വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ശമ്പളം ഇല്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഫിറോസാബാദ് ജില്ലാഭരണകൂടം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ ട്രഷറി ഉദ്യോഗസ്ഥര്‍ക്കും മറ്റ് വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയതായി ചീഫ് ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു
ഫിറോസാബാദ്: വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിറോസാബാദ് ജില്ലാ ഭരണകൂടം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് വാക്കാലുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി ചീഫ് ഡവലപ്‌മെന്റ് ഓഫീസര്‍ ചാര്‍ചിത് ഗൗര്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ സ്വീകരിക്കാതിരുന്നാല്‍ അവര്‍ക്കെതിരെ നടപടി എടുക്കാനും ശമ്പളം നല്‍കരുതെന്നുമാണ് നിര്‍ദേശം. ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ ട്രഷറി ഉദ്യോഗസ്ഥര്‍ക്കും മറ്റ് വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയതായി ചീഫ് ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ 10 ദശലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു .
'മിഷന്‍ ജൂണ്‍' എന്ന പദ്ധതി പ്രകാരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വാക്‌സിന്‍ എത്തിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. ജൂണ്‍ 15 മുല്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
advertisement
അതേമസമയം കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന രാജ്യത്ത് ആശ്വാസമേകി പ്രതിദിന കേസുകള്‍ കുറയുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മെയ് മാസത്തില്‍ ദിനംതോറും നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്‍പത്തിനാല് ദിവസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,83,07,832 ആയി. ഇതില്‍ 2,61,79,085 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 17,93,645 സജീവ കേസുകളാണുള്ളത്.
advertisement
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ ഉയര്‍ന്നു നില്‍ക്കുന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,35,102 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
അതേസമയം കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഇതുവരെ കുറഞ്ഞത് 594 ഡോക്ടര്‍മാരെങ്കിലും മരിച്ചെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത് ഡല്‍ഹിയിലാണ്. 107 പേര്‍ ഡല്‍ഹിയില്‍ മാത്രം മരിച്ചു.
advertisement
ഡല്‍ഹിക്ക് പുറമേ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവഹാനിയുണ്ടായത്. രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 45 ശതമാനവും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഐഎംഎ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ബിഹാറിലാണ്. 96 ഡോക്ടര്‍മാര്‍ രണ്ടാം തരംഗത്തില്‍ ബിഹാറില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 67. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതല്‍ 1,300 ഓളം ഡോക്ടര്‍മാരാണ് ഡ്യൂട്ടിക്കിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
Location :
First Published :
June 02, 2021 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ശമ്പളം ഇല്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഫിറോസാബാദ് ജില്ലാഭരണകൂടം


