തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്തുള്ള 7 പേര്‍ക്കും തൃശൂരിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ്. ടൂര്‍ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളജ് ഒമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേരാണുള്ളത്.
മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സെക്രട്ടേറിയറ്റില്‍ നിരവധിപേർക്ക് രോഗം
പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് (V Sivankutty) കോവിഡ് (Covid 19) സ്ഥിരീകരിച്ചു. മന്ത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അടക്കം യോഗങ്ങളിൽ പങ്കെടുത്തിരുന്നു.
ഇതിനിടെ, സെക്രട്ടേറിയറ്റില്‍ കോവിഡ് പടർന്നു പിടിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ നില 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെത്തി. എന്നാൽ, സാമ്പത്തികവർഷം അവസാനിക്കുന്നതിനാല്‍ പദ്ധതി നടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പൊളിറ്റിക്കൽ സെക്രട്ടറിക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിനെ തുടർന്ന് വനം മന്ത്രിയുടെ ഓഫീസ് നേരത്തെ അടച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വരെ അടച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം. സെക്രട്ടേറിയറ്റിലെ 60 ലധികം ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.