ഒരേസമയം മങ്കിപോക്സ്, എച്ച്ഐവി, കൊവിഡ്-19 എന്നിവ സ്ഥിരീകരിച്ച് ഇറ്റലിയിലെ ഒരു യുവാവ്. അമൻ എന്ന യുവാവിനാണ് ഒരേസമയം കോവിഡും മങ്കിപോക്സും എച്ച്ഐവിയും സ്ഥിരീകരിച്ചത്. ഈ വർഷം ജൂണിൽ സ്പെയിനിലേക്കുള്ള തന്റെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ ഇറ്റലിയിലേക്ക് മടങ്ങിയതിന് ശേഷം 36 കാരനായ അമന് പനി, തൊണ്ടവേദന, സമാനമായ മറ്റ് പല ലക്ഷണങ്ങളും ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം കോവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ അമന്‍റെ ഇടതുകൈയിൽ ചുണങ്ങു പ്രത്യക്ഷപ്പെടുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ വേദനാജനകമായ കുമിളകൾ ഉണ്ടാകുകയും ചെയ്തു.
ഇറ്റലിയിലെ കാറ്റാനിയയിലുള്ള സാൻ മാർക്കോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് കുരങ്ങുപനി, എച്ച്‌ഐവി എന്നിവയും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
എച്ച്‌ഐവി പരിശോധനയിൽ അദ്ദേഹത്തിന് വൈറസ് ബാധ ഏറെ ഉയർന്ന നിലയിലാണ് വ്യക്തമായിട്ടുണ്ട്. സ്പെയിനിലേക്കുള്ള തന്റെ യാത്രയിൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ഇദ്ദേഹം ആശുപത്രി അധികൃതരോട് പറഞ്ഞു. മുമ്പ് 2021 സെപ്റ്റംബറിൽ എച്ച്ഐവി പരിശോധന നടത്തിയിരുന്നുവെന്നും അത് നെഗറ്റീവ് ആയിരുന്നുവെന്നും ഇയാൾ പറഞ്ഞതായി ബിഎൻഒ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിൽ ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം, കൊവിഡ്-19, കുരങ്ങുപനി എന്നിവയിൽ നിന്ന് സുഖം പ്രാപിച്ച ഇയാളെ ഡിസ്ചാർജ് ചെയ്തു.
“മങ്കിപോക്സും COVID-19 രോഗലക്ഷണങ്ങളും എങ്ങനെ ഒരുമിച്ച് വരുമെന്ന് ഈ കേസ് എടുത്തുകാണിക്കുന്നു, ഒരേസമയം രണ്ട് അണുബാധ ഉണ്ടായാൽ, ശരിയായ രോഗനിർണയം നടത്താൻ അൽപ്പം ബുദ്ധിമുട്ടുണ്ടെന്നാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്. എന്നാൽ ലൈംഗികശീലം സംബന്ധിച്ച വെളിപ്പെടുത്തലാണ് മങ്കിപോക്സും തുടർന്ന് എച്ച്ഐവിയും പരിശോധിക്കാൻ നിർബന്ധിതരായതെന്നും ഡോക്ടർ പറഞ്ഞു.
കാറ്റാനിയ സർവകലാശാലയിലെ ഗവേഷകരും ഇക്കാര്യം സമ്മതിക്കുന്നു. കൊവിഡ്-19, കുരങ്ങുപനി, എച്ച്‌ഐവി എന്നിവ ഒരേസമയം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസാണിത്.
മുമ്പ്, ഒരു ജെറൻ സ്വദേശിക്ക് മങ്കിപോക്സും എച്ച്ഐവിയും പോസിറ്റീവ് ആയിരുന്നു. 40-കാരനായ രോഗി തന്റെ മൂക്കിൽ ഒരു ചുവന്ന അടയാളം കണ്ടത് സൂര്യാഘാതമായി കണ്ട് ചികിത്സ തേടുകയായിരുന്നു. എന്നാൽ കൂടുതൽ പരിശോധനയിലാണ് ഇദ്ദേഹത്തിന് എച്ച്ഐവി ഉണ്ടെന്ന് സ്ഥിരീകരിച്ചത്. പിന്നീട് വെളുത്ത പഴുപ്പ് പോലുള്ള ദ്രാവകം മൂക്കിലെ ചുവന്ന പാടിൽ നിറഞ്ഞുനിൽക്കുന്നതായി കണ്ടു.
സമാനമായ കുമിളകൾ ഉടൻ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പടരാൻ തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, HIV+, Monkey Pox