Covid 19 | 24 മണിക്കൂറിൽ 13,203 പുതിയ കേസുകൾ, 131 മരണം; കോവിഡ് ആശ്വാസകണക്കിൽ രാജ്യം
- Published by:Asha Sulfiker
- news18-malayalam
Last Updated:
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ കുറവ് വരുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ പ്രതിദിന കണക്കില്‍ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ ആശ്വാസം ഉയർത്തുന്ന നിലയിൽ കുറയുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ ആകെ 13,203 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,06,67,736 ആയി. ഇതിൽ 1,03,30,084 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,84,182 സജീവ കേസുകൾ മാത്രമാണ് രാജ്യത്തുള്ളത്. ആകെ രോഗബാധിതരുടെ 1.73% മാത്രമാണിത്.
ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ഒറ്റദിവസത്തിനിടെ 131 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ എട്ടുമാസത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്ത് ഇതുവരെ 1,53,470 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മരണനിരക്ക് കുറയുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതുമാണ് രാജ്യത്തിന് ആശ്വാസമേകുന്ന മറ്റൊരു കാര്യം. നിലവിൽ 1.4% ആണ് മരണനിരക്ക്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 96.83 ശതമാനവും.
advertisement
പ്രതിദിന പരിശോധനകളും രാജ്യത്ത് വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 5,70,246 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ജനുവരി 24 വരെ രാജ്യത്ത് 19,23,37,117 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ കുറവ് വരുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ പ്രതിദിന കണക്കില്‍ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന പല സംസ്ഥാനങ്ങളിലും ഇപ്പോൾ ദിനം പ്രതിയുള്ള കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആറായിരത്തിൽ കൂടുതൽ കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
advertisement
കഴിഞ്ഞ ദിവസം മാത്രം 6036 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 48,378 സാമ്പിളുകള്‍ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത് 12.48 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,58,401 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 3607 കോവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,289 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,063 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,226 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Location :
First Published :
January 25, 2021 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 24 മണിക്കൂറിൽ 13,203 പുതിയ കേസുകൾ, 131 മരണം; കോവിഡ് ആശ്വാസകണക്കിൽ രാജ്യം