ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന് സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മേധാവി ജനറല്‍ ബിപിന്‍ റാവത്തുമായി കൂടിക്കാഴ്ച നടത്തി. കോവിഡിനെ നേരിടാന്‍ സായുധ സേന നടത്തുന്ന ഒരുക്കങ്ങളും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിരമിച്ച സായുധ സേനയിലെ മെഡിക്കല്‍ ഓഫീസര്‍മാരെ തിരിച്ചുവിളിക്കുകയാണെന്ന് ജനറല്‍ ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചു.
മെഡിക്കല്‍ ഉദ്യോഗസ്ഥരെ കമാന്‍ഡ് എച്ച്ക്യു, കോര്‍പ്സ് എച്ച്ക്യു, ഡിവിഷന് എച്ച്ക്യു, നേവി, എയര്‍ഫോഴ്സ് ആസ്ഥാനങ്ങിലേക്കും വിന്യസിക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് സായുധ സേനയ്ക്ക് ലഭ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികള്‍ക്കായി വിട്ടുക്കൊടുക്കുമെന്ന് റാവത്ത് അറിയിച്ചു. സാധ്യമായ സ്ഥാലങ്ങളില്‍ എല്ലാം സൈനിക മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും വിദേശത്തു നിന്നും ഓക്സിജനും മറ്റ് ആവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേന നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്തു. അതേസമയം രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ചവരുടെ എണ്ണം 2,812 ആയി. രാജ്യത്തെ ആശുപത്രികള്‍ കോവിഡ് രോഗികളാല്‍ നിറയുന്ന കാഴ്ച്ചയാണ് കാണുന്നത്.
ഇതിനകം പല ആശുപത്രികളും ഓക്സിജന്റെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,812 രോഗികള്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,95, 123 ആയി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
832 പേരാണ് ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്. ഡല്‍ഹിയില്‍ 350 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ മൊത്തം പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയും കേരളവും ഉള്‍പ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 18.75 ശതമാനമാണ് പുതിയ കോവിഡ് രോഗികള്‍.
അതേസമയം കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകയില്‍ 14 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണ്‍ സമയത്ത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ രാവിലെ ആറു മുതല്‍ പത്തുവരെ തുറക്കാന്‍ അനുവദിക്കൂ.
കോവിഡ് കേസുകള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ദ്ധിക്കുന്നുവെന്ന് മന്ത്രി എം ടി ബി നാഗരാജ് പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. 'സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്ക് ഞങ്ങള്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൊതുജനത്തിന്റെ ജീവന് രക്ഷിക്കേണ്ടത് പ്രധാനമാണ്'മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.