വാക്സിനേഷനിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; മാർഗരേഖ പുതുക്കി ഉത്തരവിറങ്ങി

കോവിഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6- 8 ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4- 6 ആഴ്ച കഴിഞ്ഞവർക്കുമാകും മുൻഗണന.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: കോവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാ‍ർ ഉത്തരവിറങ്ങി. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകിയുള്ളതാണ് പുതിയ മാർഗരേഖ. ആദ്യ ഡോസ് എടുത്ത് കാലാവധി പൂർത്തിയായവരുടെ പട്ടിക തയാറാക്കി ഇവർക്ക് ആദ്യം വാക്സിൻ നൽകണമെന്ന് മാർഗരേഖയിൽ പറയുന്നു.

  കോവിഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6- 8 ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4- 6 ആഴ്ച കഴിഞ്ഞവർക്കുമാകും മുൻഗണന. സ്പോട് അലോട്മെന്റ് വഴിയാകും വാക്സിൻ നൽകുക. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാർഗരേഖ വ്യക്തമാക്കുന്നു. ഇവർക്ക് വാക്സിനേഷൻ നൽകിയ ശേഷമാകും ഓൺലൈൻ ബുക്ക് ചെയ്യാൻ സ്ലോട്ട് നൽകുകയുള്ളൂ.

  Also Read- നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

  ഇതിനിടെ, കോവിഡ് ചികിത്സയ്ക്കായി 20 സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാന്‍ ആരോഗ്യ സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സിൽ തീരുമാനിച്ചു. ഇതിനായി സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്നു ചേരും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

  കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആളുകള്‍ കൂട്ടം കൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണം. കോവിഡ് വാക്സിന്‍ എടുത്തശേഷവും രോഗം ബാധിക്കുന്നവര്‍ അപകടാവസ്ഥയിലേക്ക് പോകാന്‍ സാധ്യത കുറവായതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തിലിരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  ഓക്സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ മറ്റു ആരോഗ്യ പ്രശ്നമില്ലെങ്കില്‍ കോവിഡ് പോസിറ്റീവായി എന്നുള്ളതു കൊണ്ട് മാത്രം ആശുപത്രിയില്‍ പ്രവേശിക്കേണ്ടതില്ല. വിദഗ്ധ സമിതി ഇതു സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കും. സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജന്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓക്സിജന്റെ നീക്കം സുഗമമമാക്കാന്‍ എല്ലാ തലത്തിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്സിജന്‍ ലഭിക്കാറുളളത്. ഇപ്പോള്‍ അതിന് ചില തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കര്‍ണാടക ചീഫ് സെക്രട്ടറിമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും.

  Also Read- മൂന്നു മണിക്കൂറിനുള്ളില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത് 80 ലക്ഷത്തിലധികം പേര്‍

  ഓക്സിജന്‍ പോലുളള ഒന്നിന്റെ കാര്യത്തില്‍ സാധാരണ ലഭ്യമാകുന്നത് തടസ്സപ്പെടുന്നത് ശരിയായ രീതിയല്ല. കേരളം പാലക്കാട് നിന്ന് കര്‍ണാടകയിലേക്ക് ഓക്സിജന്‍ അയക്കുന്നുണ്ട്. അക്കാര്യത്തില്‍ തടസ്സമുണ്ടായിട്ടില്ല. അക്കാര്യം കര്‍ണാടകയുടെ ശ്രദ്ധയില്‍ പ്പെടുത്തും. അതോടൊപ്പം കാസര്‍കോട് അടക്കം ഓക്സിജന്‍ ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഓക്സിജന്റെ പ്രശ്നങ്ങള്‍ പ്രത്യേകമായി തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്.- മുഖ്യമന്ത്രി അറിയിച്ചു.

  സ്ഥാനത്ത് ബുധനാഴ്ച 35,013 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളിളെ രോഗബാധിതരുടെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്.
  Published by:Rajesh V
  First published:
  )}