കോവിഡ് 19 ഉമായുള്ള (Covid 19), ഏകദേശം രണ്ട് വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനു ശേഷം പുതുവര്‍ഷത്തിൽ കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദം കൂടി നമുക്കിടയിലേക്ക് എത്തിയിരിക്കുകയാണ്. മഹാമാരിയുടെ (Pandemic) ആദ്യ രണ്ട് തരംഗങ്ങളെ ലോകജനത അതിജീവിച്ചു. മൂന്നാം തരംഗത്തില്‍ ഒമിക്രോണിന്റെ (Omicron) രൂപത്തില്‍ വൈറസ് വീണ്ടും ജനങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചെത്തി.
ഒരു വ്യക്തിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ രോഗലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് 7 മുതല്‍ 14 ദിവസം വരെ ക്വാറന്റീനില്‍ (Quarantine) കഴിയേണ്ടതുണ്ട്. രോഗം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഹോം ക്വാറന്റീന്‍. എന്നാല്‍ വീട്ടില്‍ അത്രയും ദിവസം ഒറ്റയ്ക്ക് കഴിയുന്നത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാം.
വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്നത് തളർച്ച, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമായേക്കാം. അതിനാല്‍ നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. അതിന് ഉപയോഗപ്രദമായേക്കാവുന്ന ചില ടിപ്സ് ഇതാ.
- ദിനചര്യ
ഒരു ദിനചര്യ വളര്‍ത്തിയെടുക്കുക. അത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങളുടെ ചുറ്റുപാടുകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്താം.
- ഇടയ്ക്കിടെ വ്യായാമം ചെയ്യുക
ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസും ആവശ്യമാണ്. വ്യായാമം ശീലമാക്കുന്നത് നിങ്ങളുടെ മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- സംഗീതം
മറ്റേതൊരു ആശയവിനിമയ മാധ്യമത്തില്‍ നിന്നും വ്യത്യസ്തമായി സംഗീതം നമ്മുടെ മനസ്സുമായി കൂടുതൽ ഇടപഴകുന്നു. പാട്ട് കേള്‍ക്കുമ്പോൾ നിങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷവും സന്തോഷവും തോന്നും. അതിനൊപ്പം ആസ്വദിച്ച് ചുവടു വെയ്ക്കുക കൂടി ചെയ്താൽ മാനസിക പിരിമുറുക്കം പമ്പ കടക്കും.
- ബന്ധങ്ങൾ നിലനിര്‍ത്തുക
മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിലും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും മനുഷ്യ മനസ്സിന് വലിയ പങ്കുണ്ട്. അതിനാല്‍, ക്വാറന്റീന്‍ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാന്‍ കഴിയില്ലെങ്കിലും ടെലിഫോണ്‍, സോഷ്യല്‍ മീഡിയ എന്നീ മാധ്യമങ്ങളിലൂടെ അവരുമായുള്ള ബന്ധം നിലനിര്‍ത്തുക.
- പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണുക
നിങ്ങളുടെ വികാരങ്ങളെ തുറന്ന് പ്രകടിപ്പിക്കുക. നിങ്ങളുടെ വൈകാരികമായ പെരുമാറ്റത്തെ സ്വയം വിശകലനം ചെയ്യുക. ഇത് ഒരു പരിധി വരെ നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്താൻ സഹായകരമാണ്.
കോവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍. 50ലധികം മ്യൂട്ടേഷനുകള്‍ സംഭവിച്ചിട്ടുള്ള വകഭേദമാണിത്. ഈ വകഭേദം ആദ്യം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ, നവംബര്‍ 26ന് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ വേരിയന്റ് ഓഫ് കണ്‍സേണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നിലവിലുള്ള വാക്സിനുകളും ചികിത്സകളും നല്‍കുന്ന സംരക്ഷണത്തെ മറികടക്കാന്‍ ശേഷിയുള്ളതാണ് ഈ വകഭേദമെന്നാണ് ആദ്യകാല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ പോസിറ്റീവ് ആകുന്നതിനാലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലും ഈ വേരിയന്റിനെ നിരുപദ്രവകരവും തീവ്രത കുറഞ്ഞതുമായി കണക്കാക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.