Covid-19 | കോവിഡ് മഹാമാരി കുട്ടികളുടെ ആശയവിനിമയ ശേഷിയെയും ചലനസംബന്ധമായ കഴിവുകളെയും ബാധിച്ചേക്കുമെന്ന് പഠനം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മാതാപിതാക്കൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെയാണ് പഠനം നടത്തിയത്.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ കോവിഡ് (Covid 19) മഹാമാരി ബാധിച്ചെങ്കിലും ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണ് (Kids). മഹാമാരി (Pandemic) കുട്ടികളുടെ കളിയ്ക്കാനുള്ള സമയത്തെയും സാമൂഹിക ഇടപെടലുകളെയും കവർന്നെടുക്കുക മാത്രമല്ല അവരുടെ മോട്ടോർ, ആശയവിനിമയ കഴിവുകളെയും ബാധിച്ചിട്ടുണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ളതായി നേച്ചർ റിപ്പോർട്ട് വ്യക്തമാക്കുന്നു. ന്യൂയോർക്ക്-പ്രെസ്ബിറ്റേറിയൻ മോർഗൻ സ്റ്റാൻലി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഒരു സംഘം ഗവേഷകരും കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ചേർന്ന് മഹാമാരിയ്ക്ക് മുമ്പും മഹാമാരി സമയത്തും ജനിച്ച കുഞ്ഞുങ്ങൾ തമ്മിലുള്ള നാഡീ-വികസന വ്യത്യാസങ്ങൾ വിശകലനം ചെയ്തു.
മഹാമാരി സമയത്ത് ജനിച്ച ശിശുക്കൾക്ക് മഹാമാരിയ്ക്ക് മുമ്പ് ജനിച്ച കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മോട്ടോർ, ഫൈൻ മോട്ടോർ, ആശയവിനിമയ കഴിവുകൾ എന്നിവയുടെ ശരാശരി സ്കോർ കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രണ്ട് വിഭാഗങ്ങളിലും പെടുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രത്യേക ചോദ്യാവലി നൽകി വിലയിരുത്തിയാണ് ഗവേഷണ ഫലത്തിൽ എത്തിച്ചേർന്നത്.
മാതാപിതാക്കൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെയാണ് പഠനം നടത്തിയത്. എന്നാൽ മഹാമാരിയുടെ പരിതസ്ഥിതി കണക്കിലെടുത്താണ് പഠനം നടത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
advertisement
മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണുകൾ നിരവധി കുടുംബങ്ങളെ ഒറ്റപ്പെടുത്തി. ഇത് കുട്ടികളുടെ കളിയ്ക്കുന്നതിനുള്ള സമയവും സാമൂഹിക ഇടപെടലുകളും കുറയാൻ കാരണമായി. ബ്രൗൺ യൂണിവേഴ്‌സിറ്റിയുടെ അഡ്വാൻസ്ഡ് ബേബി ഇമേജിംഗ് ലാബിലെ ഗവേഷകർ നടത്തിയ മറ്റൊരു പഠനത്തിൽ, മഹാമാരിയുടെ സമയത്ത് കുഞ്ഞുങ്ങളുടെ മോട്ടോർ, ദൃശ്യ, ഭാഷാ കഴിവുകൾ കുറഞ്ഞതായും കണ്ടെത്തി.
മഹാമാരി സമയത്ത് ജനിച്ച കുഞ്ഞുങ്ങൾ, ഐക്യു ടെസ്റ്റുകൾ പോലുള്ള കുട്ടികളുടെ ബൗദ്ധിക വികാസം അളക്കുന്ന ഒരു കൂട്ടം ടെസ്റ്റുകളിൽ മഹാമാരിയ്ക്ക് മുമ്പ് ജനിച്ച കുട്ടികളേക്കാൾ രണ്ട് സ്റ്റാൻഡേർഡ് പുറകിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങളിലാണ് ഇത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നതെന്നും പെൺകുട്ടികളേക്കാൾ ആൺകുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നും ഗവേഷണ സംഘം കണ്ടെത്തി.
advertisement
മഹാമാരി എത്രകാലം തുടരുന്നുവോ അത്രയധികം കുട്ടികളുടെ കുറവുകൾ വർദ്ധിച്ചു വരുമെന്നും മെഡിക്കൽ ബയോഫിസിസ്റ്റായ സീൻ ഡിയോണി പറഞ്ഞു.
SARS-CoV-2 ബാധിച്ച കുട്ടികൾ പൊതുവെ സുഖം പ്രാപിച്ചിട്ടുണ്ടെങ്കിലും, ഗർഭകാലത്തെ അമ്മമാരുടെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ചില കുട്ടികളിൽ മസ്തിഷ്ക വികാസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ചില പ്രാഥമിക ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
മഹാമാരി സമയത്ത് കാനഡയിലെ കാൽഗറി സർവകലാശാലയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ 8,000 ഗർഭിണികളിൽ സർവേ നടത്തിയിരുന്നു. പ്രീപ്രിന്റ് പോസ്റ്റ് ചെയ്ത ഈ പഠനം വ്യക്തമാക്കുന്നത് കൂടുതൽ ഉത്കണ്ഠ അല്ലെങ്കിൽ വിഷാദ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത ആളുകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പല വൈകാരിക പ്രശ്നങ്ങളും ഉണ്ടെന്നാണ്.
advertisement
എന്നാൽ, ഇത്തരത്തിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അവയെ തരണം ചെയ്ത് മുന്നേറാൻ കഴിയുമെന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.
Location :
First Published :
January 16, 2022 12:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid-19 | കോവിഡ് മഹാമാരി കുട്ടികളുടെ ആശയവിനിമയ ശേഷിയെയും ചലനസംബന്ധമായ കഴിവുകളെയും ബാധിച്ചേക്കുമെന്ന് പഠനം