ന്യൂയോർക്ക്; ലോകത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകാന്‍ കാരണം കൃത്യസമയത്ത് നടപടികളെടുക്കാത്തതും തെറ്റായ തീരുമാനങ്ങളുമാണെന്ന് ഇന്‍ഡിപെന്‍ഡന്‍റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്നസ് ആന്‍ഡ് റെസ്പോണ്‍സ് (ഐ.പി.പി.പി.ആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കാന്‍ വൈകിയെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ന്യൂസീലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, ലൈബീരിയന്‍ മുന്‍ പ്രസിഡന്‍റ് എലന്‍ ജോണ്‍സന്‍ സര്‍ലീഫ് എന്നിവര്‍ അധ്യക്ഷരായ സമിതിയുടേതാണ് വിലയിരുത്തുന്നത്.
2019 ഡിസംബറില്‍ വുഹാനില്‍ നോവെൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു. 2020 ഫെബ്രുവരിയാകുന്നതുവരെ കാര്യത്തിന്റെ ഗൗരവം അറിയിക്കാന്‍ ചൈന തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നുണ്ട്. അടിയന്തര സാഹചര്യം മനസിലാക്കുന്നതില്‍ മറ്റു രാജ്യങ്ങളും പരാജയപ്പെട്ടു. വ്യാപനം നേരിടുന്നതിനു മാര്‍ഗങ്ങളില്ലാതിരുന്നതും ഏകോപനമില്ലായ്മയും മാനവരാശിയെ വന്‍ദുരന്തത്തിലേക്കു തള്ളിവിട്ടു. വുഹാനില്‍ വൈറസ് കണ്ടെത്തിയപ്പോള്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണമായിരുന്നു. തുടര്‍ച്ചയായ അലംഭാവമാണു ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.
കുറച്ചെങ്കിലും കാര്യശേഷി പ്രകടിപ്പിച്ചിരുന്നെങ്കിൽ ലോകത്ത് 33 ലക്ഷത്തിലേറെ ആളുകൾ മരിക്കുകയും മഹമാരി മൂലം ആഗോള സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാകുന്നതും ഒഴിവാക്കാമായിരുന്നുവെന്നും സ്വതന്ത്ര പാനലിന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Also Read-
കേരളം വീണ്ടും മാതൃകയായി; ഉപയോഗിക്കാത്ത ഒരു ലക്ഷം റെംഡെസിവിർ മരുന്നു കുപ്പികൾ കേന്ദ്രത്തിന് തിരികെ നൽകി
അതിനിടെ ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. വിവിധ മത, രാഷ്ട്രീയ പരിപാടികളില്‍ ആളുകള്‍ ഒത്തുകൂടിയത് കോവിഡ് കേസുകള്‍ ഉയരുന്നതിന് ഒരു പ്രധാന കാരണമായി മാറിയതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കാന്‍ നിരവധി കാരണങ്ങളാണ് ഡബ്ല്യു എച്ച് ഒ എടുത്തു കാണിക്കുന്നത്. ഇതില്‍ പ്രധാന കാരണമായാണ് രാഷ്ട്രീയ, മതപരമായ പരിപാടികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം പരിപാടികളില്‍ ആളുകള്‍ കൂട്ടത്തോടെ ഒത്തുകൂടിയത് വ്യാപനത്തിന് കാരണമായി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വരെ പലരും വീഴ്ച വരുത്തി. ഇതിന് പുറമേ വര്‍ധിച്ച തോതിലുള്ള കോവിഡ് വകഭേദങ്ങളുടെ സാന്നിധ്യവും വ്യാപനത്തിന് കാരണമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതിൽ കൂടി. 24 മണിക്കൂറിനിടെ 362727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23703665 ആയി. 3,52181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,9734823 പേര്‍ ഇതുവരെ രോഗമുക്തി നേടി.
3710525 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 4120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,58,317 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,64,594 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാംപിളുകള്‍ 30,94,48,585 ആയി ഉയര്‍ന്നു.
രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് പുരോഗമിക്കുകയാണ്. ഇതുവരെ 17,72,14,256 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് -46,781. പിന്നാലെ 43,529 രോഗികളുമായി കേരളം രണ്ടാമതുണ്ട്. കര്‍ണാടകയില്‍ 39,998ഉം തമിഴ്നാട്ടില്‍ 30,355ഉം രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.