ന്യൂഡല്‍ഹി: ഒക്ടബറോടെ ഇന്ത്യയില്‍ അഞ്ചു വാക്സിനുകള്‍ക്ക് കൂടി ഉപയോഗിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വാക്സിനായ സ്പുട്നികിന് അനുമതി നല്കുന്ന കാര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് രണ്ടു വാക്സിനുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
സ്പുട്നിക് V, ജോണ്സണ് ആന്‍ഡ് ജോണ്സണ്, നോവാക്സ്, സിഡസ് കാഡില, ഭാരത് ബയോടെകിന്റെ ഇന്‍ട്രനേസല്‍ വാക്സിന് എന്നിവയാണ് ഒക്ടബറോടെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാക്സിനുകള്‍. രാജ്യത്ത് ഏതെങ്കിലും വാക്സിന് അടിയന്തര അനുമതി നല്കുമ്പോള് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആശങ്ക അതിന്റെ സുരക്ഷയിയും ഫലപ്രാപ്തിയിലുമാണെന്ന് എഎന്‍ഐയോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വിവിധ ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍ ഘട്ടങ്ങളിലായി 20 വാക്സിനുകള്‍ പരീക്ഷിക്കുന്നു. എന്നാല്‍ സ്പുട്നിക് V വാക്സിന് ആദ്യ അനുമതി ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ സ്പുട്നിക് വാക്സിന് ഉടന്‍ അനുമതി ലഭിക്കുമന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാക്സിന് നിര്‍മ്മാണത്തിനായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്മെന്റ് ഫണ്ട്(ആര് ഡി ഐ എഫ്) ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ബയോഫാര്‍മ, ഗ്രാന്‍ഡ് ഫാര്‍മ, സ്റ്റെലിസ് ബയോഫാര്‍മ, വിക്രോ ബയോടെക്, എന്നിവയുള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
രാജ്യത്ത് 850 ദശലക്ഷം ഡോസ് ഉല്പാദനശേഷിയാണ് സ്പുട്നിക് വാക്സിന് പ്രതീക്ഷിക്കുന്നത്. ഇത് കോവിഡിനെതിരായ പോരാട്ടത്തിന് ഊര്‍ജം പകരുകയും ചെയ്യും. ജൂണ്‍ മാസത്തോടെ രാജ്യത്ത് സ്പുട്നിക് വാക്സിന് ലഭ്യാമകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവേഷണം, ഉത്പാദനം, ക്ലിനിക്കല്‍ ട്രയല്‍ എന്നിവ മാറ്റാതെ വാക്സിനുകള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also Read- വാക്സിന് ഉത്സവം: നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അതേസമയം രാജ്യത്ത് വാക്സിന് ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത് നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. രാജ്യത്ത് കോവിഡ് കേസുകളിലും വന്‍വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇരുപത്തിനാല് മണിക്കൂറില്‍ മാത്രം ഒന്നരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഒറ്റദിവസത്തിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണിത്.
ഇന്ത്യയില്‍ ഇതുവരെ 1,33,58,805 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,33,58,805 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 ആക്ടീവ് കേസുകളാണുള്ളത്. ആക്ടീവ് കേസുകളും മരണനിരക്കും വര്‍ധിച്ച് വരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 839 മരണങ്ങള് ഉള്‍പ്പെടെ ഇതുവരെ 1,69,275 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് വാക്സിന് അര്‍ഹരായവര്‍ക്ക് ലഭ്യമാകുന്നതിന് വാക്സിന് ഉത്സവത്തിന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി രാജ്യത്തുടനീളം വാക്സിന് ഉത്സവം നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതോടെ യോഗ്യരായ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുക എന്നതാണ് വാക്സിന് ഉത്സവമെന്നതിലൂടെ ലക്ഷ്യമിടുന്നത്.
'പ്രത്യേക ക്യാമ്പയിനിലൂടെ രാജ്യത്ത് യോഗ്യരായ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. വാക്സിന് ഉത്സവ സമയത്ത് വാക്സിന് പഴാക്കാതിരിക്കുകയാണെങ്കില്‍ വാക്സിനേഷന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. വാക്സിന് പരമാവധി പ്രയോജനപ്പെടുത്തുക. ഇത് ഇപ്പോഴത്തെ സാഹചര്യം മാറ്റാന്‍ സഹായകരമാകും. യോഗ്യരായ എല്ലാവര്ക്കും വാക്സിന് നല്‍കാനുള്ള ശ്രമമാണ് വാക്സിന് ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്'പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമുള്ള യോഗത്തില്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് 85 ദിവസത്തിനുള്ളില്‍ 10 കോടി വാക്സിന് നല്കി. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്സിനേഷന് ആണിത്. 10 കോടി കോവിഡ് വാക്സിന് നല്കാന് യു എസ് 89 ദിവസം എടുത്തു. ചൈന 102 ദിവസവും എടുത്തു. ആഗോള തലത്തില്‍ ഇന്ത്യ പ്രതിദിനം 38,93,288 ഡോസുകളാണ് നല്‍കുന്നത്. രാജ്യത്ത് ഇതുവരെ 10,12,84,282 ഡോസ് വാക്സിന് നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.