ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ദുർബലമാകുന്നു. പ്രതിദിന കേസുകൾ ഒന്നരലക്ഷത്തിന് താഴെ എത്തി. അതേസമയം മരണ നിരക്കിൽ വർധനവ് തുടരുകയാണ്. 1,27,952 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 1059 മരണവും സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.98 ആയി താഴ്ന്നു. 13 ലക്ഷം സജീവ രോഗികളാണ് നിലവിലുള്ളത്.
കേരളത്തില്‍ 38,684 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ചു. കർണാടകത്തിൽ 14,950 കേസുകളും, തമിഴ്നാട്ടിൽ 9,916 കേസുകളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 13,840 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഡൽഹി, കർണാടക സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവ് പ്രാബല്യത്തിൽ വന്നു. ജിമ്മുകൾ ഉൾപ്പെടെ പ്രവർത്തനം ആരംഭിച്ചു.അതിനിടെ റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിനായ സ്പുട്നിക് ലൈറ്റ് അടിയന്തിര ഉപയോഗത്തിനായി DCGI യുടെ വിഷയ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഒറ്റ ഡോസ് ബൂസ്റ്റർ വാക്‌സിനാണ് സ്പുട്നിക് ലൈറ്റ്.
ലോകത്തെ പിടിച്ചുലയ്ക്കുന്ന കോവിഡ് സംസ്ഥാനത്ത് ആദ്യമായി സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം
2020 ജനുവരി 30. ഉച്ചയ്ക്ക് ശേഷം രാജ്യത്തെ ആദ്യ കോവിഡ്(Covid 19) കേസ് കേരളത്തിൽ സ്ഥിരീകരിച്ചെന്ന വാർത്ത ഭീതിയോടെയാണ് സംസ്ഥാനം കേട്ടത്. ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ച് തുടങ്ങുമ്പോള്‍ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോൾ പോലും ഉണ്ടായിരുന്നില്ല. അടച്ചുപൂട്ടൽ മാത്രമായിരുന്നു പ്രതിരോധം. രാജ്യം അടച്ചുപൂട്ടി. ശക്തമായ നിയന്ത്രണങ്ങളും, പ്രതിരോധവും തീർത്ത് ഒന്നാം തരംഗത്തെ കേരളം അതിജീവിച്ചു.ഒന്നും രണ്ടും തരംഗങ്ങൾ പിന്നിട്ട് മുന്നാം തരംഗത്തിന്റെ പീക്കിലാണ് കേരളം ഇപ്പോൾ. നിരവധി ജീവനുകൾ കോവിഡ് കവർന്നെടുത്തു.
അതിജീവിച്ചതിനൊപ്പം വാക്സിൻ പ്രതിരോധത്തിന്‍റെ ആത്മവിശ്വാസവുമാർജ്ജിച്ചാണ് കേരളം മൂന്നാം തരംഗത്തെ നേരിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം തരംഗം രൂക്ഷമായി. 2021 മേയ് 12ന് രണ്ടാം തരംഗത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ 43,529 കേസുകൾ കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തു.
ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന് പ്രതിദിന കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ ഉയർന്നതും വൈറസ് പ്രഹരശേഷി കുറവാണെന്നതിനാലും പൊതുവിൽ വൈറൽ പനിയുടെ നിസ്സാരതയിലേക്ക് ജനജീവിതം മാറുകയാണ്. പഴുതടച്ചുള്ള നിരീക്ഷണത്തിൽ നിന്ന് സമ്പർക്കത്തിലുള്ളവരെല്ലാം ക്വാറന്‍റീനിൽ പോകേണ്ടതില്ലെന്നതാണ് പുതിയ പ്രോട്ടോക്കോൾ.
സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വര്‍ധനവും, രണ്ടാം ആഴ്ച 148 ശതമാനം വര്‍ധനവും, മൂന്നാം ആഴ്ച 215 ശതമാനം വര്‍ധനവുമാണുണ്ടായത്. എന്നാല്‍ ഇന്നലെവരെയുള്ള ആഴ്ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇന്നത് കണക്കാക്കുമ്പോള്‍ വീണ്ടും കുറഞ്ഞ് 57 ശതമാനമായിട്ടുണ്ട്. ഇങ്ങനെയൊരു കുറവ് തുടര്‍ന്നാല്‍ നമ്മുക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coronavirus, Covid 19, Covid vaccine