• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

v v prakash

v v prakash

  • Last Updated :
  • Share this:
മലപ്പുറം: നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 55 വയസായിരുന്നു.  ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍നിന്ന് എടക്കരയില്‍ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വി വി പ്രകാശിൻ്റെ സംസ്കാരം വൈകിട്ട് അഞ്ചുമണിയോടെ പാലുണ്ട ഹൈന്ദവ ശ്മശാനത്തിൽ നടന്നു.

നിലമ്പൂരില്‍ നഷ്ടപ്പെട്ട സീറ്റ് വി വി പ്രകാശിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തെഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം. ഭാര്യ: സ്മിത, മക്കള്‍ വിദ്യാര്‍ത്ഥികളായ നന്ദന ( പ്ലസ് ടു ),നിള ( നാലാം ക്ലാസ് ).

കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍- സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലായിരുന്നു വി വി പ്രകാശ് ജനിച്ചത്. എടക്കര ഗവൺമെന്‍റ് ഹൈസ്കൂളിലും ചുങ്കത്തറ എം പി എം ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം. മമ്പാട് എം ഇ എസ് കോളേജിലും മഞ്ചേരി എൻ എസ്എ സ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

Also Read- Covid 19 | പ്രസവത്തിനുശേഷം വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു

ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെ എസ് യു  പ്രവര്‍ത്തകനായ വി വി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെ സി വേണുഗോപാല്‍ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെ പി സി സി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്റായി നിയമിതനായി.

Also Read- Covid 19 | കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കും

സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ എസ് ആര്‍ ടി സി ഡയറക്ടര്‍, എഫ് സി ഐ അഡ്വൈസറി ബോര്‍ഡ് അംഗം, ഫിലിം സെൻസര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

Also Read- വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഭീഷണി നേരിടുന്നു; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം

'നഷ്ടമായത് സ്നേഹസമ്പന്നനായ സഹോദരനെ': രമേശ് ചെന്നിത്തല

മലപ്പുറം ഡിസിസി പ്രസിഡന്റും, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി വി പ്രകാശിന്റെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഃഖകരമാണ്. ഒരു സഹപ്രവർത്തകൻ എന്നതിനേക്കാൾ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ്‌ ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Published by:Rajesh V
First published: