കഴിഞ്ഞ 48 ദിവസത്തിനുള്ളിൽ സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും മരണമടഞ്ഞ കോവിഡ് (COVID-19) രോഗികളിൽ വലിയൊരു വിഭാഗവും വാക്സിനേഷൻ എടുക്കാത്തവരാണെന്ന് മഹാരാഷ്ട്രയിലെ മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ഡ്രഗ് ഡിപ്പാർട്ട്മെന്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മരണങ്ങളിൽ 68 ശതമാനത്തിലേറെയും വാക്സിൻ എടുക്കാത്തവരാണെന്നും ബാക്കിയുള്ള 32 ശതമാനത്തിൽ പൂർണ്ണമായോ ഭാഗികമായോ വാക്സിനേഷൻ എടുത്തവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡിസംബർ 1 മുതൽ ജനുവരി 17 വരെ സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും രേഖപ്പെടുത്തിയ 151 കോവിഡ് മരണങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കി. 151 രോഗികളിൽ 102 പേർക്കും കോവിഡ് വാക്‌സിൻ ലഭിച്ചിട്ടില്ലെന്നും 49 പേർക്ക് ഒരു ഡോസോ രണ്ടോ ഡോസുകളോ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
രോഗലക്ഷണങ്ങൾ വഷളായതിനുശേഷം വൈകിയാണ് ചില രോഗികൾ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഡിസംബർ 1 മുതൽ ജനുവരി 17 വരെ മഹാരാഷ്ട്രയിൽ സ്വകാര്യ, സർക്കാർ ആശുപത്രികളിലായി ആകെ 807 കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതിരോധ കുത്തിവയ്പ് എടുക്കാതെ തുടരുന്നത് നല്ലതല്ലെന്നാണ് ഈ ഡാറ്റ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ.സഞ്ജയ് ഓക്ക് പറഞ്ഞു.
“നിയമപരമായി, ഞങ്ങൾക്ക് വാക്സിനേഷൻ നിർബന്ധമാക്കാൻ കഴിയില്ല. അതിനാൽ, വാക്സിൻ എടുക്കാൻ ആളുകളെ ബോധവത്ക്കരിക്കുക എന്നതാണ് ഒരേയൊരു മാർഗം. വാക്സിനേഷൻ സ്വീകരിച്ചാലും നിങ്ങൾക്ക് ചിലപ്പോൾ അണുബാധയുണ്ടാകാം, എന്നാൽ നിങ്ങൾ വാക്സിനേഷൻ എടുക്കാതെ തുടരുകയാണെങ്കിൽ, നിങ്ങൾക്ക് കൊവിഡ് ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും സങ്കീർണതകൾ വർദ്ധിക്കുമെന്നും ”ഡോ സഞ്ജയ് പറഞ്ഞു.
യുഎസിലെ കോവിഡ് മരണങ്ങളുടെ വലിയൊരു ഭാഗവും വാക്സിൻ എടുക്കാത്തവരിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മഹാരാഷ്ട്രയിൽ 31,111 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 10,216 കേസുകൾ കുറവാണിത്. കൂടാതെ 24 പുതിയ കോവിഡ് മരണങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 72,42,921 ആയി ഉയർന്നു. മരണസംഖ്യ 1,41,832 ആയും ഉയർന്നു.
Also Read-Covid-19 | കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് വീണ്ടും അണുബാധയുണ്ടായേക്കാം: ICMR വിദഗ്ധൻ
കൂടാതെ, സംസ്ഥാനത്ത് 122 പുതിയ ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 1,860 ആയി ഉയർന്നതായും വകുപ്പ് അറിയിച്ചു.
Also Read-Omicron | ജനുവരി അവസാനത്തോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയേക്കും: SBI റിപ്പോര്‍ട്ട്
കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് കേരള ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വാര്‍ഡുതല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.