HOME » NEWS » Corona » CM PINARAYI VIJAYAN ON COVID MANAGEMENT

Covid 19 | 'ഭയക്കേണ്ട സ്ഥിതി നിലവില്‍ കേരളത്തിലില്ല; അഗ്നിപര്‍വ്വതത്തിന് മുകളിലാണെന്നത് മറക്കണ്ട': മുഖ്യമന്ത്രി

രണ്ടാം തരംഗത്തില്‍ ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യമാണ് പ്രധാന പ്രത്യേകത. മറ്റു സംസ്ഥാനങ്ങളില്‍ വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

News18 Malayalam | news18-malayalam
Updated: April 24, 2021, 7:02 PM IST
Covid 19 | 'ഭയക്കേണ്ട സ്ഥിതി നിലവില്‍ കേരളത്തിലില്ല; അഗ്നിപര്‍വ്വതത്തിന് മുകളിലാണെന്നത് മറക്കണ്ട': മുഖ്യമന്ത്രി
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും രോഗവ്യാപനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയിലെ വിപത്തുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അങ്ങിനെ ഭയക്കേണ്ട സ്ഥിതി നിലവില്‍ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപര്‍വ്വതത്തിന് മുകളിലാണ് നാമിരിക്കുന്നത് എന്നത് നാം ഓര്‍ക്കണം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ യാന്ത്രികമായി ചെയ്യുന്നതിന് പകരം സ്വയം ഏറ്റെടുത്ത് അംഗീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രണ്ടാം തരംഗത്തില്‍ ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യമാണ് പ്രധാന പ്രത്യേകത. മറ്റു സംസ്ഥാനങ്ങളില്‍ വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.  ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനത്തെ പരിഭ്രാന്തരാക്കുന്ന വസ്തുതാവിരുദ്ധമായ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതിനെതിരെയും ജാഗ്രത വേണം. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

Also Read ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35

ആരോഗ്യവകുപ്പിന്റെ വിവരങ്ങളെയും ആധികാരിക സംവിധാനങ്ങളെയും കൊവിഡിനെ പറ്റിയറിയാന്‍ ജനം ആശ്രയിക്കണം. ആദ്യ തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകണം. മാസ്‌ക് കൃത്യമായി ധരിക്കണം, കൈകള്‍ ശുദ്ധമാക്കണം, അകലം പാലിക്കണം, ഇതില്‍ വീഴ്ച പാടില്ല. ആള്‍ക്കൂട്ടം ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളില്‍ കൂടാനും അടുത്ത് ഇടപഴകാനും പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയില്‍ പാലിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മറ്റിടങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കേരളത്തില്‍ കുറഞ്ഞതും മരണനിരക്ക് കുറഞ്ഞതും. സ്വയം നിയന്ത്രണത്തില്‍ ചില വീഴ്ചകള്‍ ഇപ്പോള്‍ കാണുന്നുണ്ട്. പൊലീസ് ഇടപെട്ടില്ലെങ്കില്‍ തോന്നുന്നത് പോലെയാകാം എന്ന ധാരണയുള്ളവര്‍ അത് തിരുത്തണം. നമുക്കും ചുറ്റുമുള്ളവര്‍ക്കും വേണ്ടി രോഗം പിടിപെടാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം വേണം. നാട് ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയേക്കാം. ജാഗ്രത പാലിക്കലാണ് ഇതൊഴിവാക്കാനുള്ള പ്രധാന മാര്‍ഗമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമാക്കണം. അതിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി നടപ്പില്‍ വരുത്തുന്നുവെന്ന് ഓരോ തദ്ദേശ സ്ഥാപനവും മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വളരെ യാന്ത്രികമായി അനുസരിക്കുന്നതിന് പകരം അവ നമ്മളേവരും സ്വയമേ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാറ്റിവെക്കാനാവുന്ന പരിപാടികള്‍ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞ് നടത്തണം. സര്‍ക്കാര്‍ പരമാവധി അനുവദിച്ചത് 75 പേരെയാണ്. അത് കൂടുതല്‍ ചുരുക്കുന്ന സമീപനം സ്വീകരിക്കും. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയോ മറ്റ് നടപടികളെ ഭയന്നോ ചെയ്യുന്നതിന് പകരം ഇതെല്ലാം അവനവന്റെ ഉത്തരവാദിത്തമാണെന്ന് കണ്ട് സാഹചര്യത്തിന് അനുസരിച്ച് എല്ലാവരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,49,89,949 സാമ്പിളുകളാണ് പരിശോധിച്ചത്.

Also Read മദ്യവില്‍പനയ്ക്ക് നിരോധനം; മഹാരാഷ്ട്രയില്‍ പാർട്ടിയ്ക്കിടെ സാനിറ്റൈസര്‍ കുടിച്ച് ഏഴു പേര്‍ മരിച്ചു

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5080 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3706, എറണാകുളം 3265, മലപ്പുറം 2634, തൃശൂര്‍ 2550, തിരുവനന്തപുരം 1957, കോട്ടയം 1835, കണ്ണൂര്‍ 1548, ആലപ്പുഴ 1747, പാലക്കാട് 690, കൊല്ലം 1247, പത്തനംതിട്ട 857, കാസര്‍ഗോഡ് 880, വയനാട് 860, ഇടുക്കി 820 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തൃശൂര്‍ 15, പാലക്കാട് 12, പത്തനംതിട്ട 7, വയനാട് 5, കാസര്‍ഗോഡ് 4, എറണാകുളം 3, കൊല്ലം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
Published by: Aneesh Anirudhan
First published: April 24, 2021, 7:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories