്ന നിയമത്തിലും യുകെ സർക്കാർ മാറ്റം വരുത്തി. ആളുകളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.
advertisement
5. സ്റ്റുഡന്റ് ഡിപ്പൻഡൻസ് വിസക്കുള്ള നിയന്ത്രണം (Student dependent restrictions)
പഠിക്കാനായി യുകെയിൽ വരുന്നവരുടെ കൂടെ ഡിപെൻഡന്റ്സ് ആയി വരുന്നവരുടെ എണ്ണം കുറയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റം കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. 2023 ൽ സ്റ്റുഡന്റ് വിസക്കൊപ്പം എത്തിയവരുടെ ആശ്രിതർക്ക് 153,000 വിസകളാണ് യുകെ അനുവദിച്ചത്.
സ്‌കിൽഡ് വർക്കർമാർ, മെഡിക്കൽ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ നിരവധി വിസ വിഭാഗങ്ങളിൽ ഇന്ത്യയിൽ നിന്നാണ് കൂടുതൽ പേരും യുകെയിലേക്ക് എത്തുന്നത് എന്നതിനാൽ യുകെ സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ ഇന്ത്യക്കാർക്കും വലിയ തിരിച്ചടിയാകും.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 06, 2023 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
യുകെ കുടിയേറ്റം ഇനി എളുപ്പമല്ല; കെയർവർക്കർമാർക്ക് പങ്കാളികളേയോ മക്കളേയോ കൂട്ടാനാകില്ല; 5 പ്രധാന നിയന്ത്രണങ്ങൾ