കോവിഡ് 19 എംആര്‍എന്‍എ വാക്‌സിൻ (mRNA vaccine) എടുത്ത ശേഷം യുവാക്കളില്‍ ഹൃദ്രോഗ സാധ്യത (heart diseases) കൂടുതലെന്ന് കണ്ടെത്തല്‍. വാക്‌സിന്റെ രണ്ടാം ഡോസിന് (second dose) ശേഷം 18നും 25നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലാണ് ഹൃദ്രോഗ സാധ്യത ഏറ്റവും കൂടുതലുള്ളതെന്നാണ് പഠന റിപ്പോർട്ട്. യുഎസ് എഫ്ഡിഎയുടെ (US FDA) പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാല്‍, ഇത് വളരെ അപൂര്‍വ്വമാണെന്നും പഠനത്തില്‍ പറയുന്നുണ്ട്.
മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, എംആര്‍എന്‍എ വാക്‌സിനേഷനു ശേഷം മയോകാര്‍ഡിറ്റിസ് (myocarditis) അല്ലെങ്കില്‍ പെരികാര്‍ഡിറ്റിസ് (pericarditis) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൃദയപേശികളുടെ വീക്കം ആണ് മയോകാര്‍ഡിറ്റിസ്. ഹൃദയത്തിന്റെ പുറം പാളിക്കുണ്ടാകുന്ന വീക്കം ആണ് പെരികാര്‍ഡിറ്റിസ്.
''mRNA -1273 (മോഡേണ വാക്‌സിന്‍), BNT162b2 (ഫൈസര്‍ ബയോടെക് വാക്‌സിന്‍) എന്നീ വാക്‌സിനേഷനുകള്‍ക്ക് ശേഷം മയോകാര്‍ഡിറ്റിസ് അല്ലെങ്കില്‍ പെരികാര്‍ഡിറ്റിസ് ഉണ്ടാകാനുള്ള സാധ്യതയില്‍ കാര്യമായ വ്യത്യാസം പ്രകടിപ്പിക്കുന്നില്ലെന്നും'' പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ്-19 എംആര്‍എന്‍എ വാക്‌സിനേഷനു ശേഷം, യുവാക്കളില്‍ മയോകാര്‍ഡിറ്റിസ്, പെരികാര്‍ഡിറ്റിസ് അല്ലെങ്കില്‍ ഇവ രണ്ടും ഉണ്ടാകാനുള്ള സാധ്യത നിരവധി പഠനങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊഡേണ, ഫൈസര്‍ ബയോടെക് വാക്‌സിനേഷനുകള്‍ക്ക് ശേഷം മയോകാര്‍ഡിറ്റിസോ പെരികാര്‍ഡിറ്റിസോ അല്ലെങ്കില്‍ ഇവ രണ്ടിന്റെയും അപകടസാധ്യത നേരിട്ട് താരതമ്യം ചെയ്യുന്നതിന് ആരോഗ്യ സംരക്ഷണ ഡാറ്റാബേസുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിച്ചത്.
എന്നാൽ, പഠന ഫലങ്ങള്‍ എംആര്‍എന്‍എ വാക്‌സിനേഷനെ പിന്തുണയ്ക്കുന്നുണ്ട്. 18-64 വയസ് പ്രായമുള്ള 15 മില്യണ്‍ ആളുകള്‍ക്കിടയില്‍ ആകെ 411 മയോകാര്‍ഡിറ്റിസ്, പെരികാര്‍ഡിറ്റിസ് കേസുകളും അല്ലെങ്കില്‍ ഇവ രണ്ടും കണ്ടെത്തിയിട്ടുണ്ട്. 18-25 വയസ് പ്രായമുള്ള പുരുഷന്മാരില്‍, ഫൈസറിന്റെ രണ്ടാമത്തെ ഡോസിന് ശേഷമുള്ള രോഗബാധിതരുടെ നിരക്ക് 1.71 ഉം മോഡേണയ്ക്ക് ശേഷം 2.12 ഉം ആണ്.
എംആര്‍എന്‍എ വാക്‌സിനുകളില്‍ മെസഞ്ചര്‍ ആര്‍എന്‍എ (എംആര്‍എന്‍എ) കോഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേക്ക് കടന്ന് ചെന്ന് കൊറോണ വൈറസ് പ്രോട്ടീന്റെ ഒരു പതിപ്പ് ഉണ്ടാക്കും. വാക്‌സിന്‍ എടുത്തതിന് ശേഷം, നിങ്ങളുടെ രോഗപ്രതിരോധ കോശങ്ങള്‍ സ്‌പൈക്ക് പ്രോട്ടീന്റെ അംശങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുകയും അതോടെ നിങ്ങളുടെ ശരീരം ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് പിന്നീട് കൊവിഡ് 19 ( Covid - 19) വൈറസ് ബാധിക്കുകയാണെങ്കില്‍ ഈ ആന്റിബോഡികള്‍ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കും. നിലവില്‍ യുഎസും യുകെയും അഞ്ച് വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ക്ക് ഫൈസറിന്റെ എംആര്‍എന്‍എ വാക്‌സിന്‍ നല്‍കുന്നുണ്ട്.
മോഡേണയുടെ രണ്ട് ഡോസ് കോവിഡ് -19 വാക്‌സിന്‍ ഫൈസറിനേക്കാള്‍ ഹൃദയ വീക്കം ഉണ്ടാക്കാനുള്ള സാധ്യത കാണിക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് കമ്പനികളുടെയും ഡോസുകളുടെ പ്രയോജനങ്ങള്‍ അപകടസാധ്യതകളേക്കാള്‍ കൂടുതലാണെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പാനല്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.