സര്‍ക്കാർ, എയ്ഡഡ് കോളേജ് അസി. പ്രൊഫസർ നിയമനം ഇനി 50 വയസുവരെ
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിൽ 40വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലും സർക്കാർ / എയ്ഡഡ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായി. ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നത്.
സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, ട്രെയ്നിംഗ് കോളേജുകളിലും, ലോ കോളേജുകളിലും, സംസ്‌കൃത കോളേജുകളിലും, അറബിക് കോളേജുകളിലും, വിവിധ സർവ്വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് 50 വയസ്സായി നിശ്ചയിച്ച് ഉത്തരവായത്. നിലവിൽ ഇവിടെയെല്ലാം നാല്പത് വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി.
എന്നാൽ അധ്യാപക നിയമനങ്ങൾക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളിൽ ഉയർന്ന പ്രായപരിധി നിഷ്ക്കർഷിക്കുന്നില്ല. ഇക്കാര്യത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടും കോളേജ് അധ്യാപക നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയും പരിഗണിച്ചാണ് തീരുമാനം.
advertisement
ഉത്തരവനുസരിച്ച് കൊളീജിയറ്റ് എഡ്യൂക്കേഷൻ സ്പെഷ്യൽ റൂൾസിൽ ഉചിതമായ ഭേദഗതികൾ വരുത്തും.സർവ്വകലാശാലാ സ്റ്റാറ്റ്യൂട്ടുകളിൽ ആവശ്യമായ ഭേദഗതി അതാത് സർവ്വകലാശാലകൾ വരുത്തും.
സർവ്വകലാശാലകളിലെ അസ്സോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി പൂർണ്ണമായും ഒഴിവാക്കാൻ യുജിസി ചട്ടങ്ങൾക്കനുസരിച്ച് സർവ്വകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യാൻ നടപടികളെടുക്കണമെന്ന് സർവ്വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 11, 2023 6:28 PM IST