കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം; 30 ദിവസത്തിനകം നൽകണമെന്ന് സുപ്രീംകോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
കുടുംബാംഗങ്ങൾക്ക് അപേക്ഷ നൽകി 30 ദിവസത്തിനകം 50000 രൂപ നൽകണം.
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 30 ദിവസത്തിനകം നഷ്ടപരിഹാരം നൽകാണമെന്ന് സുപ്രീം കോടതി ഉത്തരവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാർഗ്ഗരേഖ പ്രകാരം മരണ കാരണം കോവിഡ് എന്നു രേഖപെടുത്തിയവരുടെ കുടുംബാംഗങ്ങൾക്ക് അപേക്ഷ നൽകി 30 ദിവസത്തിനകം 50000 രൂപ നൽകണം.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങൾ നഷ്ടപരിഹാര തുക നൽകണം. ആനുകൂല്യം ലഭിച്ചവരുടെ പട്ടിക അച്ചടി മാധ്യമത്തിൽ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. മഹാമാരിയിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് ബൻസൽ സമർപ്പിച്ച പൊതുതാൽപര്യഹർജിയിൽ നേരത്തെ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. നഷ്ടപരിഹാര തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്.
advertisement
കുടുംബങ്ങൾക്ക് ജില്ലാ ഭരണക്കൂടം മുഖേനയായിരിക്കും തുക നൽകുക. അഡിഷണൽ ജില്ലാ കളക്ടർ അടങ്ങുന്ന സമിതിയായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ച പരാതികൾ തീർപ്പാക്കുകയെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ സുപ്രീംകോടതി അംഗീകരിച്ചു.
കൊവിഡ് ചികിത്സയിലിരിക്കേ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും നഷ്ടപരിഹാരം ലഭിക്കും. മരണപ്പെട്ട മുന്നണി പോരാളികളുടെ ബന്ധുക്കൾക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച ധനസഹായം ഈ നഷ്ടപരിഹാര തുകയ്ക്ക് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
advertisement
നഷ്ടപരിഹാര വിതരണത്തിന് മുന്നോടിയായി കോവിഡ് മരണം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കിയിരുന്നു. മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി ഒക്ടോബർ 10 മുതൽ ഓൺലൈൻ ആയി അപേക്ഷ നല്കണം. ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടാത്ത മരണങ്ങൾ പ്രത്യേകമായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി അപേക്ഷ നല്കാൻ ഇ-ഹെൽത്ത് പ്രത്യേക സംവിധാനം തയാറാക്കും.
ആരോഗ്യ- തദ്ദേശ വകുപ്പുകൾ നല്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശ്രിതർ അപേക്ഷ സമർപ്പിക്കണം. അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ്, ഡിഎംഒ, ഡിസ്ട്രിക് സർവൈലൻസ് ടീം- മെഡിക്കൽ ഓഫീസർ, മെഡിക്കൽ കൊളോജിലെ മെഡിസിൻ തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിവർ അംഗങ്ങളായാകും സമിതി. പുതിയ കേന്ദ്ര മാനദണ്ഡ പ്രകാരം കമ്മിറ്റി കോവിഡ് മരണം തീരുമാനിക്കും.
advertisement
കോവിഡ് വന്ന് 30 ദിവസത്തിനകത്തുള്ള മരണങ്ങൾ കോവിഡ് മരണമായി കണക്കാക്കും. അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമെടുക്കും. ഇതിനു മുന്നോടിയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കും. ആദ്യ തരംഗ സമയത്തുൾപ്പെടെയുള്ള മരണങ്ങൾ പ്രത്യേക പട്ടികയായി രേഖപ്പെടുത്തും. നഷ്ടപരിഹാര തുക വിതരണത്തിന് ദുരന്ത നിവാരണ വകുപ്പ് പ്രത്യേക മാനദണ്ഡം നിശ്ചയിക്കും. ഇതുവരെ ഔദ്യോഗിക മരണസംഖ്യ കാൽ ലക്ഷമാണ്. പുതുതായി പതിനായിരത്തോളം മരണങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടി വരുമെന്നാണ് കരുതുന്നത്.
പുതുക്കിയ കേന്ദ്ര മാനദണ്ഡം കൂടി ബാധകമാകുമ്പോൾ ഔദ്യോഗിക മരണസംഖ്യ 35000 ത്തോളമാകും. 50000 രൂപ വീതമാണ് നഷ്ടപരിഹാരം. ഔദ്യോഗിക കണക്ക് മാത്രമെടുത്താൽ തന്നെ 125 കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്കാൻ ആവശ്യമായി വരും. പരമാവധി പേർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചത്.
Location :
First Published :
October 04, 2021 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം; 30 ദിവസത്തിനകം നൽകണമെന്ന് സുപ്രീംകോടതി


