കൊച്ചി: സമ്പൂർണ ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷൻ പൂർത്തീകരണത്തിനായി എറണാകുളം ജില്ല. ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു വരെ ജില്ലയിൽ വാക്സിൻ സ്വീകരിച്ചവർ 40,10,289 ആണ്. ചൊവ്വാഴ്ച മാത്രം 35,001 പേർ വാക്സിൻ സ്വീകരിച്ചു. 27,97,848 പേർ ആദ്യ ഡോസ് വാക്സിനും 12,12,441 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ ചൊവ്വാഴ്ച 203 കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ നൽകിയത്.
ജില്ലയിൽ ഇതുവരെ 20,09,189 സ്ത്രീകളും 20,00,408 പുരുഷന്മാരും വാക്സിനെടുത്തു. 35,91,561 പേർ കോവിഷീൽഡും 4,08,448 പേർ കോവാക്സിനുമാണ് സ്വീകരിച്ചത്. 60 വയസിനു മുകളിലുള്ള 11,18,579 പേരും 18 നും 44നും ഇടയിൽ പ്രായമുള്ള 16,81, 678 പേരും 45 നും 60നും ഇടയിൽ പ്രായമുള്ള 12,10,032 പേരും വാക്സിൻ സ്വീകരിച്ചു. ഇതേവരെ ഒറ്റ ഡോസ് വാക്‌സിൻ പോലും ലഭിച്ചിട്ടില്ലാത്തവർ 3.28 ലക്ഷം പേരാണ്, അതിൽ, 1 .22 ലക്ഷം ആളുകൾക്ക് ഇപ്പോൾ നല്കാനാകില്ല കാരണം,അവർ കോവിഡ് പോസിറ്റിവായി 3 മാസം പൂർത്തിയാകാത്തവരാണ്. ബാക്കിയുള്ള എല്ലാവർക്കും ആദ്യ ഡോസ് ലഭ്യമാക്കാനുള്ള പരിശ്രമം ആണ് ഇപ്പോൾ നടത്തുന്നത്.
സമ്പൂർണ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സർക്കാർ ആശുപത്രികളും ഔട്ട് റീച് കേന്ദ്രങ്ങളും ഒരുങ്ങി കഴിഞ്ഞു. വാക്‌സിൻ ലഭിക്കുവാൻ ഓൺലൈൻ ബുക്കിംഗ് കൂടാതെ, സ്‌പോട് മൊബിലൈസേഷൻ സൗകര്യവുമുണ്ട് . സ്‌പോട് മൊബിലൈസേഷൻ വഴി വാക്‌സിൻ ആദ്യ ഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ ആശ വർക്കർ, ജെ പി എച്ഛ് എൻ , വാർഡ് മെമ്പർ , തൊട്ടടുത്തുള്ള സർക്കാർ ആശുപത്രി എന്നിവയുമായി ബന്ധപെടണം എന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
Also Read-
'കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പിരിച്ച 16 കോടി രൂപ എന്തുചെയ്തു'? കെ സുധാകരനെതിരെ കെപി അനിൽകുമാർ
ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഈ കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ ആദ്യ ഡോസ് വാക്‌സിൻ എടുത്തു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകാനും , എറണാകുളം ജില്ലയെ സമ്പൂർണ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കുന്ന ജില്ലയാകാനുമുള്ള ശ്രമത്തിലാണ് എറണാകുളം. ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണ പദ്ധതിയായ ഗസ്റ്റ് വാക്സ് 50000 ഡോസ് പൂർത്തിയാക്കി.
126 ഔട്ട് റീച്ച് വാക്സിനേഷൻ ക്യാമ്പുകളിലായി 50055 അതിഥി തൊഴിലാളികൾക്ക് വാക്‌സിനേഷൻ പൂർത്തിയായി. ജില്ലയിലെ വിവിധ തൊഴിലുടമകൾ നേരിട്ട് തങ്ങളുടെ അതിഥി തൊഴിലാളികൾക്ക് നൽകിയ 13330 ഡോസ് ഉൾപ്പടെയാണിത്. രണ്ടാംഘട്ട ലോക്ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ ജില്ലയിലുണ്ടായിരുന്ന 77991 തൊഴിലാളികളുടെ 64% ആണിത്. ഈ മാസം അവസാനത്തോടെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ ഭരണകൂടത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും സഹകരണത്തോടെ സംസ്ഥാന തൊഴിൽ വകുപ്പാണ് അതിഥിതൊഴിലാളികളുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , സർക്കാരിതര സംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്.
എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ബിപിസിഎല്ലിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് എറണാകുളം ലക്ഷ്മി ഹോസ്പിറ്റൽ മെഡിക്കൽ പാർട്ട്നറായി നടപ്പിലാക്കുന്ന ക്ലിനിക് ഓൺ വീൽസ് പദ്ധതിയും അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ നടപടികൾക്കായിഉപയോഗപ്പെടുത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.