ഇന്റർഫേസ് /വാർത്ത /Corona / Covid 19 | 'സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം'; മുഖ്യമന്ത്രി

Covid 19 | 'സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം'; മുഖ്യമന്ത്രി

പിണറായി വിജയൻ

പിണറായി വിജയൻ

കോവിഡ് രോഗബാധിതരില്‍ 40 ശതമാനം അതിതീവ്ര രോഗവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതക മാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സംസ്ഥാനത്ത് വ്യാപിച്ചു കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് രോഗബാധിതരില്‍ 40 ശതമാനം അതിതീവ്ര രോഗവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിവേഗം പടരുന്ന ബ്രിട്ടീഷ് വകഭേദവും മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതലായി കണ്ടെത്തിയത് വടക്കന്‍ ജില്ലകളിലാണ്.

Also Read-Covid 19 | സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കും

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ കോവിഡ് കേസുകളില്‍ വന്‍വര്‍ധനവുണ്ടാകുമെന്നും അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 40 ശതമാനം പേരില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള വൈറസില്‍ 30 ശതമാനം യുകെ വകഭേദവും ഏഴു ശതമാനം പേരില്‍ ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദവും രണ്ടു ശതമാനം പേരില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദവുമാണ് കണ്ടെത്തിയിരിക്കുന്നത്.

ഏപ്രില്‍ ആദ്യവാരത്തില്‍ വ്യാപിച്ച വൈറസിന്റെ സാന്നിധ്യം ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുണ്ടാകാം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനം പ്രതിരോധിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ശക്തമായ രോഗവ്യാപനം മുന്‍കൂട്ടി കാണേണ്ടതുണ്ടെന്നും ശക്തമായ പ്രതിരോധവും ജാഗ്രതയുമാണ് മുന്‍പിലുള്ള വഴിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസ്‌കിനു മുകളില്‍ മറ്റൊരു മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടക്കുന്നതായം അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 806, കൊല്ലം 295, പത്തനംതിട്ട 414, ആലപ്പുഴ 688, കോട്ടയം 286, ഇടുക്കി 350, എറണാകുളം 801, തൃശൂര്‍ 861, പാലക്കാട് 320, മലപ്പുറം 825, കോഴിക്കോട് 1074, വയനാട് 117, കണ്ണൂര്‍ 683, കാസര്‍ഗോഡ് 423 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,32,812 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,89,267 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,77,778 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,418 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3731 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

First published:

Tags: Cm pinarayi vijyan, Covid 19, Covid 19 Second Wave, Covid in Kerala