Omicron | ഒമൈക്രോൺ വകഭേദം വ്യാപിക്കാൻ കാരണം വാക്സിൻ നിരക്ക് കുറഞ്ഞതോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
Omicron | ഒമൈക്രോൺ വകഭേദം വ്യാപിക്കാൻ കാരണം വാക്സിൻ നിരക്ക് കുറഞ്ഞതോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
വ്യാപന ശേഷി കൂടുതലാണെന്ന് കണ്ടെത്തിയ വൈറസ് വേരിയന്റിന്റെ ജനിതക ക്രമം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍
Last Updated :
Share this:
യാത്രാ നിയമങ്ങള്‍ ലഘൂകരിക്കാനും സ്ഥാപനങ്ങള്‍ തുറക്കാനും തുടങ്ങിയിരുന്ന രാജ്യങ്ങള്‍ക്ക് വലിയ പ്രഹരമായാണ് കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വകഭേദം എത്തിയിരിക്കുന്നത്. വ്യാപന ശേഷി കൂടുതലാണെന്ന് കണ്ടെത്തിയ വൈറസ് വേരിയന്റിന്റെ ജനിതക ക്രമം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍.
സാധാരണയായി പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉള്ള ഒമിക്രോണ്‍ വൈറസിന് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
വേരിയന്റിന്റെ ആഗോള വ്യാപനം, പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ വിവിധ രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. എന്നാല്‍ ഒമൈക്രോണിന്റെ ആവിര്‍ഭാവത്തിന് കാരണം കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുകളാണെന്ന് ശ്രദ്ധയില്‍പ്പെട്ടതായി വിദഗ്ധര്‍ സമ്മതിക്കുന്നു.
കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുമായി ഒമിക്രോണ്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
''വൈറസ് ഒരു സെല്ലില്‍ പ്രവേശിക്കുമ്പോള്‍, അതിന് അതിന്റെ പകര്‍പ്പുകള്‍ ഉണ്ടാക്കാന്‍ കഴിയും, അത് മറ്റ് കോശങ്ങളെ ബാധിക്കുകയും പിന്നീട് മറ്റൊരാളിലേക്ക് പകരുകയും ചെയ്യും. ചിലപ്പോള്‍ രോഗപ്രതിരോധ ശേഷിയില്ലാത്ത വ്യക്തികളില്‍ പകര്‍ത്തുന്ന ഈ പ്രക്രിയയില്‍, മ്യൂട്ടേഷന്‍ സംഭവിക്കാം. ചിലപ്പോള്‍ ഈ മ്യൂട്ടേഷനുകള്‍ വൈറസുകള്‍ക്ക് പ്രതിരോധശേഷിയില്ലാത്ത വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നതിന് സഹായകമാകുകയും ചെയ്യും. എന്നാല്‍, ഒരു വ്യക്തിക്ക് ഇതിനകം പ്രതിരോധശേഷി ഉണ്ടെങ്കില്‍ (വാക്‌സിനേഷന്‍ വഴി) വൈറസിന് ആളുകള്‍ക്കിടയില്‍ പടരാന്‍ കഴിയില്ല. ഇത് പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവത്തെ തടയുന്നു. ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് പോപ്പുലേഷന്‍ ഹെല്‍ത്തിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ആയ മേരു ഷീല്‍ ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
സെപ്തംബര്‍ മാസത്തോടെ ജനസംഖ്യയുടെ 10 ശതമാനത്തിനെങ്കിലും വാക്‌സിനേഷന്‍ നല്‍കണമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങള്‍ ഈ ലക്ഷ്യത്തില്‍ പരാജയപ്പെട്ടതായി ആഗോള ഗവേഷണ-വിവര പ്രസിദ്ധീകരണമായ ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റയില്‍ പറയുന്നു. ലക്ഷ്യം തെറ്റിച്ച 50 രാജ്യങ്ങളില്‍ ഭൂരിഭാഗവും ആഫ്രിക്കയിലാണ്. ആഗോള ശരാശരിയായ 42 ശതമാനത്തിനെതിരെ വെറും 7 ശതമാനം മാത്രമാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വാക്‌സിനേഷന്‍ നിരക്ക്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ നിരക്ക് കുറയാനുള്ള ഒരു കാരണം സംഭാവനയായി വാഗ്ദാനം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ വിതരണം ശരിയായ രീതിയില്‍ നടക്കാത്തതാണ്. ഹെല്‍ത്ത് ഡാറ്റ കമ്പനിയായ എയര്‍ഫിനിറ്റിയുടെ വിശകലനം അനുസരിച്ച്, സംഭാവനയായി വാഗ്ദാനം ചെയ്ത ബില്യണ്‍ വാക്‌സിനുകളുടെ ഡോസുകളില്‍ 15 ശതമാനത്തില്‍ താഴെ മാത്രമാണ് വിതരണം ചെയ്തത്. കോവിഡ്-19ന്റെ ഏറ്റവും മോശമായ ആഘാതം അനുഭവിക്കുന്ന ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് ധാര്‍മ്മികവും സാമ്പത്തികവും ശാസ്ത്രീയവുമായ കാരണങ്ങളാല്‍ പ്രധാനമാണെന്നും ഷീല്‍ പറയുന്നു.
ഡെല്‍റ്റയുമായി പൂര്‍ണ്ണമായും ബന്ധമില്ലാത്തതിനാല്‍ ഒമൈക്രോണ്‍ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് വിദഗ്ധരും ആശയക്കുഴപ്പത്തിലാണ്. ''ആളുകള്‍ പ്രതീക്ഷിച്ചതുപോലെ ഇത് ഡെല്‍റ്റയിലെ ഒരു വകഭേദം അല്ല, മ്യൂട്ടേഷനുകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ വൈറസാണ്,'' കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ മൈക്രോബയോളജി പ്രൊഫസര്‍ രവി ഗുപ്ത ഗാര്‍ഡിയനോട് പറഞ്ഞു.
വാക്‌സിനുകള്‍ ഒമൈക്രോണിനെതിരെ ഫലപ്രദമാണോ?
'വാക്‌സിനുകള്‍ക്ക് SARS-CoV-2 ന്റെ പുതിയ വേരിയന്റിനെതിരെ ഭാഗികമായ സംരക്ഷണം മാത്രമേ നല്‍കാനാകൂ' മുന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ശാസ്ത്രജ്ഞന്‍ ഡോ രാമന്‍ ഗംഗാഖേദ്കര്‍ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു. തെക്കന്‍ ആഫ്രിക്കയിലെ ബോട്സ്വാനയില്‍ കണ്ടെത്തിയ പുതിയ വേരിയന്റിനെതിരെ നിരീക്ഷണവും പരിശോധനയും ട്രാക്കിംഗും ഐസൊലേഷനും വര്‍ധിപ്പിച്ചാല്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും ഗംഗാഖേദ്കര്‍ പറഞ്ഞു.
മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന നിയമങ്ങള്‍ പാലിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഒമൈക്രോണ്‍ പ്രതിരോധത്തില്‍ പ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ഒമൈക്രോണ്‍ ദുര്‍ബലരായ അല്ലെങ്കില്‍ വാക്‌സിനേഷന്‍ എടുക്കാത്ത ആളുകളെയാകും പെട്ടെന്ന് ആക്രമിക്കാന്‍ പോകുന്നതെന്നും' അദ്ദേഹം പറഞ്ഞു.
നിലവിലുള്ള വാക്‌സിനുകളുടെ രണ്ടോ മൂന്നോ ഡോസുകള്‍ എടുത്തിട്ടുള്ള ആളുകള്‍ക്ക് ഒമൈക്രോണില്‍ നിന്ന് പരിരക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ പുതിയ വേരിയന്റിനെതിരെ നിലവിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്തി വളരെ കുറവായിരിക്കാനാണ് സാധ്യത. ഇതിന് ശാസ്ത്രീയമായി ഇനിയും വിശദീകരണങ്ങള്‍ ആവശ്യമാണ് ഗാര്‍ഡിയനോട് സംസാരിച്ച കണ്‍സള്‍ട്ടന്റായ ഡോ. പീറ്റര്‍ പറഞ്ഞു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.