COVID-19 ഉം കുട്ടികളും | നിങ്ങളുടെ കുട്ടികളെ സുരക്ഷിതരാക്കാനുള്ള ചില നുറുങ്ങുകള്‍
COVID-19 ഉം കുട്ടികളും | നിങ്ങളുടെ കുട്ടികളെ സുരക്ഷിതരാക്കാനുള്ള ചില നുറുങ്ങുകള്‍
ആദ്യ തരംഗം പ്രായമുള്ളവരെയും രണ്ടാം തരംഗം ചെറുപ്പക്കാരെയും ബാധിച്ചതിനാല്‍ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പുറത്ത് വന്നു.
News18
Last Updated :
Share this:
കുട്ടികളെയും കൗമാരക്കാരെയും ഉള്‍പ്പെടെ ഏത് പ്രായത്തിലുള്ളവരെയും COVID-19 ബാധിക്കും. COVID-19 കുട്ടികളില്‍ ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും രോഗം ബാധിച്ചാല്‍ തന്നെ ഒന്നുകില്‍ ഇവരില്‍ ലക്ഷണങ്ങള്‍ കാണിക്കില്ല അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ. COVID-19 നെ തുടര്‍ന്ന് കുട്ടികള്‍ക്ക് ആശുപത്രിവാസം ആവശ്യമായ വളരെ ചുരുക്കം കേസുകള്‍ മാത്രമേ ഇന്ത്യയില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
COVID-19 ന്റെ മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന തരത്തിലൊരു ഭയം ആളുകള്‍ക്കിടയില്‍ ഉണ്ട്. എന്നിരുന്നാലും, ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
ആദ്യ തരംഗം പ്രായമുള്ളവരെയും രണ്ടാം തരംഗം ചെറുപ്പക്കാരെയും ബാധിച്ചതിനാല്‍ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പുറത്ത് വന്നു. കുട്ടികള്‍ക്ക് ഇതുവരെ പ്രതിരോധ കുത്തിവെപ്പ് നല്‍കാത്തതിനാലും അവരെ ബാധിക്കുമെന്ന ഭയം ആളുകള്‍ക്കിടയിലുണ്ട്. ഭാവിയിലെ ഈ അവസ്ഥ നേരിടാന്‍, ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും COVID-19 മൂന്നാം തരംഗത്തിനെതിരെയുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍.
കുട്ടികളിലെ COVID-19 ലക്ഷണങ്ങള്‍
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ജലദോഷം, മിതമായ ചുമ, പനി, ശരീരവേദന, അടിവയറ്റിലെ വേദന, വയറിളക്കം, ഛര്‍ദ്ദി, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍ എന്നിവയാണ് കുട്ടികളിലെ COVID-19 ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിലെ COVID-19 ബാധയുടെ നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും പ്രധാനമാണ്.
കുട്ടിയ്ക്ക് COVID-19 ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍, ആദ്യം കുട്ടിയെ ടെസ്റ്റ് ചെയ്യണം. കുട്ടിക്ക് കുടുംബത്തിലെ COVID-19 ബാധിച്ച രോഗിയുമായി സമ്പര്‍ക്കമുണ്ടായാലോ അവന് / അവള്‍ക്ക് COVID-19 ന്റെ ലക്ഷണങ്ങളുണ്ടെങ്കിലോ കുട്ടിക്ക് മൂന്ന് ദിവസത്തിലധികം പനി തുടരുകയാണെങ്കിലോ, ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് വീട്ടില്‍ ഐസോലേറ്റ് ചെയ്യണം.
COVID-19 പോസിറ്റീവായ കുട്ടികളെ പരിചരിക്കല്‍
കുട്ടിയ്ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തിയാല്‍, കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്ന് (സാധ്യമെങ്കില്‍) പ്രത്യേക മുറിയില്‍ അവനെ / അവളെ ഉടന്‍ ഐസോലേറ്റ് ചെയ്ത് വൈദ്യോപദേശം സ്വീകരിക്കേണ്ടത് പ്രധാനമാണ്. കുടുംബാംഗങ്ങള്‍ ഫോണ്കോളുകളിലൂടെയോ വീഡിയോ കോളുകളിലൂടെയോ കുട്ടിയുമായി ബന്ധപ്പെടണം, ഒപ്പം പോസിറ്റീവായി സംസാരിക്കുകയും വേണം.
അമ്മയും കുട്ടിയും / കുട്ടികളും COVID-19 പോസിറ്റീവ് ആയാല്‍, അമ്മയുടെ അവസ്ഥ ഗുരുതരമല്ലെങ്കില്‍ ആശുപത്രിവാസം ആവശ്യമില്ലെങ്കില്‍ കുട്ടികള്‍ക്ക് അമ്മയോടൊപ്പം താമസിക്കാന്‍ കഴിയും. കഴിയുന്നതും പ്രായോഗികമായ രീതിയില്‍ അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടല്‍ തുടരാം. എന്നാല്‍, അമ്മ മാത്രം COVID-19 പോസിറ്റീവാകുകയും ആശുപത്രിയില്‍ പ്രവേശിക്കാതെ ഗുരുതരാവസ്ഥയിലുമായ സാഹചര്യത്തില്‍, കുട്ടി നെഗറ്റീവും സംരക്ഷിക്കാന്‍ മറ്റാരുമില്ലെങ്കില്‍ അമ്മയ്ക്ക് കുട്ടികളെ പരിപാലിക്കാന്‍ കഴിയും. അത്തരം സാഹചര്യങ്ങളില്‍ മികച്ച ശുചിത്വം പാലിക്കുകയും മാസ്ക് ശരിയായി ധരിക്കുകയും വേണം.
COVID-19 ല്‍ നിന്ന് സുഖം പ്രാപിക്കുന്ന കുട്ടികളില്‍ 2 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം (MIS-C) കണ്ടെത്തിയതായി കുട്ടികളിലെ COVID-19 കൈകാര്യം ചെയ്യാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുന്ന ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) പറയുന്നു. ഹൃദയം, ശ്വാസകോശം, വൃക്ക, തലച്ചോറ്, ചര്‍മ്മം, കണ്ണുകള്‍ അല്ലെങ്കില്‍ ദഹനവ്യവസ്ഥ എന്നിവിടങ്ങളിലെ നീര്‍ക്കെട്ടാണ് കുട്ടികളിലെ MIS-C യുടെ സാധാരണ ലക്ഷണങ്ങള്‍. പനി, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ചുണങ്ങ്, കണ്ണുകളിലെ ചുവപ്പ്, ആശയക്കുഴപ്പം, മാനസിക പിരിമുറുക്കം, ചെങ്കണ്ണ് അല്ലെങ്കില്‍ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു.
MIS-C യുടെ കാരണം ഇപ്പോഴും അറിവായിട്ടില്ല. എന്നിരുന്നാലും, MIS-C നേരത്തയുള്ള നിരവധി കുട്ടികള്‍ക്ക് മുന്‍പ് COVID-19 ബാധിച്ചിരുന്നു. MIS-C യുള്ള കുട്ടികളില്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ നേരത്തെയുള്ള രോഗനിര്‍ണയവും വൈദ്യ പരിചരണവും ചികിത്സയും വളരെ പ്രധാനമാണ്.
ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും കുട്ടികള്‍ക്കുള്ള COVID-19 വാക്സിന്
നിലവില്‍ ഇന്ത്യയില്‍, വാക്സിനേഷന് നല്‍കുന്നത് മുതിര്‍ന്നവര്‍ക്ക് മാത്രമാണ്. കുട്ടികള്‍ക്കും (2 വയസ്സിനു മുകളിലുള്ളവര്‍) കൗമാരക്കാര്‍ക്കുമുള്ള കോവാക്സിന്റെ (ഘട്ടം II / III) ക്ലിനിക്കല്‍ ട്രയല്‍ പ്രോസസ്സിലാണ്. ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായുള്ള വാക്സിനേഷന് ആരംഭിച്ചു. 12 നും 15നും ഇടയിലുള്ള കുട്ടികളില്‍ Pfizer-BioNTech നടത്തിയ വിജയകരമായ ക്ലിനിക്കല്‍ ട്രയലിന് ശേഷം 12 വയസോ അതില്‍ കൂടുതലോ പ്രായമുള്ള എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുന്നുണ്ട്.
COVID-19 രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധം
നിലവില്‍, COVID-19 ല്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ COVID-19 ഉചിതമായ പെരുമാറ്റരീതികള്‍ ശീലിപ്പിക്കുകയെന്നതാണ്. അതായത് ശാരീരിക അകലം പാലിക്കുക, പ്രായത്തിന് അനുയോജ്യമായ മാസ്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകുക അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ് ഉപയോഗിക്കുക. കുട്ടികളിലെ COVID-19 കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ (ഡിജിഎച്ച്എസ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ല. 6 നും 11 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മാതാപിതാക്കളുടെ മേല്‍നോട്ടത്തിലും 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധിതമായും മാസ്ക്ക് ധരിക്കണം.
ഏത് തരത്തിലുള്ള രോഗങ്ങളോടും പോരാടുന്നതിന് രോഗപ്രതിരോധ ശേഷി ശക്തമായി നിലനിര്‍ത്താന്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. 6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക്, അവരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച പോഷകാഹാരമാണ് മുലയൂട്ടല്‍. 6 മാസത്തിന് ശേഷം കുട്ടികള്‍ക്ക് മുലയൂട്ടലിനൊപ്പം പൂരക ഭക്ഷണം നല്‍കാം. കൂടാതെ, കുട്ടികള്‍ക്കുള്ള പതിവ് രോഗപ്രതിരോധവും തുടരണം.
കുട്ടികളുടെ മാനസികാരോഗ്യവും പ്രധാനം
COVID-19 ചികിത്സക്കൊപ്പം മാതാപിതാക്കള്‍ കുട്ടിയുടെ മാനസികാരോഗ്യം പരിപാലിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. COVID-19 കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല അവരുടെ മാനസികാരോഗ്യത്തെയും ബാധിക്കുകയും സമ്മര്‍ദ്ദം, ക്ഷോഭം, വിഷാദം, ഉത്കണ്ഠ, മറ്റ് ലക്ഷണങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ആവശ്യമുള്ളപ്പോഴെല്ലാം മാതാപിതാക്കള്‍ക്ക് കുട്ടികളെ സഹായിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും കഴിയണം. കുട്ടികളെ അവരുടെ കൂട്ടുകാരുമായി കണക്ട് ചെയ്ത് ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
രേണുക ബിര്ഗോദിയ,
കോര്‍ഡിനേറ്റര്‍, കമ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്റ്,
യുണൈറ്റഡ് വേ മുംബൈ
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.