ഇന്‍ഡോര്‍ : പല രാജ്യങ്ങളില്‍ നിന്നായി നാല് തവണ കൊവിഡ് വാക്സിന് (Covid Vaccines) സ്വീകരിച്ച മുപ്പതുകാരിയായ യുവതിക്ക് കൊവിഡ് (Covid) സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
ദുബായ്ക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയ യുവതി അവിടെ വച്ച് പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. യാത്രയുടെ ഒരു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായിരുന്നു. എന്നാല്‍ യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയപ്പോള്‍ പൊസിറ്റീവ് ആയി മാറി. ഇതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി ഇന്‍ഡോറിലെത്തിയത്. ജനുവരിക്കും ആഗസ്റ്റിനുമിടയില്‍ പലയിടങ്ങളില്‍ നിന്നായി നാല് തവണ കൊവിഡ് വാക്സിന് സ്വീകരിച്ച വിവരം യുവതി തന്നെയാണ് അറിയിച്ചത്.
കോവിഡ് പൊസിറ്റീവ് ആയിരുന്നെങ്കിലും രോഗത്തിന്റേതായ ഒരു ലക്ഷണം പോലും ഇവരില്‍ പ്രകടമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഭീതിയായി ഒമിക്രോണ്‍ വ്യാപനം; വാക്സിന് പ്രതിരോധ ശേഷി ഒമിക്രോണ്‍ മറികടക്കുമെന്ന് വിദഗ്ധ സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ (Omicron) വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്റെ പ്രതിരോധ ശേഷിയെ മറികടക്കുമെന്ന് സര്‍ക്കാരിന്റെ വിദഗ്ധ സമിതി. തലസ്ഥാനത്ത് 86 ശതമാനം വര്‍ധനവാണ് കോവിഡ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് ആകെ രോഗികളുടെ എണ്ണം എണ്ണൂറ് കടന്നു. ഡല്‍ഹിയിലെ പ്രതിദിന കണക്ക് 923ാണ്. മുംബൈ, കല്‍ക്കട്ട, ബെംഗളൂരു എന്നിവിടങ്ങളിലും കേസുകള്‍ കൂടിയിരിക്കുകയാണ്.
അതേസമയം, വരും നാളുകള്‍ കോവിഡ് സുനാമിയുടേതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. പുതിയ കോവിഡ് വകഭേദങ്ങള്‍ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകര്‍ത്തെറിയുമെന്നാണ് മുന്നറിയിപ്പ്. വാക്സീന് എടുക്കാത്തവരില്‍ രോഗം വലിയ ആഘാതമുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്റോസ് അദാനോം പറഞ്ഞു.
മുംബൈയില്‍ 70 ശതമാനവും ദില്ലിയില്‍ 50 ശതമാനവും കേസുകളാണ് ഇപ്പോള്‍ കൂടിയിരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
ഹരിയാനയിലും പഞ്ചാബിലും രണ്ട് ഡോസ് വാക്സീന് സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി.
ഡല്‍ഹിയില്‍ ലെവല്‍ വണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങി. തലസ്ഥാനത്ത് സ്കൂളുകളും കോളജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണവും ഇരുപതായി കുറച്ചു.
Also Read - മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശം; ആള്‍ദൈവം കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍
ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെയാക്കി. 50 ശതമാനം ആളുകള്‍ക്ക് മാത്രമാകും പ്രവേശനം. ബസുകളിലും,മെട്രോകളിലും 50 ശതമാനം യാത്രക്കാരെയെ അനുവദിക്കുകയുള്ളു. കടകള്‍, മാളുകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.