• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Home Isolation | കോവിഡ് ബാധിതരാണോ? ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികൾ അറിഞ്ഞിരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

Home Isolation | കോവിഡ് ബാധിതരാണോ? ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികൾ അറിഞ്ഞിരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

ഐസൊലേഷനിൽ കഴിയുന്ന കോവിഡ് -19 രോഗികൾക്കായുള്ള പെരുമാറ്റച്ചട്ടങ്ങൾ

 • Last Updated :
 • Share this:
  കോവിഡ് -19 (Covid 19) മഹാമാരി (Pandemic) ആരംഭിച്ചിട്ട് ഏകദേശം രണ്ട് വർഷമായി. ഓരോ ദിവസവും പതിനായിരക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ വൈറസിന്റെ (Corona Virus) വലിയ വ്യാപനത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. എന്നാൽ പോസിറ്റീവായ പല കേസുകളിലും രോഗികൾ ഒന്നുകിൽ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തവരും അല്ലെങ്കിൽ നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരുമാണ്. ഇത്തരം കേസുകൾ സാധാരണയായി മാരകമല്ലെന്ന് തന്നെ പറയാം. മാത്രമല്ല ആരോഗ്യ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് രോഗിയ്ക്ക് മറ്റാരോടും സമ്പർക്കമില്ലാതെ സ്വന്തം വീട്ടിൽ തന്നെ അല്ലെങ്കിൽ ഒരു മുറിയിൽ തന്നെ കഴിഞ്ഞ് സുഖം പ്രാപിക്കാം.

  നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്നവരോ രോഗലക്ഷണങ്ങളില്ലാത്തവരോ ആയ രോഗികൾക്കായി ആരോഗ്യ മന്ത്രാലയം കാലാകാലങ്ങളിൽ ഹോം ഐസൊലേഷനുമായി ബന്ധപ്പെട്ട് നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷിക്കുകയും ആവശ്യ സമയത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ റിപ്പോർട്ട് ചെയ്യുകയും വേണം.

  എന്നാൽ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡ് -19ന്റെ നേരിയ ലക്ഷണമുള്ള കേസുകളായി വിലയിരുത്തിയിട്ടുള്ള രോഗികൾക്ക് മാത്രമാണ് ഹോം ഐസൊലേഷൻ ബാധകമാക്കിയിരിക്കുന്നത്.

  കോവിഡിന്റെ ലക്ഷണങ്ങളില്ലാത്ത അല്ലെങ്കിൽ നേരിയ ലക്ഷണങ്ങളുള്ള കേസുകളായി രോഗികളെ പരിഗണിക്കുന്നത് എങ്ങനെ?
  രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലാത്തതും 93 ശതമാനത്തിലധികം ഓക്സിജൻ സാച്ചുറേഷൻ ഉള്ളതുമായ കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗകളെയാണ് ലക്ഷണങ്ങളില്ലാത്ത കേസുകളായി പരിഗണിക്കുന്നത്. നേരിയ ലക്ഷണങ്ങളുള്ള കേസുകൾ പനിയോ ശ്വാസതടസ്സമോ ഇല്ലാതെ നേരിയ മറ്റ് ലക്ഷണങ്ങളുള്ള രോഗികളാണ്. രോഗിയുടെ ഓക്സിജൻ സാച്ചുറേഷൻ 93 ശതമാനത്തിലധികം ഉണ്ടായിരിക്കുകയും വേണം.

  ആർക്കാണ് ഹോം ഐസൊലേഷന് അർഹതയുള്ളത്?
  ചികിത്സിക്കുന്ന ഡോക്ടർ നേരിയ ലക്ഷണങ്ങളോ ലക്ഷണങ്ങളിലാത്തതോ ആയ കോവിഡ് ആണെന്ന് വിലയിരുത്തിയാൽ രോഗിയ്ക്ക് ഹോം ഐസൊലേഷന് അർഹതയുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ ക്വാറന്റൈനിൽ കഴിയാനുള്ള സൌകര്യം രോഗിയുടെ വീട്ടിൽ ഉണ്ടായിരിക്കുകയും വേണം. കുടുംബത്തിലെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ല.

  60 വയസ്സിനു മുകളിൽ പ്രായമുള്ള രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, കരൾ രോഗം, വൃക്കരോഗം, സെറിബ്രോ-വാസ്കുലാർ രോഗം തുടങ്ങിയ രോഗാവസ്ഥകളുള്ള മുതിർന്ന ആളുകൾക്കും ഹോം ഐസൊലേഷന് അർഹതയുണ്ട്.

  അതേസമയം, പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയിലുള്ള (എച്ച്ഐവി രോഗമുള്ളവർ, അവയവം മാറ്റിവച്ചവർ, കാൻസർ ചികിത്സ നടത്തുന്നവർ മുതലായവ) രോഗികളെ ഹോം ഐസൊലേഷനായി ശുപാർശ ചെയ്യുന്നില്ല. മെഡിക്കൽ ഓഫീസറുടെ ശരിയായ വിലയിരുത്തലിന് ശേഷം മാത്രമേ ഇവരെ ഹോം ഐസൊലേഷന് അനുവദിക്കൂ.

  ഐസൊലേഷനിൽ കഴിയുന്ന കോവിഡ് -19 രോഗികൾക്കായുള്ള പെരുമാറ്റച്ചട്ടങ്ങൾ

  • രോഗി മറ്റ് കുടുംബാംഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ഒരു മുറിയിൽ തന്നെ ഐസൊലേഷനിൽ കഴിയുകയും വേണം. വീട്ടിലെ മറ്റ് ആളുകളിൽ നിന്ന് അകന്നു നിൽക്കാൻ വേണ്ട കരുതലുകൾ സ്വീകരിക്കണം. പ്രത്യേകിച്ച് പ്രായമായവർ, രക്തസമ്മർദ്ദമുള്ളവർ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ, വൃക്കസംബന്ധമായ അസുഖങ്ങളുള്ളവർ എന്നിവരിൽ നിന്ന് അകന്നു കഴിയണം.

  • നല്ല വായുസഞ്ചാരമുള്ള മുറിയിൽ രോഗി താമസിക്കുകയും ശുദ്ധവായു ഉള്ളിലേക്ക് കടന്നു വരാൻ ജനാലകൾ തുറന്നിടുകയും വേണം.

  • രോഗി എപ്പോഴും മൂന്ന് ലെയറുകളുള്ള മെഡിക്കൽ മാസ്കുകൾ ഉപയോഗിക്കണം. ഓരോ എട്ട് മണിക്കൂറിലും മാസ്ക് മാറ്റണം. മാസ്ക് നനയുകയോ അഴുക്കാകുകയോ ചെയ്താൽ 8 മണിക്കൂറിന് മുമ്പ് തന്നെ മാസ്ക്ക് മാറ്റണം. പരിചാരകൻ മുറിയിൽ പ്രവേശിക്കുന്ന സാഹചര്യങ്ങളിൽ പരിചരിക്കുന്നയാളും രോഗിയും N-95 മാസ്‌ക് ഉപയോഗിക്കുക.

  • മാസ്‌ക് കഷണങ്ങളായി മുറിച്ച് പേപ്പർ ബാഗിൽ 72 മണിക്കൂർ നേരം വച്ച ശേഷം മാത്രം കളയുക

  • ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്താൻ രോഗി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം.

  • കുറഞ്ഞത് 40 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.

  • പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ രോഗികൾ വീട്ടിലെ മറ്റ് ആളുകളുമായി പങ്കിടരുത്.

  • മുറിയിൽ ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ (ടേബിൾടോപ്പുകൾ, ഡോർ നോബുകൾ, ഹാൻഡിലുകൾ മുതലായവ) സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മാസ്കുകൾ, കൈയ്യുറകൾ എന്നിവ ധരിച്ച് രോഗിക്കോ പരിചാരകനോ ഇത്തരം വൃത്തിയാക്കലുകൾ നടത്താവുന്നതാണ്.

  • രോഗി പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ സ്വയം നിരീക്ഷിക്കുന്നത് നല്ലതാണ്.

  • ദിവസേന താപനില പരിശോധിച്ച് രോഗിയ്ക്ക് സ്വന്തം രോഗലക്ഷണം വഷളാകുന്നുണ്ടോയെന്ന് സ്വയം തിരിച്ചറിയുകയും ഉടൻ റിപ്പോർട്ട് ചെയ്യുകയും ചെയ്യാം.

  • ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറുമായും നിരീക്ഷണ സംഘങ്ങളുമായും കൺട്രോൾ റൂമുമായും ആരോഗ്യ നില സംബന്ധിച്ച സ്റ്റാറ്റസ് പങ്കിടണം.

  • പരിചരിക്കുന്നയാൾ രോഗിക്ക് അടുത്തുള്ള എല്ലാ സമയത്തും മൂന്ന് ലെയറുള്ള മെഡിക്കൽ മാസ്‌ക്കുകൾ ധരിക്കേണ്ടതുണ്ട്.


  രോഗിയുമായുള്ള സമ്പർക്ക സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • രോഗിയുടെ ശരീര സ്രവങ്ങളുമായി (ശ്വാസം, ഉമിനീർ എന്നീ സ്രവങ്ങളുമായി) നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗിയെ കൈകാര്യം ചെയ്യുമ്പോൾ ഡിസ്പോസിബിൾ കൈയ്യുറകൾ ഉപയോഗിക്കുക.

  • രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക (ഉദാ. ഭക്ഷണ പാത്രങ്ങൾ, വിഭവങ്ങൾ, പാനീയങ്ങൾ, ഉപയോഗിച്ച ടവലുകൾ അല്ലെങ്കിൽ ബെഡ് ലിനൻ എന്നിവ പങ്കിടുന്നത് ഒഴിവാക്കുക)

  • രോഗിക്ക് ഐസൊലേഷനിൽ കഴിയുന്ന മുറിയിൽ ഭക്ഷണം നൽകണം. കൈയുറകൾ ധരിച്ച് മാത്രം രോഗി ഉപയോഗിക്കുന്ന പാത്രങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. പാത്രങ്ങൾ ശരിയായ രീതിയിൽ വൃത്തിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാം.

  • കൈയ്യുറകൾ അഴിച്ചതിനുശേഷം അല്ലെങ്കിൽ രോഗി ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്ത ശേഷം കൈകൾ വൃത്തിയാക്കുക. രോഗി ഉപയോഗിക്കുന്ന പ്രതലങ്ങൾ, വസ്ത്രങ്ങൾ എന്നിവ വൃത്തിയാക്കുമ്പോഴോ കൈകാര്യം ചെയ്യുമ്പോഴോ ട്രിപ്പിൾ ലെയർ മെഡിക്കൽ മാസ്കും ഡിസ്പോസിബിൾ ഗ്ലൗസും ഉപയോഗിക്കുക.

  • ഉപയോഗിച്ച മാസ്കുകൾ, കൈയ്യുറകൾ, ടിഷ്യൂകൾ അല്ലെങ്കിൽ ഉപയോഗിച്ച സിറിഞ്ചുകൾ, മരുന്നുകൾ മുതലായവ ഉൾപ്പെടെയുള്ള കോവിഡ്-19 രോഗികളുടെ രക്ത/ശരീര സ്രവങ്ങളാൽ മലിനമായ വസ്തുക്കൾ ബയോമെഡിക്കൽ മാലിന്യമായി കണക്കാക്കുകയും ഇവ ശേഖരിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും വേണം. വീടുകളിലും സമൂഹത്തിലും അണുബാധ കൂടുതൽ പടരാതിരിക്കാൻ ഇത്തരത്തിൽ മാലിന്യം വെവ്വേറെ ശേഖരിച്ച് അധികൃതർക്ക് കൈമാറുക.


  വീട്ടിൽ ഐസൊലേഷനിൽ കഴിയുന്ന നേരിയ രോഗലക്ഷണങ്ങളുള്ള രോഗിയെ ചികിത്സിക്കേണ്ടത് എങ്ങനെ?

  • രോഗികൾ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറുമായി ആശയവിനിമയം നടത്തുകയും എന്തെങ്കിലും അപകടരമായ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യുകയും വേണം.

  • മെഡിക്കൽ ഓഫീസറുമായി കൂടിയാലോചിച്ച ശേഷം മാത്രം രോഗികൾ മറ്റ് അസുഖങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുക

  • https://esanjeevaniopd.in/ എന്ന വെബ്സൈറ്റിൽ ലഭ്യമായ ഇ-സഞ്ജീവനി ടെലി കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോം ഉൾപ്പെടെ ജില്ലാ/സംസ്ഥാന ഭരണകൂടം ലഭ്യമാക്കിയിട്ടുള്ള സേവനങ്ങൾ രോഗിക്ക് ഉപയോഗിക്കാം.

  • രോഗികൾ ദിവസവും മൂന്ന് പ്രാവശ്യം ചൂടുവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുകയും ആവി പിടിക്കുകയും വേണം.

  • പാരസെറ്റമോൾ 650 മില്ലിഗ്രാം ഒരു ദിവസം നാല് തവണ കഴിച്ചിട്ടും പനി നിയന്ത്രിക്കാനായില്ലെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറെ സമീപിക്കുക.

  • മെഡിക്കൽ ഓഫീസറുമായി കൂടിയാലോചിക്കാതെ സ്വയം ചികിത്സ നടത്തുകയോ രക്തപരിശോധന നടത്തുകയോ നെഞ്ചിന്റെ എക്‌സ്‌റേ എടുക്കാൻ തിരക്കുകൂട്ടുകയോ ചെയ്യരുത്.

  • നേരിയ രോഗ ലക്ഷണങ്ങളുള്ളവരിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കാറില്ല. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും അനുചിതമായ ഉപയോഗവും കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

  • ഓരോ രോഗിയുടെയും ചികിത്സ ബന്ധപ്പെട്ട രോഗിയുടെ പ്രത്യേക അവസ്ഥ അനുസരിച്ച് വ്യക്തിഗതമായി നിരീക്ഷിക്കേണ്ടതുണ്ട്. അതിനാൽ മറ്റാരുമായും മരുന്നുകളുടെ കുറിപ്പുകൾ പങ്കിടരുത്.

  • ഓക്‌സിജൻ സാച്ചുറേഷൻ കുറയുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്‌താൽ ആ വ്യക്തിയെ എത്രയും വേഗം ആശുപത്രിയിൽ പ്രവേശിപ്പിക്കണം. ഇതിനായി ചികിത്സിക്കുന്ന മെഡിക്കൽ ഓഫീസർ, നിരീക്ഷണ സംഘം, കൺട്രോൾ റൂം എന്നിവരുമായി കൂടിയാലോചന നടത്തേണ്ടതാണ്.


  എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?

  • കടുത്ത പനി (3 ദിവസത്തിൽ കൂടുതൽ 100 ​​° F ൽ കൂടുതൽ)

  • ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക

  • ഓക്സിജൻ സാച്ചുറേഷൻ കുറയുക

  • നെഞ്ചിൽ വേദന അനുഭവപ്പെടുക

  • ആശയക്കുഴപ്പം

  • കഠിനമായ ക്ഷീണം


  നിരീക്ഷണ സംഘത്തിന്റെ ഉത്തരവാദിത്തങ്ങൾ

  • രോഗിയ്ക്ക് ഹോം ഐസൊലേഷനായി ആവശ്യമായ സൗകര്യങ്ങൾ ഉണ്ടോ എന്ന് വിലയിരുത്തേണ്ടത് നിരീക്ഷണ സംഘങ്ങളാണ്.

  • ആരോഗ്യപ്രവർത്തകൻ രോഗിയെ ദിവസേന നേരിട്ടോ ടെലിഫോൺ, മൊബൈൽ എന്നിവ മുഖേനയോ ബന്ധപ്പെടുകയും താപനില, പൾസ്, ഓക്സിജൻ സാച്ചുറേഷൻ, രോഗികളുടെ മൊത്തത്തിലുള്ള ആരോഗ്യം, ലക്ഷണങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ചോദിച്ചറിയുകയും വേണം.

  • സംസ്ഥാന സർക്കാരിന്റെ നയമനുസരിച്ച് നിരീക്ഷണ സംഘങ്ങൾ രോഗിക്കും പരിചരിക്കുന്നയാൾക്കും ഹോം ഐസൊലേഷൻ കിറ്റുകൾ നൽകണം. കിറ്റിൽ മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, പാരസെറ്റമോൾ എന്നിവയും രോഗികളെയും കുടുംബാംഗങ്ങളെയും രോഗത്തെക്കുറിച്ച് മനസ്സിലാക്കിക്കുന്നതിനുള്ള പ്രാദേശിക ഭാഷയിലുള്ള ലഘുലേഖകളും അടങ്ങിയിരിക്കും.

  • ലക്ഷണങ്ങൾ വഷളാവുകയും ഓക്സിജൻ സാച്ചുറേഷൻ കുറയുകയും ചെയ്താൽ, നിരീക്ഷണ സംഘം രോഗിയെ വീണ്ടും വിലയിരുത്തുകയും രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് കൺട്രോൾ റൂമിനെ വിവരം അറിയിക്കുകയും ചെയ്യണം.

  • രോഗം, രോഗലക്ഷണങ്ങൾ, മുന്നറിയിപ്പ് സൂചനകൾ, കോവിഡ് പെരുമാറ്റ ചട്ടങ്ങൾ, വാക്സിനേഷന്റെ ആവശ്യകത എന്നിവയെക്കുറിച്ച് രോഗികളെയും കുടുംബത്തെയും ബോധവത്ക്കരിക്കേണ്ടതും നിരീക്ഷണ സംഘത്തിന്റെ ചുമതലയാണ്.


  എപ്പോഴാണ് ഹോം ഐസൊലേഷൻ അവസാനിപ്പിക്കേണ്ടത്?

  മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഹോം ഐസൊലേഷനിലുള്ള രോഗികൾ ടെസ്റ്റ് പോസിറ്റീവ് ആയി കുറഞ്ഞത് 7 ദിവസം കഴിഞ്ഞാൽ ഐസൊലേഷൻ അവസാനിപ്പിക്കാം. തുടർച്ചയായ 3 ദിവസത്തേക്ക് പനി ഇല്ലെങ്കിൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം. എങ്കിലും അവർ മാസ്ക് ധരിക്കുന്നത് തുടരണം. ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞാൽ വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. രോഗിയുമായി സമ്പർക്കത്തിലുള്ള രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല.
  Published by:Jayesh Krishnan
  First published: