COVID-19 | 110 രാജ്യങ്ങളിൽ കോവിഡ് കുതിച്ചുയരുന്നു; കൂടുതലും ഒമിക്രോൺ വകഭേദങ്ങൾ; മുന്നറിയിപ്പുമായി WHO
- Published by:Anuraj GR
- news18-malayalam
Last Updated:
ലോകത്ത് കോവിഡ് മൂലമുള്ള മരണങ്ങൾ വർദ്ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി
നൂറ്റിപ്പത്ത് രാജ്യങ്ങളിൽ കോവിഡ് (COVID-19) കേസുകൾ വർധിച്ചു വരികയാണെന്നും ഒമിക്രോൺ (Omicron) ഉപവിഭാഗങ്ങളായ ബിഎ.4 ഉം ബിഎ.5 ഉം ആണ് അതിവേഗം വ്യാപിക്കുന്നതെന്നും ലോകാരോഗ്യ സംഘടന (World Health Organization). അമേരിക്കയിലെ കോവിഡ് കേസുകളിൽ പകുതിയോളവും ബിഎ.4 ഉം ബിഎ. 5 ഉം ആണെന്നും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
ജൂൺ 25 വരെയുള്ള കണക്കനുസരിച്ച്, അമേരിക്കയിലെ മൊത്തം കൊറോണ വൈറസ് കേസുകളിൽ 36.6 ശതമാനവും ബിഎ.4 കേസുകളാണ്. ബിഎ.5 കേസുകൾ 15.7 ശതമാനമാണ്. കോവിഡ് മൂലമുള്ള മരണങ്ങൾ വർദ്ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കോവിഡ് മരണങ്ങളിൽ 20 ശതമാനം വർധനവ് ഉണ്ടായതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് (Tedros Adhanom Ghebreyesus) പറഞ്ഞു. മഹാമാരിയുടെ സ്വഭാവത്തിൽ മാറ്റം വരികയാണെന്നും എന്നാൽ അത് അവസാനിച്ചിട്ടില്ലെന്നും ഇനിയും കൂടുതൽ വകഭേദങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സാമ്പത്തികം കുറവുള്ള രാജ്യങ്ങളിലെ മന്ദഗതിയിലുള്ള വാക്സിനേഷൻ പ്രോഗ്രാം സംബന്ധിച്ചും ടെഡ്രോസ് അദാനോം ആശങ്ക പ്രകടിപ്പിച്ചു. ഈ രാജ്യങ്ങളിൽ പുതിയ വകഭേദങ്ങൾക്കെതിരായ പ്രതിരോധം കുറവായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഈ വർഷത്തിന്റെ പകുതിയോളം കഴിഞ്ഞിരിക്കുന്നു എന്നും എല്ലാ രാജ്യങ്ങളിലും ജനസംഖ്യയുടെ 70 ശതമാനം എങ്കിലും വാക്സിൻ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ 18 മാസത്തിനുള്ളിൽ, ലോകമെമ്പാടും 12 ബില്ല്യണിലധികം വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ലോകത്തിലെ 75 ശതമാനം ആരോഗ്യ പ്രവർത്തകരും 60 വയസ്സിനു മുകളിലുള്ളവരും ഇപ്പോൾ വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
advertisement
കോവിഡ് വാക്സിൻ സ്വീകരിച്ചതു മൂലം 20 ദശലക്ഷം പേരുടെ ജീവൻ രക്ഷപെട്ടതായാണ് ലാൻസെറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ മറുവശത്ത്, ആരോഗ്യ പ്രവർത്തകരും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ പ്രായമായ ആളുകളും ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ ഇനിയും വാക്സിനേഷൻ സ്വീകരിച്ചില്ലെന്ന കാര്യം മറക്കരുതെന്നും ടെഡ്രോസ് അദാനോം പറഞ്ഞു. വൈറസിന്റെ ഇനിയുള്ള വകഭേദങ്ങളെ അവർ കൂടുതൽ ഭയക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതു വരെയുള്ള കണക്കുകൾ പ്രകാരം 58 രാജ്യങ്ങൾ മാത്രമാണ് 70 ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യത്തിലെത്തിയിട്ടുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. സാമ്പത്തികം കുറഞ്ഞ രാജ്യങ്ങളിലും ഇത് സാധ്യമാണെന്നും ടെഡ്രോസ് അദാനോം പറഞ്ഞു. അതിനുദാഹരണമായി റുവാണ്ടയുടെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. റുവാണ്ടയിലെ രണ്ടാം ഡോസ് വാക്സിനേഷൻ നിരക്ക് 65 ശതമാനത്തിന് മുകളിലാണെന്നും നേപ്പാൾ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളും ഇത് സാധ്യമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഹൈ-റിസ്ക് വിഭാഗത്തിൽ പെട്ട എല്ലാവരും വാക്സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പാക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
Location :
First Published :
July 01, 2022 9:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID-19 | 110 രാജ്യങ്ങളിൽ കോവിഡ് കുതിച്ചുയരുന്നു; കൂടുതലും ഒമിക്രോൺ വകഭേദങ്ങൾ; മുന്നറിയിപ്പുമായി WHO


