കോവിഡ് രോഗികൾക്ക് കേരളത്തിൽ 'പ്ലാസ്മ തെറാപ്പി' ചികിത്സയ്ക്ക് അനുമതി; എന്താണ് ഈ ചികിത്സ?

Last Updated:

രാജ്യത്ത് ആദ്യമായാണ് പ്ലാസ്മ ചികിത്സ പരീക്ഷണ അനുമതി ഒരു സംസ്ഥാനത്തിന് ലഭിക്കുന്നത്.

തിരുവനന്തപുരം: രോഗം ഭേദമായവരുടെ രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്‍റിബോഡി ഉപയോഗിച്ചുള്ള  "കോൺവാലസെന്‍റ് പ്ലാസ്മ തെറാപ്പി" ചികിത്സ പരീക്ഷിക്കാൻ ഐസിഎംആർ സംസ്ഥാനത്തിന് അനുമതി നൽകി. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി എന്നിവിടങ്ങളിലായാണ് ഇതുസംബന്ധിച്ച പരീക്ഷണങ്ങൾ നടക്കുക. കൂടാതെ കേരളത്തിലെ അഞ്ച് മെഡിക്കൽ കോളേജുകളിലായി പരീക്ഷണങ്ങൾ നടത്തും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അനൂപിനാണ് ഏകോപന ചുമതല.
എന്താണ് പ്ലാസ്മ തെറാപ്പി ചികിത്സ?
കോവിഡ് 19 ബാധിച്ചു രോഗമുക്തി നേടിയവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് "കോൺവാലസെന്‍റ് പ്ലാസ്മ തെറാപ്പി". ഇത്തരത്തിൽ ശേഖരിക്കുന്ന രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്‍റിബോഡി ചികിത്സയിലുള്ള കോവിഡ് 19 രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. കോവിഡ് ബാധിച്ച് രോഗമുക്തരായവരിൽ വൈറസിനെ ചെറുക്കുന്ന ആന്റിബോഡി രക്തത്തിൽ ഉണ്ടാകും.
ഇന്ത്യയിൽ ആദ്യം കേരളത്തിൽ
അനുമതി ലഭിച്ചതോടെ പരീക്ഷണം ഉടൻ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് പ്ലാസ്മ ചികിത്സ പരീക്ഷണ അനുമതി ഒരു സംസ്ഥാനത്തിന് ലഭിക്കുന്നത്.
advertisement
advertisement
പ്ലാസ്മ തെറാപ്പി ചികിത്സ ഫലപ്രദമാകുന്നത് എങ്ങനെ?
രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്. തുടർന്ന് ഈ പ്ലാസ്മയിലെ ആന്റിബോഡി മറ്റ് രോഗികളിൽ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് രീതി. ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്‍റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്തതായാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്.
കേരളത്തിന് മുന്നിൽ ഇനിയും കടമ്പകൾ
ആന്‍റിബോഡി പരിശോധനയ്ക്കുള്ള കിറ്റുകൾ ചൈനയിൽനിന്ന് എത്തിക്കണം. ഐസിഎംആർ അനുമതിയ്ക്ക് പുറമെ ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ, എത്തിക്സ് കമ്മിറ്റി എന്നിവയുടെ കൂടി അംഗീകാരം ലഭിച്ച ശേഷമേ ചികിത്സയ്ക്ക് ഇവ ഉപയോഗിച്ചു തുടങ്ങാൻ സാധിക്കുകയുള്ളു. രോഗമുക്തി നേടിയവരുടെ പ്ലാസ്മ ശേഖരിക്കാനുള്ള അനുമതി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് സംസ്ഥാനം നേരത്തെ നൽകിയിരുന്നു. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിലും ആന്‍റിബോഡി പരിശോധന നടത്തും.
advertisement
ആദ്യം തുടങ്ങിയത് ചൈനയിൽ
ചൈനയിലും അമേരിക്കയിലും അടക്കം പ്ലാസ്മ ചികിത്സാ രീതിക്ക് അനുകൂല ഫലമാണ് ലഭിക്കുന്നത്. ചൈനയിലെ രണ്ട് ആശുപത്രികളിലാണ് കോവിഡ് 19ന് എതിരെ പ്ലാസ്മ തെറാപ്പി ചികിത്സ ആദ്യം ഉപയോഗിച്ചത്. പിന്നീട് ദക്ഷിണകൊറിയയിലും ഇത് പ്രയോഗിച്ചു. ഈ ചികിത്സ 100 ശതമാനം വിജയമാണെന്നാണ് വിവിധ ശാസ്ത്രജ്ഞൻമാർ അറിയിക്കുന്നത്. രോഗം ഭേദമായവരിൽനിന്ന് എടുത്തു കുത്തിവെച്ച ആന്‍റിബോഡി ചികിത്സ പരീക്ഷിച്ച പത്തുപേരിലും വിജയകരമായിരുന്നു. അമേരിക്കയിലും പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അനുമതി നൽകിയിട്ടുണ്ട്.
advertisement
ക്യൂബയിലെ അത്ഭുത മരുന്നും കേരളം ഉപയോഗിക്കും
പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് പുറമെ കോവിഡ് 19 ചികിത്സയ്ക്ക് ഏറെ ഫലപ്രദമെന്ന് കണ്ടെത്തിയ ക്യൂബൻ മരുന്ന് ഇന്‍റർഫെറോൺ ആൽഫ 2 ബി ഉപയോഗിക്കാനും കേരളത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ആന്‍റിബോഡി പരിശോധനയിലൂടെ സമൂഹവ്യാപനമുണ്ടായോയെന്ന് പഠിക്കുന്നതിനും ഐസിഎംആർ കേരളത്തിന് അനുമതി നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് രോഗികൾക്ക് കേരളത്തിൽ 'പ്ലാസ്മ തെറാപ്പി' ചികിത്സയ്ക്ക് അനുമതി; എന്താണ് ഈ ചികിത്സ?
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement